Sorry, you need to enable JavaScript to visit this website.

കടൽത്തീരങ്ങളിലെ കണ്ണീർത്തിര

മഴക്കാലത്ത് കലിതുള്ളിയെത്തുന്ന കടൽ മൽസ്യത്തൊഴിലാളികളുടെ മനസ്സിൽ നിറക്കുന്നത് ആശങ്കയുടെ തിരമാലകളാണ്. കേരളത്തിന്റെ തീരദേശം ഏറെ നാളുകളായി കടൽ ക്ഷോഭത്തിന്റെ ഭീതിദമായ കാഴ്ചകളിലാണ്. ഓരോ വർഷക്കാലവും കടലോര നിവാസികളുടെ മനസ്സിൽ ഭയത്തിന്റെ തിരടയടിച്ചുകൊണ്ടാണ് വിടവാങ്ങുന്നത്. 
ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കടൽ ക്ഷോഭം കെട്ടടങ്ങുമ്പോൾ തീരദേശത്ത് ബാക്കിയാവുന്നത് മൽസ്യത്തൊഴിലാളികളുടെ തകർന്ന വീടുകളും ബോട്ടുകളും സ്വപ്‌നങ്ങളും മാത്രമാണ്. പതിറ്റാണ്ടുകളായി തുടരുന്ന കാഴ്ചയാണിത്. തീരദേശത്തിന്റെ ദുരിത ജീവിതത്തിന് ആധുനിക കാലത്തും മാറ്റമൊന്നുമില്ല. കഷ്ടപ്പാടുകൾ സഹിക്കാനായി മാത്രം ജീവിക്കുന്നവരാണ് മൽസ്യത്തൊഴിലാളി കുടുംബങ്ങൾ. വർഷം മുഴുവൻ അന്നന്നത്തെ അന്നത്തിനായി കടലിൽ പോയി അധ്വാനിച്ചുണ്ടാക്കുന്നത് ഒരു സീസണിലെ കടൽ ക്ഷോഭം കൊണ്ട് ഇല്ലാതാകുന്ന ദയനീയമായ അവസ്ഥ. ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥക്ക് ശാശ്വത പരിഹാരം വാഗ്ദാനങ്ങളിൽ മാത്രമായി ഒതുങ്ങുന്നു.
പ്രകൃതിക്ഷോഭങ്ങളുടെ ദുരന്തം ഏറ്റവുമധികം അനുഭവിക്കുന്നത് രണ്ട് കൂട്ടം ജനങ്ങളാണ്. മലയോര വാസികളും കടലോര വാസികളും. ശക്തമായ മഴയും കാറ്റും മലയോരങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമായി മാറുമ്പോൾ കടപ്പുറങ്ങളിൽ കനത്ത തിരയടികളേറ്റ് ജനജീവിതം ചിതറിത്തെറിക്കുന്നു. കടലിൽ ഉരുണ്ടു കൂടുന്ന ന്യൂനമർദം ശക്തമായ കാറ്റായി ആഞ്ഞടിക്കുമ്പോൾ അതിന്റെ ദുരിതങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്നത് കടലോര വാസികളാണ്. കരയിലേക്ക് കയറാതെ പോകുന്ന കാറ്റും കടലിനെ പ്രക്ഷുബ്ധമാക്കി തിരമാലകളുയർത്തി കടലോരങ്ങളെ വിറകൊള്ളിച്ചാണ് പിൻവാങ്ങുന്നത്.
ഇത്തവണയും കാലവർഷം തുടങ്ങിയതോടെ ആരംഭിച്ചതാണ് കടലോര വാസികളുടെ ദുരിതങ്ങൾ. കടൽ ക്ഷോഭത്തിൽ വീടുകൾ തകർന്നിട്ടുള്ളത് നിരവധി പേർക്കാണ്. ബോട്ടുകളും വലകളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വേറെ. ട്രോളിംഗ് നിരോധനത്തെ തുടർന്ന് യന്ത്രവൽക്കൃത ബോട്ടുകൾക്ക് നിരോധനമുണ്ടെങ്കിലും ചെറുവള്ളങ്ങളിൽ മൽസ്യബന്ധനത്തിന് പോകുന്നവർ ഇപ്പോഴുമുണ്ട്. അവരെല്ലാം കലിതുള്ളുന്ന കടലിനു മുന്നിൽ ജീവൻ പണയം വെച്ചാണ് അന്നത്തിന് വേണ്ടി തുഴയെറിയുന്നത്. കടുത്ത സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് മൽസ്യത്തൊഴിലാളികൾ താൽക്കാലികമായി കടലിൽ പോകുന്നത് ഒഴിവാക്കിയിരിക്കുകയാണ്. പണിയില്ലാത്തതിനാൽ പട്ടിണിയാകുന്നുവെന്നതാണ് അവരുടെ അടുത്ത പ്രശ്‌നം.
