Sorry, you need to enable JavaScript to visit this website.

തൊട്ടപ്പന്റെ വളർത്തു മകൾ

കിസ്മത്തിനു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി ഒരുക്കുന്ന തൊട്ടപ്പൻ എന്ന ചിത്രത്തിൽ തൊട്ടപ്പന്റെ വളർത്തു മകളായ സാറയായി മലയാള സിനിമയിലേയ്ക്കു ഒരു പുതുമുഖം കൂടി കടന്നുവരികയാണ്. നർത്തകിയും ചെന്നൈ എസ്.ആർ.എം കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ അവസാനവർഷ വിദ്യാർത്ഥിയുമായ പ്രിയംവദ കൃഷ്ണൻ. കൊൽക്കത്ത സ്വദേശിയും പ്രശസ്ത നർത്തകിയുമായ പല്ലവി കൃഷ്ണന്റെയും ബാങ്കുദ്യോഗസ്ഥനായിരുന്ന കെ.കെ. ഗോപാലകൃഷ്ണന്റെയും ഏകമകൾ.
ഫ്രാൻസിസ് നെറോണയുടെ തൊട്ടപ്പൻ എന്ന കഥയെ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രത്തിൽ തൊട്ടപ്പനായി എത്തുന്നത് വിനായകനാണ്. കള്ളനായ ഇത്താക്കും ജോനപ്പനും ആത്മാർത്ഥ സുഹൃത്തുക്കൾ. എന്നാൽ മകളുടെ മാമോദീസ ദിവസം ജോനപ്പനെ കാണാനില്ല. ജോനപ്പന്റെ ഭാര്യ മേരിയുമില്ല. അങ്ങനെയാണ് ജോനപ്പന്റെ മകളായ സാറയെ ഇത്താക്ക് എടുത്തു വളർത്തുന്നത്. സുഹൃത്തിന്റെ മകളെ സ്വന്തം മകളായി വളർത്തുകയാണ്. ഇത്താക്കായ തൊട്ടപ്പനായി വിനായകനും വളർത്തുമകളായ സാറയായി പ്രിയംവദയും മികച്ച പ്രകടനമാണ് കാഴ്ചെവച്ചിരിക്കുന്നത്. റോഷൻ മാത്യു അവതരിപ്പിക്കുന്ന ഇസ്മായിലിന്റെ പ്രണയിനി കൂടിയാണ് സാറ.
ആദ്യമായി സിനിമയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഈ തൃശൂരുകാരി. പൂങ്കുന്നത്തെ വീട്ടിലിരുന്ന് സിനിമാവിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്.

തൊട്ടപ്പനിലേയ്ക്കുള്ള വഴി?
സിനിമയിൽ അഭിനയിക്കുക എന്നത് കുട്ടിക്കാലം തൊട്ടേയുള്ള മോഹമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തൃശൂർ രംഗചേതനയുടെ സമ്മർ ക്യാമ്പിൽ പങ്കെടുത്ത് ഒന്നുരണ്ടു നാടകങ്ങളിൽ അഭിനയിച്ചതു മാത്രമാണ് അഭിനയ പരിചയം. അമ്മ പല്ലവി കൃഷ്ണൻ മോഹിനിയാട്ടം നർത്തകിയാണ്. നൃത്തപഠനത്തിനായി കേരളത്തിലെത്തിയ അവർ പിന്നീട് ഇവിടെ സ്ഥിരതാമസമായി. കുട്ടിക്കാലം തൊട്ടേ അമ്മയുടെ നൃത്തപരിപാടികൾ കണ്ടാണ് വളർന്നത്. പിന്നീട് ഞാനും അമ്മയുടെ നൃത്ത ക്ലാസിൽ പങ്കെടുത്തു തുടങ്ങി. ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. നൃത്തവേദികളിലെ പരിചയം സിനിമയിലും ഏറെ സഹായകമായി.
തൊട്ടപ്പന്റെ കാസ്റ്റിംഗ് കോൾ കണ്ട് അച്ഛനാണ് അപേക്ഷ അയച്ചത്. ഷാനവാസ് സാറിന്റെ ചിത്രമാണെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ കിസ്മത്ത് ഏറെ ആകർഷിച്ചിരുന്നു. പോരാത്തതിന് ആമേൻ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ റഫീഖ് സാറാണ് സ്‌ക്രിപ്‌റ്റെന്നും അറിയാൻ കഴിഞ്ഞു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കൊച്ചിയിൽ ഓഡീഷനെത്തിയത്. നായികയാകണം എന്നാഗ്രഹിച്ചിരുന്നില്ല. എന്തെങ്കിലും ഒരു വേഷം അവതരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ നായികാവേഷം തന്നെ ലഭിച്ചതിൽ ഏറെ സന്തോഷം തോന്നി.

