Sorry, you need to enable JavaScript to visit this website.

സൗദിയുടെ മാനത്ത് ക്യാപ്റ്റൻ യാസ്മിൻ; ആത്മസായൂജ്യത്തിലേക്കൊരു ടേക്ക്ഓഫ് 

സൗദി പൈലറ്റ് ക്യാപ്റ്റൻ യാസ്മിൻ അൽമൈമനി കോക്പിറ്റിൽ


സ്വന്തം രാജ്യത്ത് വിമാനം പറത്തുകയെന്ന സ്വപ്‌നം സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്റെ നിർവൃതിയിലാണ് പ്രഥമ സൗദി വനിതാ പൈലറ്റ് യാസ്മിൻ അൽമൈമനി. സൗദി വിമാന കമ്പനിയിൽ നിയമനം ലഭിച്ച യാസ്മിൻ അൽമൈമനി കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ആദ്യത്തെ ഔദ്യോഗിക വിമാന സർവീസ് കോക്പിറ്റിൽ ഇരുന്ന് നിയന്ത്രിച്ചു. എ.ആർ.ടി ഇനത്തിൽ പെട്ട വിമാനമാണ് ആദ്യമായി യാസ്മിൻ പറപ്പിച്ചത്. ആദ്യമായി ഔദ്യോഗിക സർവീസിൽ വിമാനം പറപ്പിച്ചതിലൂടെ ജീവിത വിജയ ദിശയിലെ സുപ്രധാന ചുവടുവെപ്പാണ് താൻ നടത്തിയതെന്ന് യാസ്മിൻ പറഞ്ഞു. 
നാലു മാസം മുമ്പാണ് യാസ്മിൻ അൽമൈമനി നെസ്മ എയർലൈൻസിൽ പരിശീലനം ആരംഭിച്ചത്. കോ-പൈലറ്റ് ആയി ജോലിയിൽ പ്രവേശിക്കുന്നതിനുള്ള എല്ലാ പരിശീലനങ്ങളും യാസ്മിൻ വിജയകരമായി പൂർത്തിയാക്കി. ആദ്യമായി അൽഖസീം-തബൂക്ക് സർവീസിൽ ആണ് യാസ്മിൻ കോ-പൈലറ്റ് ചുമതല വഹിച്ചത്. വിമാനത്തിന്റെ ക്യാപ്റ്റൻ ആയി മാറുകയെന്ന ലക്ഷ്യത്തിലെത്തിച്ചേരുന്നതിന് നിയമം അനുശാസിക്കുന്ന നിശ്ചിത കാലം കോ-പൈലറ്റായി ജോലിയിൽ തുടരുമെന്ന് യാസ്മിൻ അൽമൈമനി പറഞ്ഞു. 


നെസ്മ എയർലൈൻസിൽ കോ-പൈലറ്റ് നിയമനം ലഭിക്കുന്നതിന് യാസ്മിൻ അൽമൈമനിയും മറ്റൊരു യുവതിയും 75 യുവാക്കളുമാണ് മുന്നോട്ടു വന്നതെന്ന് കമ്പനി ഡയറക്ടർ ജനറൽ ക്യാപ്റ്റൻ അഹ്മദ് അൽജുഹനി പറഞ്ഞു. ഇക്കൂട്ടത്തിൽ യാസ്മിൻ അൽമൈമനി അടക്കം 11 പേർ പരീക്ഷയിൽ പാസായി. ഇവർ സൗദിയിലാണ് പരിശീലനം ആരംഭിച്ചത്. ഇതിനു ശേഷം എ.ആർ.ടി ഇനത്തിൽ പെട്ട വിമാനത്തിൽ പരിശീലനം നൽകി. ഇതിനു ശേഷം വിദഗ്ധ പരിശീലനത്തിനായി മഡ്രീഡിലേക്കും ജക്കാർത്തയിലേക്കും ഇവരെ അയച്ചു. എല്ലാവരും വിജയകരമായി പരിശീലനം പൂർത്തിയാക്കി. സമയനിഷ്ഠ പാലിക്കുന്ന മികച്ച ട്രെയിനികളിൽ ഒരാളായിരുന്നു യാസ്മിൻ അൽമൈമനി. വ്യോമയാന മേഖലയിൽ കൂടുതൽ സൗദി യുവതീയുവാക്കളെ നിയമിക്കുന്നതിന് കമ്പനിക്ക് പദ്ധതിയുണ്ട്. ഈ പദ്ധതിയിൽ ചേരുന്നതിന് 300 യുവതികൾ രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ നിന്ന് ഏറ്റവും മികച്ചവരെ തെരഞ്ഞെടുക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണെന്നും ക്യാപ്റ്റൻ അഹ്മദ് അൽജുഹനി പറഞ്ഞു. 
അഞ്ചു സൗദി വനിതകൾ പൈലറ്റ് ലൈസൻസ് നേടിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാലു പേർക്ക് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ആണ് ലഭിച്ചിരിക്കുന്നത്. ഇവർക്ക് രാജ്യത്ത് കൊമേഴ്‌സ്യൽ, പ്രൈവറ്റ് വിമാന കമ്പനികളിൽ ജോലി ചെയ്യുന്നതിന് സാധിക്കും. ഒരു യുവതിക്ക് ലഭിച്ചിരിക്കുന്നത് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ആണ്. ഇവർക്ക് വാണിജ്യ വിമാന കമ്പനികളിൽ ജോലി ചെയ്യുന്നതിന് സാധിക്കില്ല. 
ഇരുപത്തിയൊമ്പതുകാരിയായ യാസ്മിൻ അൽമൈമനിക്ക് 2013 ലാണ് സൗദി കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചത്. ആറു വർഷമായി ജോലിക്കു വേണ്ടി ഇവർ വിവിധ വിമാന കമ്പനികളുടെ വാതിലുകൾ മുട്ടിവരികയായിരുന്നു. ജോർദാനിൽ നിന്നാണ് യാസ്മിൻ പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയത്. ഈ ലൈസൻസ് നേടുന്ന ആദ്യ സൗദി വനിതയാണ് യാസ്മിൻ. അമേരിക്കയിൽ 300 മണിക്കൂർ പരിശീലനം പൂർത്തിയാക്കി യാസ്മിൻ പിന്നീട് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടി. 2013 ൽ അമേരിക്കൻ ലൈസൻസിനു പകരം സൗദി ലൈസൻസ് ലഭിച്ചു. 


