Sorry, you need to enable JavaScript to visit this website.

ചെല്ലാനത്ത് ഉയരുന്ന രോഷത്തിന്റെ തിരമാല

ചെല്ലാനത്ത് മൽസ്യത്തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം  

ആഗോള താപനമടക്കമുള്ള മനുഷ്യ നിർമിത പ്രതിഭാസങ്ങളും തീരദേശത്തുടനീളമുള്ള അനിയന്ത്രിതവും അനധികൃതവുമായ നിർമാണ പ്രവർത്തനങ്ങളും മൂലം കേരളത്തിലെ തീരദേശത്തെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇന്നോളം കാണാത്ത രീതിയിലാണ് തങ്ങളുടെ എല്ലാമായ കടലമ്മ തങ്ങളെ ആക്രമിക്കുന്നതെന്ന് കടലിന്റെ മക്കൾ പറയുന്നു. 
കടലാക്രമണം തടയാനുള്ള ഹ്രസ്വകാല - ദീർഘകാല പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും നിരന്തരമായ വാഗ്ദാന ലംഘനങ്ങളാണ് മാറി മാറിവരുന്ന സർക്കാരുകൾ നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തുടനീളം ഈ വിഷയം രൂക്ഷമാണെങ്കിലും എറണാകുളത്തെ ചെല്ലാനത്തും തിരുവനന്തപുരത്തെ വലിയ തുറയിലും മറ്റുമാണ് ജനജീവിതം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഗതികെട്ട ജനങ്ങൾ പിറന്ന മണ്ണിൽ ജീവിക്കാനുള്ള അന്തിമ പോരാട്ടത്തിലാണ്.
കടൽ ക്ഷോഭത്തിന്റെ ഭീതി അകലാതെയാണ് ചെല്ലാനം നിവാസികളുടെ ഓരോ ദിവസവും കടന്നു പോകുന്നത്. തീരം സംരക്ഷിക്കാൻ സർക്കാർ വാഗ്ദാനം ചെയ്ത ജിയോ ബാഗുകളുടെ നിർമാണമടക്കം ഇഴഞ്ഞു നീങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി.  പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവിൽ ജിയോ ബാഗ് നിറച്ച് തീരം സംരക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചുവെങ്കിലും അത് പാതിവഴിയിലാണ്. വേലിയേറ്റ സമയത്ത് കടൽ വെള്ളം വീടുകളിലേക്ക് ഇരച്ചു കയറും. വെള്ളം തിരിച്ചുപോകുന്നത് ഇവരുടെ ജീവിതവും സ്വപ്‌നങ്ങളുമടക്കമാണ്. ഈ വർഷവും ഇതിനകം ഒരുപാട് പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടു. കമ്പനിപ്പടി മുതൽ കിഴക്കേ ചെല്ലാനം വരെയുള്ള പ്രദേശത്താണ് കടൽ ക്ഷോഭം ഏറ്റവും രൂക്ഷം.  സെന്റ് മേരീസ് സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നുവെങ്കിലും ഇനിയും ക്യാമ്പുകളിൽ തങ്ങാൻ നാട്ടുകാർ വിസമ്മതിക്കുകയാണ്. അതല്ല, തങ്ങൾക്കാവശ്യം ശാശ്വതമായ പരിഹാരമാണെന്നാണ് അവരുടെ നിലപാട്. 
കടൽ ഭിത്തിയും മറ്റു സുരക്ഷാ മാർഗങ്ങളും നടപ്പാക്കണമെന്ന പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ ആവശ്യം ഇനിയും ഇവിടെ നടപ്പായിട്ടില്ല. നേരത്തെ നിർമിച്ചിരുന്ന കടൽ ഭിത്തിയാകട്ടെ പൂർണമായും തകരുകയും ചെയ്തു. ഇന്ത്യൻ നേവിയുടെ ദ്രോണാചാര്യ മോഡലിൽ 17 കിലോമീറ്റർ കടൽ ഭിത്തി 60 പുലിമുട്ടോടു കൂടി പണിയുകയാണ് വേണ്ടത്. 2014 ൽ ഈ പണിക്കു വേണ്ടി 110 കോടി രൂപയുടെ എസ്റ്റിമേറ്റ് എടുത്തിരുന്നു. 2011-2016 ൽ യു.ഡി.എഫ് ഗവൺമെന്റ് കടൽ ഭിത്തി നിർമിക്കുന്നതിനു അനുമതി നൽകുകയും ആവശ്യമായ ഫണ്ട് വകകൊള്ളിക്കുകയും ചെയ്തിരുന്നു. 3 പ്രാവശ്യം ടെണ്ടർ വിളിച്ചിട്ടും ആരും പണി എടുക്കുവാൻ മുമ്പോട്ടു വന്നിരുന്നില്ല. 
