Sorry, you need to enable JavaScript to visit this website.

കട്ടിംഗ് പ്ലൈര്‍ കൊണ്ട് ജനനേന്ദ്രിയം പിടിച്ചുവലിച്ചു; വിദേശിയായ ഇടയ ബാലന് ഗുരുതര പരിക്ക്

റിയാദ് - ഇടയനായി ജോലി ചെയ്തുവന്ന വിദേശ ബാലന് ക്രൂരമർദനമേറ്റ സംഭവത്തിൽ മൂന്നു പേർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നു. ഗുരുതരമായ പരിക്കുകളോടെ പന്ത്രണ്ടുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി അധികൃതർ സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. പ്രദേശവാസികളിൽ ഒരാൾക്കു കീഴിൽ ഒട്ടകങ്ങളെ മേയ്ക്കുന്ന ഇടയനായാണ് താൻ ജോലി ചെയ്യുന്നതെന്ന് അന്വേഷണോദ്യോഗസ്ഥർക്കു മുന്നിൽ ബാലൻ വെളിപ്പെടുത്തി. ബാലന്റെ വൃക്കകൾ പ്രവർത്തനരഹിതമായതായും വാരിയെല്ലുകൾ ഒടിഞ്ഞതായും മെഡിക്കൽ റിപ്പോർട്ട് പറഞ്ഞു. കട്ടിംഗ് പ്ലൈര്‍ ഉപയോഗിച്ച് പിടിച്ചുവലിച്ചതിനാൽ ജനനേന്ദ്രിയം അടക്കമുള്ള ശരീര ഭാഗങ്ങളിൽ മാരകമായ മുറിവുകളേറ്റതായും മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു


ഇടയനായി ജോലി ചെയ്യുന്ന സ്വന്തം നാട്ടുകാരനാണ് തന്നെ മർദിച്ചത്. പ്രതി എപ്പോഴും തന്നെ മർദിക്കാറുണ്ട്. ഇത്തവണ ഇലക്ട്രിക് കേബിളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ശിരസ്സിനും മുതുകിനും വയറിനും അടിക്കുകയും തൊഴിക്കുകയും ശരീരത്തിലെ മാംസ ഭാഗങ്ങൾ കട്ടിംഗ് പ്ലൈര്‍ ഉപയോഗിച്ച് വലിച്ച് പൊട്ടിക്കുകയുമായിരുന്നു. മുതുകിൽ പ്രതി കടിച്ചുമുറിവേൽപിച്ചിട്ടുമുണ്ട്. ദിവസേന അഞ്ചു മണിക്കൂർ വരെ കയർ ഉപയോഗിച്ച് കെട്ടിയിടുകയും ദീർഘനേരം ഭക്ഷണവും വെള്ളവും വിലക്കുകയും ചെയ്തിരുന്നു. ശരിയാംവിധം ജോലി നിർവഹിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് പ്രതി തന്നെ ക്രൂരമായി മർദിച്ചിരുന്നതെന്നും ബാലൻ പറഞ്ഞു.

. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യ പ്രതിയായ 23 കാരൻ ചെറിയ ചുറ്റിക ഉപയോഗിച്ച് ബാലനെ മർദിച്ചതായി തുടക്കത്തിൽ കുറ്റസമ്മതം നടത്തി. വിശദമായ ചോദ്യം ചെയ്യലിൽ ബാലന്റെ അമ്മാവനാണ് സ്വദേശിക്കു കീഴിൽ ഇടയനായി ജോലി ചെയ്യുന്നതിന് ബാലനെ മക്കയിൽ നിന്ന് റിയാദിൽ എത്തിച്ചതെന്ന് വ്യക്തമായി. 


കൊലപാതക ശ്രമം, പീഡനം, ഭക്ഷണ പാനീയങ്ങൾ വിലക്കൽ, മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ ആരോപണങ്ങൾ പ്രതിക്കെതിരെ ഉന്നയിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചിട്ടുണ്ട്. ബാലന്റെ അമ്മാവനും ഒട്ടകങ്ങളുടെ ഉടമയായ സ്വദേശിക്കുമെതിരെ മനുഷ്യക്കടത്ത് കുറ്റം ചുമത്തുന്നതിനും തീരുമാനമുണ്ട്. മനുഷ്യക്കടത്ത് വിരുദ്ധ നിയമം അനുസരിച്ച ശിക്ഷകൾ ഇരുവർക്കും വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. ബാലന് സാമൂഹിക, മാനസിക, ആരോഗ്യ പരിചരണങ്ങളും മറ്റു ആവശ്യമായ സഹായങ്ങളും ലഭ്യമാക്കുകയും ചെയ്യും. 

Latest News