Sorry, you need to enable JavaScript to visit this website.

എസ്.എഫ്.ഐയുടെ  കാമ്പസ് ഫാസിസത്തിനെതിരെ 

കക്ഷിരാഷ്ട്രീയ കൊലകൾ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങൾ കേരളവും ബംഗാളുമാണ്. നമ്മുടെ കണ്ണൂർ മോഡൽ രാജ്യമാകെ പ്രസിദ്ധമാണല്ലോ. ലോകസഭാ തെരഞ്ഞെടുപ്പിൽ പി. ജയരാജന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഈ വിഷയം ഏറെ ചർച്ചചെയ്യപ്പെട്ടു. അതേസമയം കാര്യമായി ആരും ചർച്ച ചെയ്യപ്പെടാത്ത വളരെ ഗൗരവപരമായ ഒന്നാണ് നമ്മുടെ കലാലയങ്ങളിൽ നിലനിൽക്കുന്ന ജനാധിപത്യനിഷേധവും ഫാസിസ്റ്റ് പ്രവർത്തനശൈലിയും. സംസ്ഥാനത്ത് ഭാവിയിലും കണ്ണൂർ മോഡൽ നിലനിർത്താനുള്ള പരിശീലനമാണ് കലാലയങ്ങളിൽ നടക്കുന്നതെന്നു പറഞ്ഞാൽ അതിശയോക്തിപരമാവില്ല. അതേസമയം ആദ്യമായി ഇതിനെതിരായ ഒരു നീക്കം തിരുവനന്തപുരത്തുനിന്നാരംഭിച്ചത് പ്രതീക്ഷ നൽകുന്നു.
ഏറെ പ്രശസ്തമായ  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്യാൻ ശ്രമിക്കുകയും അവിടെ നിന്ന് ടി സി വാങ്ങി പോവുകയും ചെയ്ത സംഭവത്തിനുശേഷം പോലും ഈ വിഷയം കേരളം ഗൗരവത്തിൽ കാണുന്നില്ല എന്നതാണ് സത്യം. കലാലയങ്ങളിലെ സ്വാതന്ത്ര്യ നിഷേധത്തിന്റെ  ഇരയാണവർ എന്നു പറഞ്ഞാൽ സ്വാഭാവികമായും കരുതുക സംഘടനാ സ്വാതന്ത്ര്യനിഷേധത്തിന്റെ ഇരയാണെന്നാകും. എന്നാലതല്ല സംഭവിച്ചത്. സംഘടന, വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ ഇരയാണാ കുട്ടി. കൃത്യമായി പറഞ്ഞാൽ എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ കാലങ്ങളായി കടുത്ത മനുഷ്യാവകാശലംഘനങ്ങൾ അരങ്ങേറുന്ന കേരളത്തിലെ നിരവധി കലാലയങ്ങളിൽ ഒന്നുമാത്രമാണ് യൂണിവേഴ്സിറ്റി കോളേജ്. 