പലവട്ടം ജനങ്ങൾ സമര രംഗത്തിറങ്ങി. എന്നാൽ ദുരിതങ്ങളെ പോലെ വാഗ്ദാന ലംഘനങ്ങളും ആവർത്തിക്കുന്നു. ഒാഖി ആഞ്ഞടിച്ചപ്പോൾ ദുരന്തങ്ങൾ ഏറെ രൂക്ഷമായതിനെ തുടർന്ന് സമരവും രൂക്ഷമായി. പ്രദേശത്തെ 10 വീടുകൾ പൂർണമായും തകരുകയും 160 ഓളം വീടുകൾ വാസയോഗ്യമല്ലാതാകുകയും ചെയ്തു. ഈ കുടുംബങ്ങളിലെ 500 ഓളം ആളുകൾ ചെല്ലാനം സ്‌കൂളിലെ സർക്കാർ ക്യാമ്പിലെത്തി. കക്കൂസുകൾ മിക്കതും മണൽ കയറി ഉപയോഗശൂന്യമായി.  2018 ഏപ്രിൽ 30 നു മുമ്പ് ജിയോ ട്യൂബു് കൊണ്ടുള്ള ഭിത്തിയും പുലിമുട്ടും നിർമിക്കുമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്.  എന്നാൽ പതിവുള്ളതു തന്നെ ആവർത്തിച്ചു. സഹികെട്ട ജനങ്ങൾ വീണ്ടും സമരം ശക്തമാക്കി. ഏപ്രിൽ 30 വഞ്ചനാ ദിനമായി ആചരിച്ചു. തുടർന്ന് താലൂക്ക് ഓഫീസ് ഉപരോധവും റോഡ് ഉപരോധവും നടന്നു. മെയ് 29 ന് പശ്ചിമ കൊച്ചിയിൽ നടന്ന ഹർത്താൽ അതിശക്തമായ ജനകീയ പ്രക്ഷോഭമായി. ആയിരത്തിലധികം പേർ  നടുറോഡിൽ പന്തൽ കെട്ടി പ്രതിഷേധിച്ചു. 
തീരദേശപാത ഉപരോധിച്ചു. തുടർന്ന് പോലീസ് ബലപ്രയോഗം നടത്തി. അതോടെ അന്തരീക്ഷം പ്രക്ഷുബ്ധമായി. ജനങ്ങൾ ഒന്നടക്കം എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് ജില്ലാ കലക്ടർ സ്ഥലത്തെത്തി ഉടനെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്നുറപ്പു നൽകി. അതും നടന്നില്ല. ഈ വർഷവും അതേ ചരിത്രം ആവർത്തിക്കുകയാണ്. അതിനാൽ തന്നെ ഭരണാധികാരികളെ വിശ്വാസമില്ലാത്ത ജനങ്ങൾ ചർച്ചക്കു വന്ന കലക്ടറെ തിരിച്ചയക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്തും റോഡും ഉപരോധിക്കലടക്കമുള്ള സമരങ്ങളിലേക്കാണ് അവർ നീങ്ങുന്നത്. കടലിലെ തിരമാലകളോടൊപ്പം അവിടെയുയരുന്നത് ജനങ്ങളുടെ രോഷത്തിരമാലകളാണ്. 
അവരിൽ ബഹുഭൂരിഭാഗവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന, കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി വിശഷിപ്പിച്ച മത്സ്യത്തൊഴിലാളികളാണ്. മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരായ തീരദേശവാസികളുടെയും 1200 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾക്കു തീരദേശ നിയന്ത്രണ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കണം എന്ന ആവശ്യവും അവരുന്നയിക്കുന്നു. 
വൻകിട ഫഌറ്റുകൾക്കും കെട്ടിടങ്ങൾക്കും നിയമ വിരുദ്ധമായി ഇളവ് നൽകുമ്പോൾ തങ്ങൾക്കുനേരെ കർക്കശ നിയമങ്ങളാണ് ഉപയോഗിക്കുന്നതെന്നവർ ചൂണ്ടിക്കാട്ടുന്നു. വൈകാരികമാണ് ഈ ആവശ്യമെങ്കിലും അവരുടേതല്ലാത്ത കുറ്റങ്ങൾക്കാണ് തീരദേശവാസികൾ ശിക്ഷിക്കപ്പെടുന്നതെന്നത് നിഷേധിക്കാനാവില്ല. 
 

Latest News