Sorry, you need to enable JavaScript to visit this website.

മുര്‍സിയുടെ മരണം; പലരും മുന്നറിയിപ്പ് നല്‍കിയത് സംഭവിച്ചു

കയ്‌റോ- ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ ആദ്യ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയുടെ മരണം ഇതുപോലെ ആയിരിക്കുമെന്ന് അദ്ദേഹത്തിന്റെ മകനും അന്താരാഷ്ട്ര നിരീക്ഷകരും പ്രതീക്ഷിച്ചിരുന്നു.

ദിവസം 23 മണിക്കൂര്‍ ഏകാന്ത തടവിലിടുന്ന മുര്‍സി അധികം വൈകാതെ മരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഈജിപ്ത് സന്ദര്‍ശിച്ച ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതിയുടെ മുന്നറിയിപ്പ്.

ഫലസ്തീനിലെ ഹമാസ് നേതാക്കള്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടവെയാണ് തിങ്കളാഴ്ച കോടതിയിലെ കൂട്ടില്‍ അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്. സ്വാഭാവിക മരണമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും ഈജ്പ്തിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉടന്‍ തന്നെ വെളിപ്പെടുത്തി.

മുസ്ലിം ബ്രദര്‍ഹുഡിന്റെ സീനിയര്‍ നേതാവായ മുര്‍സിയുടെ ആരോഗ്യ നിലയെ കുറിച്ച് നേരത്തെ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവുമുള്ള മുര്‍സിയെ ഏകാന്ത തടവിലിട്ട് പീഡിപ്പിക്കുകയാണെന്നും ചികിത്സ നല്‍കുന്നില്ലെന്നും ഇളയ മകന്‍ അബ്ദുല്ല കഴിഞ്ഞ ഒക്ടോബറില്‍ എ.പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. കഴിയുംവേഗം മുര്‍സി സ്വാഭാവിക മരണത്തിലേക്ക് നീങ്ങണമെന്നാണ് അധികൃതര്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് ചികിത്സ നിഷേധിക്കുന്നതെന്നും അബ്ദുല്ല പറഞ്ഞിരുന്നു.

ഇഖ്‌വാനുല്‍ മുസ്‌ലിമൂന് കീഴില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു മുര്‍സി. 2012 ജൂണ്‍ 24 ന് ഈജിപ്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.  2013 ജൂലൈ നാലിന്  പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രിത്രിമം കാണിച്ചുവെന്ന്   ആരോപിച്ച്  ഏഴ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
1951 ഓഗസ്റ്റ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുര്‍സി ഈസാ അല്‍ ഇയ്യാഥിന്റെ ജനനം. കയ്‌റോ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുര്‍സി 1982ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവര്‍ഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1985ല്‍ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുര്‍സി ബ്രദര്‍ഹുഡ് നേതൃത്വവുമായി അടുക്കുന്നതും സജീവമാകുന്നതും.
2013 മാര്‍ച്ച് 18 മുതല്‍ 20 വരെ  മുഹമ്മദ് മുര്‍സി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

 

Latest News