കടലോര വാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികൾക്കോ സർക്കാരുകൾക്കോ കഴിയുന്നില്ല എന്നത് നിരാശാജനകമാണ്. സുരക്ഷിതമായ പാർപ്പിടങ്ങളാണ് മൽസ്യത്തൊഴിലാളികൾക്ക് ആദ്യം വേണ്ടത് എന്ന യാഥാർഥ്യം അധികൃതർക്ക് അറിയാഞ്ഞിട്ടല്ല. ഇതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനോ നടപ്പാക്കുന്നതിനോ ആരും താൽപര്യം കാണിക്കുന്നില്ല. 
കടൽ ക്ഷോഭമുണ്ടാകുമ്പോൾ നടപ്പാക്കുന്ന താൽക്കാലിക പദ്ധതികളാണ് എന്നും സർക്കാരുകളുടെ പരിഗണനയിൽ വരുന്നത്. മൽസ്യത്തൊളിലാളികളെ തീരദേശത്തു നിന്ന് ദൂരേക്ക് മാറ്റിപ്പാർപ്പിക്കുകയെന്നത് നടപ്പാവാത്ത പദ്ധതിയാണ്. കടലിന്റെ ശബ്ദവും മണവും അനുഭവിച്ചു കഴിയുന്ന അവരെ അതൊന്നുമില്ലാത്ത പ്രദേശത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത് ആദിവാസികളെ നാട്ടിൽ കൊണ്ടുവന്ന് താമസിക്കുന്നത് പോലെ അപ്രായോഗികമാണ്. തീരദേശത്തു തന്നെ സുരക്ഷിത വാസസ്ഥലങ്ങളാണ് മൽസ്യത്തൊഴിലാളികൾക്കാവശ്യം. 
പൊന്നാനി അടക്കമുള്ള തീരമേഖലകളിൽ മൽസ്യത്തൊഴിലാളികൾക്കായി ഫഌറ്റ് സമുച്ചയം നിർമിക്കുന്ന പദ്ധതി പതിറ്റാണ്ടുകൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. എന്നാൽ ഇത് എങ്ങുമെത്താതെ അവസാനിച്ചു. നിലവിൽ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അൽപം പോലും മാറിത്താമസിക്കുന്നതിനോട് മൽസ്യത്തൊഴിലാളി കുടുംബങ്ങൾ വിമുഖത കാട്ടാറുണ്ട്. 
എന്നാൽ തീർത്തും അരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കുന്നവരെ തീരദേശത്തു തന്നെ അൽപം മാറി ഫഌറ്റുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയെന്ന ആശയം നല്ലതു തന്നെ. ഇതിന്റെ ആവശ്യകതയെയും സുരക്ഷിതത്വത്തെയും കുറിച്ച് അവരെ ബോധവൽക്കരിക്കാൻ സർക്കാർ ഏജൻസികൾക്ക് കഴിയണം. കടലോരങ്ങളിൽ സ്വകാര്യ കമ്പനികൾ നിർമിക്കുന്ന ലക്ഷുറി ഫഌറ്റുകൾ കോടികൾ നൽകി വാങ്ങുന്ന നാട്ടിൽ മൽസ്യത്തൊഴിലാളികളെ ഫഌറ്റുകൾ നിർമിച്ച് താമസിപ്പിക്കാൻ സർക്കാരിന്റെ ഇഛാശക്തി കൊണ്ടു മാത്രം കഴിയും.
കേരളത്തിലെ മൽസ്യത്തൊഴിലാളികളിൽ വലിയൊരു ശതമാനം ജീവിക്കുന്നത് മലബാർ മേഖലയിലാണ്. എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്. മൂന്നാം സ്ഥാനത്ത് കോഴിക്കോടും. ഏറ്റവും കൂടുതൽ മൽസ്യത്തൊഴിലാളികളുള്ള ജില്ല തിരുവനന്തപുരമാണ്. മലബാർ മേഖലയിലെ നാലു ജില്ലകൾ മൽസ്യത്തൊഴിലാളികളുടെ എണ്ണത്തിൽ മുൻനിരയിൽ നിൽക്കുന്നവയാണ്. 