സൗദിയിൽ യാത്രാ വിമാനങ്ങൾ പറത്തുന്നതിനുള്ള ലൈസൻസ് ലഭിച്ച് ആറു വർഷം പിന്നിട്ട ശേഷമാണ് സൗദിയിലെ ഒരു വിമാന കമ്പനിയിൽ യാസ്മിന് തൊഴിലവസരം ലഭിച്ചത്. ഗൾഫ് വിമാന കമ്പനികൾ നേരത്തെ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും യാസ്മിൻ അവ നിരസിക്കുകയായിരുന്നു. സൗദി കമ്പനികളിൽ തൊഴിലവസരങ്ങൾ ലഭിക്കുന്നതിനാണ് ഇവർ മുൻഗണന നൽകിയിരുന്നത്. 
ഗവൺമെന്റ് ലൈസൻസും പൈലറ്റ് ആയി ജോലി ചെയ്യുന്നതിനുള്ള മുഴുവൻ വ്യവസ്ഥകളും പാലിച്ചിട്ടും തനിക്ക് തൊഴിലവസരം ലഭിക്കാത്തതിലുള്ള അസംതൃപ്തി യാസ്മിൻ അടുത്തിടെ പ്രകടിപ്പിച്ചിരുന്നു. വനിതകൾക്ക് പൈലറ്റ് കോഴ്‌സ് പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റിയൂട്ടുകൾ ജിദ്ദയിലും ദമാമിലും പ്രവർത്തിക്കുന്നുണ്ട്. 
ജോർദാനിൽ നിന്ന് 2010 ലാണ് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് തനിക്ക് ലഭിച്ചതെന്ന് യാസ്മിൻ പറഞ്ഞു. ഈ ലൈസൻസ് സൗദി ലൈസൻസ് ആക്കി മാറ്റുന്നതിന് താൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനെ സമീപിച്ചു. എന്നാൽ വനിതകൾക്ക് ഇത്തരമൊരു ലൈസൻസ് സൗദിയിൽ നൽകുന്നില്ലെന്ന കാരണം പറഞ്ഞ് തന്റെ അപേക്ഷ അതോറിറ്റി നിരാകരിച്ചു. ഏതു വിമാന കമ്പനികളിലും ജോലി ചെയ്യുന്നതിന് സാധിക്കുന്ന കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടുന്നതിന് താൻ പിന്നീട് അമേരിക്കയിലേക്ക് പോയി. 
2013 ൽ ഈ ലൈസൻസ് നേടി താൻ അമേരിക്കയിൽ നിന്ന് തിരിച്ചെത്തി. അപ്പോഴേക്കും സൗദിയിൽ വനിതകൾക്ക് പൈലറ്റ് ലൈസൻസ് നൽകുന്നതിന് ബന്ധപ്പെട്ടവരുടെ അനുമതി ലഭിച്ചിരുന്നു. തന്റെ അമേരിക്കൻ ലൈസൻസ് മാറ്റി പകരം സൗദി ലൈസൻസ് അതോറിറ്റി അനുവദിക്കുകയായിരുന്നെന്നും യാസ്മിൻ പറഞ്ഞു. എയർ ട്രാഫിക് കൺട്രോൾ അടക്കം എയർപോർട്ടുകളിലും സൗദി വിമാന കമ്പനികളിലും വ്യത്യസ്ത മേഖലകളിൽ നിരവധി സൗദി വനിതകൾ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. സൗദി വനിതകളെ പൈലറ്റുമാരായി നിയമിക്കുന്നതിന് പദ്ധതിയുള്ളതായി നാസ് എയർ അടക്കമുള്ള കമ്പനികൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

Latest News