ലൊക്കേഷൻ അനുഭവങ്ങൾ?
സംവിധായകൻ വളരെ ശാന്തനായ മനുഷ്യനായിരുന്നു. ഒരിക്കലും വഴക്കു പറഞ്ഞിട്ടില്ല. വളരെ സമയമെടുത്താണ് അദ്ദേഹം ഓരോ കാര്യങ്ങളും പറഞ്ഞുതന്നത്. ഓരോ ഷോട്ടും വളരെ ശ്രദ്ധയോടെയാണ് ചിത്രീകരിച്ചത്. അഭിനേതാക്കളെ കംഫർട്ട് ചെയ്തതിനു ശേഷമേ അദ്ദേഹം ഓരോ സീനും ചിത്രീകരിക്കൂ. അഭിനയ പരിചയമില്ലാതിരുന്നതും മുതിർന്ന അഭിനേതാക്കളോടൊപ്പം വേഷമിടുന്നതുമെല്ലാം തുടക്കത്തിൽ നല്ല പേടിയുണ്ടായിരുന്നു. തിരക്കഥാകൃത്തായ റഫീഖ് സാറും ഏറെ സഹകരിച്ചു. ലൊക്കേഷനിൽ അദ്ദേഹത്തിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടായിരുന്നു. ചില ദിവസങ്ങളിൽ ചിത്രീകരണം പുലർച്ചെ നാലു മണി വരെ നീണ്ടു. ഡബ്ബിംഗിലും അദ്ദേഹത്തിന്റെ സഹായമുണ്ടായി. കൊച്ചി ഭാഷയിൽ സംസാരിക്കുമ്പോൾ എന്തെങ്കിലും പിശകുണ്ടായാൽ തിരുത്തിത്തരാൻ കൂടെ നിന്നു. ശരിക്കും ഞങ്ങളെല്ലാം ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്.

തൊട്ടപ്പനായ വിനായകനെക്കുറിച്ച്?
വിനായകൻ സാറിനെ സ്‌ക്രീനിൽ മാത്രമേ കണ്ടിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം വ്യത്യസ്തവും റിയലിസ്റ്റിക്കും ആയിരുന്നു. അദ്ദേഹത്തോടൊപ്പം വേഷമിടുക എന്നത് ഒരുപാട് സന്തോഷവും അതോടൊപ്പം ടെൻഷനുമുണ്ടാക്കിയിരുന്നു. ചിത്രീകരണത്തിനു മുമ്പു തന്നെ മറ്റു നടന്മാരെയെല്ലാം പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ വിനായകൻ സാറിനെ ആദ്യമായി കാണുന്നത് ആക്ഷൻ പറഞ്ഞതിനു ശേഷം സീൻ എടുക്കുമ്പോഴാണ്. തൊട്ടപ്പന്റെ വേഷത്തിലാണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം നല്ല സപ്പോർട്ടീവായിരുന്നു. ഒരു സീൻ ഒന്നിലധികം തവണ എടുക്കേണ്ടിവന്നാലും ഒന്നും പറയാതെ കൂടെ നിൽക്കും. അദ്ദേഹത്തിന്റെ അഭിനയം കണ്ടാൽ തന്നെ ആ സീൻ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് മനസ്സിലാകും.

സാറയും പ്രിയംവദയും തമ്മിൽ?
സാറയും പ്രിയംവദയും ബോൾഡാണ്. എന്നാൽ സാറയുടെ അത്രയും ധൈര്യം പ്രിയംവദയ്ക്കുണ്ടോ എന്ന് സംശയം. കൊച്ചിയിലെ ഒരു തുരുത്തിൽ നല്ല ചങ്കൂറ്റത്തോടെ ജീവിക്കുന്ന ഒരു ക്രിസ്ത്യാനി പെൺകുട്ടിയാണ് സാറ. ഒന്നു കിട്ടിയാൽ രണ്ടു തിരിച്ചുകൊടുക്കാനും അവൾക്ക് മടിയില്ല. സാറ എന്നിൽനിന്നും വ്യത്യസ്തയാവുന്നത് അവളുടെ ജീവിത രീതിയാണ്. കൊച്ചിക്കാരുടെ ഭാഷയുടെ ടോൺ മനസ്സിലാക്കാനായി അനിതാന്റിയുടെ വീട്ടിൽ കുറച്ചു ദിവസം താമസിച്ചു. അവിടത്തെ പലരുമായും സംസാരിച്ചു. വഞ്ചി തുഴയാനും മീൻ പിടിക്കാനുമെല്ലാം പഠിച്ചത് അവിടെനിന്നാണ്. സാറയെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. ഇത്രയും നല്ല ഒരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.