തിരുവനന്തപുരം ജില്ലയിൽ 1,46,326 പേരും മലപ്പുറത്ത് 98,120 പേരും കോഴിക്കോട് ജില്ലയിൽ 82,121 പേരുമാണ് മൽസ്യത്തൊഴിലാളി കുടുംബങ്ങളിലുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കുറച്ചു നാളുകളായി ഉയരുന്ന പ്രധാന വെല്ലുവിളി ശക്തമായ കടലാക്രമണമാണ്. അതിവേഗവും ശക്തിയുമുള്ള തിരകൾ കരയെ ഇടിച്ചില്ലാതാക്കുന്നു. വീടുകളും ബോട്ട് ഷെഡുകളുമെല്ലാം കടലെടുത്തു പോകുന്നു. കടലോര റോഡുകളും തകർന്നു പോകുന്നു. ഇതോടെ തീരവാസികളുടെ യാത്രകളും തടസ്സപ്പെടുന്നു. കടലാക്രമണം തടയുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളുടെ അപര്യാപത്തയും പ്രധാന പോരായ്മയാണ്.


കടൽ ക്ഷോഭം മൂലം ദിവസങ്ങളോളം മൽസ്യബന്ധനത്തിന് പോകാൻ കഴിയാത്തവരെ സൗജന്യ റേഷനും പെൻഷനും നൽകി സംസ്ഥാന സർക്കാർ സഹായിക്കുന്നുണ്ട്. ഇതെല്ലാം ഇവരുടെ ദൈനംദിന ദുരിതങ്ങൾക്കുള്ള താൽക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ. ആയിരക്കണക്കിന് കുടുംബങ്ങളിലായി നിരവധി കുട്ടികൾ ഈ കുടുംബങ്ങളിൽ വളരുന്നുണ്ട്. വരും തലമുറക്കും കൈമാറിക്കിട്ടാൻ ഈ ദുരിതങ്ങൾ മാത്രമാണ് ഉള്ളതെന്ന അവസ്ഥ മാറണം. സുരക്ഷിതമായ താമസത്തിനും സ്ഥിരമായ വരുമാനത്തിനുമുള്ള സംവിധാനങ്ങൾ അവർക്ക് വേണ്ടി നടപ്പാക്കേണ്ടതുണ്ട്.
വട്ടിപ്പലിശയുടെ കറുത്ത കൈകൾ മൽസ്യത്തൊഴിലാളികളെ വരിഞ്ഞു മുറുക്കുന്ന കാലം കൂടിയാണിത്. കടൽക്കലി മൂലം വറുതി മൂക്കുന്ന തുറകളിൽ തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വട്ടിപ്പലിശക്കാർ വിഹരിക്കാൻ തുടങ്ങും. പലപ്പോഴും ഇവരിൽ നിന്നെടുക്കുന്ന വായ്പകൾ തിരിച്ചടയ്ക്കാൻ മൽസ്യത്തൊഴിലാളികൾക്ക് കഴിയാറില്ല. പലിശ കൂടി നിത്യകടക്കാരായി തൊഴിലാളികൾ മാറുന്നത് തീരഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചയാണ്. പൊതുമേഖലാ ബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഇടപെടലുകൾ മൂലം കൊള്ളപ്പലിശയുടെ വറുതിയിൽ നിന്ന് ഇവരെ രക്ഷിക്കാൻ സർക്കാരിന് കഴിയണം.
കടൽ തീരം സുരക്ഷിതമാകേണ്ടത് മൽസ്യത്തൊഴിലാളികളുടെ മാത്രം ആവശ്യമല്ല. കേരളത്തിന്റെ ടൂറിസം വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് കടലോരങ്ങൾ. പ്രകൃത്യായുള്ള ബീച്ചുകൾ മുതൽ നിർമിത ബീച്ചുകൾ വരെ കേരളത്തിന് ടൂറിസം വരുമാനം ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. കടൽ തീരങ്ങൾ സുരക്ഷിതമാക്കി നിലനിർത്തുന്നതിലൂടെ മാത്രമേ ടൂറിസം മേഖലയെയും സംരക്ഷിക്കാൻ കഴിയൂ. 
കടലോര നിവാസികളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്ന സുസ്ഥിര പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. അതു വഴി അരക്ഷിതരായ ഒരു ജനസമൂഹത്തെ സുരക്ഷിതത്വത്തിന്റെ ആത്മവിശ്വാസത്തിലേക്കെത്തിക്കാനും ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പു വരുത്താനും നമുക്ക് കഴിയും.

Latest News