നായകനായി വേഷമിട്ട റോഷൻ മാത്യു?
റോഷൻ ചേട്ടനെ ആദ്യമായി കാണുന്നത് ആനന്ദം എന്ന ചിത്രത്തിലാണ്. തൊട്ടപ്പന്റെ ചിത്രീകരണത്തിനു മുമ്പ് നടന്ന ക്യാമ്പിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ആ അടുപ്പം സിനിമയിൽ നന്നായി സഹായിച്ചു. പോസിറ്റീവ് എനർജിയായി കൂടെയുണ്ടായിരുന്നു. ഇസ്മു എന്ന ഇസ്മായിലിനെയാണ് റോഷൻ അവതരിപ്പിക്കുന്നത്.

ആദ്യ ചിത്രത്തിനു ശേഷം ആത്മവിശ്വാസം കൂടിയോ?
ആത്മവിശ്വാസമല്ല, സിനിമ കാണുന്ന രീതിയാണ് മാറിയത്. ഓരോ ഷോട്ടും ഏത് ആംഗിളിൽ നിന്നാണ് എടുത്തത്, എത്ര ടേക്ക് എടുത്തിട്ടുണ്ടാവും എന്നൊക്കെയുള്ള സാങ്കേതിക വശങ്ങളെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നത്. വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയായതിനാൽ ഇതെല്ലാം പഠനത്തിന്റെ കൂടി ഭാഗമാണ്. സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് ഈ വിഷയം തെരഞ്ഞെടുത്തത്. എന്നാൽ അഭിനയവും ഡബ്ബിംഗും അത്ര എളുപ്പമല്ലെന്നും മനസ്സിലായി. എങ്കിലും മനസ്സിനിണങ്ങിയ വേഷങ്ങൾ അവതരിപ്പിക്കണമെന്നാണ് ഇനിയുള്ള ആഗ്രഹം.

സാറയും തൊട്ടപ്പനും എവിടെയെങ്കിലും ഉണ്ടാകുമോ?
സാറയെ പോലുള്ള കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതത്തിലും ഉണ്ടായിരിക്കാം. ബന്ധങ്ങളുടെ ആഴമാണ് പ്രസക്തി. ഇത്തരം ഒരു ബന്ധം എല്ലായിടത്തും കാണാനാവില്ല. ഏതെങ്കിലും തുരുത്തിൽ തൊട്ടപ്പനും സാറയും ഉണ്ടാകാം. 
അച്ഛനും മകളും, അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ രക്തബന്ധമില്ലാത്ത അച്ഛനും മകളും ജീവിതകാലം മുഴുവൻ ആ ബന്ധം നിലനിർത്തുക എന്നത് വളരെ അപൂർവമായ കാര്യമാണ്.

അഭിനയത്തിനപ്പുറം?
സിനിമയ്ക്കു പുറമെ മോഡലിങും ഇഷ്ടമാണ്. ഈ വർഷത്തെ മിസ് റെയ്‌ന ഇന്റർ കോണ്ടിനെന്റൽ ഇന്ത്യ മത്സരത്തിൽ വിജയിച്ചിരുന്നു. ഫൈനൽ കോസ്റ്ററീക്കയിലാണ്. അതിനുള്ള ഒരുക്കത്തിലാണ്. അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടണമെന്നാണ് ആഗ്രഹം. ഇതിനിടയിൽ അഭിനയം തുടരുകയും വേണം. അച്ഛനും അമ്മയും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. അമ്മ ഒന്നുരണ്ടു ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

കുടുംബം?
അമ്മ പല്ലവി കൃഷ്ണൻ പൂങ്കുന്നത്തെ ഹരിനഗറിൽ ലാസ്യ അക്കാദമി ഓഫ് മോഹിനിയാട്ടം എന്ന നൃത്തവിദ്യാലയത്തിന്റെ അമരക്കാരിയാണ്. അമ്മ ബംഗാളി ആയതിനാൽ ബംഗാളി ഭാഷ സംസാരിക്കാനറിയാം. ഏറെ സാമ്യമുണ്ട് കേരളവും ബംഗാളും തമ്മിൽ. സാഹിത്യവും സംസ്‌കാരവും രാഷ്ട്രീയവും സിനിമയുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇടങ്ങളാണ് കേരളവും ബംഗാളും. അച്ഛൻ ഗോപാലകൃഷ്ണൻ ബാങ്കിൽനിന്നും വിരമിച്ചതിനു ശേഷം കേന്ദ്ര ഗവൺമെന്റിന്റെ കൂടിയാട്ടം സെന്റർ ഡയറക്ടറായിരുന്നു. കഥകളിയെക്കുറിച്ച് ഒരു പുസ്തകവുമെഴുതിയിട്ടുണ്ട്. ഇപ്പോൾ തെയ്യത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചനയിലാണ്.
 

Latest News