ഒന്നാം വർഷം ബി.എസ്സി കെമിസ്ട്രി പഠിക്കാൻ വളരെയേറെ പ്രതീക്ഷയോടെയാണ് ആ വിദ്യാർത്ഥിനി യൂണിവേഴ്സിറ്റി കോളേജിന്റെ കവാടം കടന്നെത്തിയത്. എന്നാൽ, കടുത്ത നിരാശയാണ് ആ കുട്ടിയെ എതിരേറ്റത്. അക്കാദമിക സാഹചര്യങ്ങളുടെ അപര്യാപ്തതകളോ അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റ ദൂഷ്യമോ ഇന്റേണൽ അസസ്മെന്റോ അല്ല അതിനു കാരണം. കലാലയങ്ങളിൽ അപ്രമാദിത്വം സ്ഥാപിച്ച് അരങ്ങു വാഴുന്ന അക്രമി സംഘത്തിന്റെ നിരന്തരമായ ശല്യം മൂലമാണ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി മരിക്കാൻ ആ വിദ്യാർത്ഥിനി ശ്രമിച്ചത്. രണ്ടു പേജുള്ള ആ കുറിപ്പിൽ നിറയെ എസ്എഫ്ഐ പ്രവർത്തകരുടെ അസഹനീയമായ പെരുമാറ്റമാണ് വർണിച്ചിട്ടുള്ളത്. അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് എല്ലാ വിദ്യാർത്ഥികളും പെരുമാറണമെന്ന ജനാധിപത്യ വിരുദ്ധതയാണ് അവിടെ അരങ്ങേറുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ അനുവാദമില്ലാതെ ലൈബ്രറിയിൽ പോകാൻ പോലും പാടില്ല എന്നു പറഞ്ഞാൽ ചിത്രം വ്യക്തമല്ലേ?  പ്രതിഷേധിക്കുന്നവർക്ക്  കോളേജിൽ തുടർ പഠനം അസാധ്യമാകുമെന്നതിനാൽ കാര്യമായി ആരും പ്രതികരിക്കാറില്ല. എന്തുകൊണ്ട് അധ്യാപകരോട് പരാതിപ്പെടുന്നില്ലായെന്ന ചോദ്യത്തിന്, അധ്യാപകർ തങ്ങളെക്കാൾ മോശം അവസ്ഥയിലാണ് കഴിയുന്നതെന്നാണ് ഒരു വിദ്യാർത്ഥി സ്വകാര്യമായി പറഞ്ഞത്. സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്ന ഒരു സംഘമാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിനെ ചോദ്യം ചെയ്യാൻ ഒരധ്യാപകനും തയ്യാറാകില്ല. എത്രമേൽ ദുഃഖകരമായ അവിടത്തെ അവസ്ഥാവിശേഷം! മാത്രമല്ല, എസ്എഫ്ഐയുടെ മുഖപത്രമായ 'സ്റ്റുഡന്റി'ന്റെ വരിക്കാരാകാൻ എല്ലാ വിദ്യാർത്ഥികളും നിർബന്ധിതരാണ്. ഒരു ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥിയ്ക്ക് മറ്റൊരു ഡിപ്പാർട്ടുമെന്റിലെ വിദ്യാർത്ഥിയെ കാണണമെങ്കിൽ കാരണം വിശദീകരിയ്ക്കണം. ചേട്ടന്മാർ മാത്രമല്ല, പെൺകുട്ടികളെ മെരുക്കാൻ ചേച്ചിമാരുമുണ്ട്. മറ്റൊരു സംഘടനക്കും സംഘടനാസ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കാനാവില്ല - സി.പി.ഐ നിയന്ത്രണത്തിലുള്ള എ ഐ എസ് എഫിനു പോലും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എസ് എഫ് ഐ മാത്രം. 
തീർച്ചയായും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ നിരവധി പ്രശസ്തമെന്നും ചരിത്രമുറങ്ങുന്നു എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന പല കലാലയങ്ങളിലും ഇതാണവസ്ഥ. ഒരു കാലത്ത് കലാലയങ്ങളിൽ ശക്തിയായിരുന്ന കെ എസ് യു ഏറെക്കുറെ ഇല്ലാതായി. എ ബി വി പിയും കാമ്പസ് ഫ്രണ്ടും മറ്റുമാണ് പല കലാലയങ്ങളിലും ഇതേരീതിയിൽ എസ്എഫ്‌ഐയോട് മറുപടി പറഞ്ഞ് നിലനിൽക്കാൻ ശ്രമിക്കുന്നത്. വടക്കൻ ജില്ലകളിൽ പലയിടത്തും എംഎസ്എഫും പ്രവർത്തിക്കുന്നു. ബാക്കിയെല്ലാം എസ്എഫ്‌ഐയുടെ സമഗ്രാധിപത്യത്തിൽ. കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളുടെ ചെറിയ പതിപ്പുകളെന്ന് ഈ കലാലയങ്ങളെ വിശേഷിപ്പിക്കാം. ഇവർ ഫാസിസത്തിനെതിരെ ഘോരഘോരം സംസാരിക്കുന്നതു കേൾക്കുമ്പോൾ എങ്ങനെയാണ് ചിരിക്കാതിരിക്കുക? ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥിരാഷ്ട്രീയത്തിനെതിരായ വികാരത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു എന്നുപോലും അവർ മനസ്സിലാക്കുന്നില്ല.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും പ്രതീക്ഷ നൽകുന്ന ഒരു നീക്കം ഇപ്പോൾ തലസ്ഥാനത്തുണ്ടായിട്ടുണ്ട്. ഏതാനും പൊതുപ്രവർത്തകരുടെ മുൻകൈയിൽ വിദ്യാഭ്യാസ സ്നേഹികളും പൂർവവിദ്യാർത്ഥികളും അധ്യാപകരിൽ ചിലരും ചേർന്ന് സേവ് യൂണിവേഴ്സിറ്റി കോളേജ് കാമ്പയിൻ കമ്മിറ്റിക്ക് രൂപം നൽകി എന്നതാണത്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ് 10-ാം തീയതി തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ ഒരു പൗരസംഗമം വിളിച്ചുചേർത്തു. വി.എം. സുധീരനായിരുന്നു ഉദ്ഘാടകൻ.  മുഖ്യപ്രമേയം അവതരിപ്പിച്ചത് കെ.എം. ഷാജഹാനായിരുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പഠിക്കാനും വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുവാനും അധ്യാപകർക്ക് പഠിപ്പിക്കാനും നിർഭയം അഭിപ്രായങ്ങൾ പങ്ക് വെയ്ക്കാനും കഴിയുന്ന ജനാധിപത്യാന്തരീക്ഷം പുനഃസ്ഥാപിയ്ക്കപ്പെടുന്നതുവരെ പൗരസമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കുമെന്ന് സംഗമം പ്രഖ്യാപിച്ചു. മാത്രമല്ല,  ഉയർന്നുവന്ന പരാതികൾ അന്വേഷിക്കാൻ ഒരു സ്വതന്ത്ര ജനകീയാന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ ചെയർമാൻ ഹൈക്കോടതിയിലെ തലമുതിർന്ന റിട്ടയേർഡ് ജസ്റ്റിസ് പി.കെ. ഷംസുദ്ദീനാണ്. കമ്മീഷൻ സംസ്ഥാനതലത്തിൽതന്നെ  കലാലയങ്ങളിൽ  അന്വേഷണം നടത്തും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെയും സംസ്ഥാനത്തെ ഇതര ആർട്സ് ആന്റ് സയൻസ് കോളേജുകളിലെയും യൂണിയൻ പ്രവർത്തനങ്ങളും കലാലയാന്തരീക്ഷവും അക്കാദമിക സാഹചര്യങ്ങളും പ്രവേശനത്തിലെ പ്രശ്നങ്ങളുമൊക്കെ ബഹുജനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. 
വിദ്യാഭ്യാസമേഖലയിലെ വ്യക്തിത്വങ്ങളിൽനിന്നും കമ്മീഷൻ തെളിവുകൾ സമാഹരിക്കാനാരംഭിച്ചു. 
തീർച്ചയായും സമകാലിക സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒരു നീക്കമാണ് കെ എം ഷാജഹാന്റേയും മറ്റും നേതൃത്വത്തിൽ നടക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ മാത്രമല്ല, ഭാവി ജനാധിപത്യകേരളത്തേയും സംരക്ഷിക്കാൻ ഇത്തരമൊരു നീക്കം അനിവാര്യമാണ്. രണ്ടുവർഷം മുമ്പ് തൃശൂരിൽ കേരളവർമ്മ കോളേജിനെ കേന്ദ്രീകരിച്ച് ഇത്തരമൊരു നീക്കം നടന്നെങ്കിലും വിജയിച്ചില്ല. വിദ്യാർത്ഥികളിൽ ജനാധിപത്യസംസ്‌കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഈ ഉദ്യമത്തെ വിജയിപ്പിക്കേണ്ടത് എല്ലാ ജനാധിപത്യവാദികളുടേയും ഉത്തരവാദിത്തമായിരിക്കുന്നു.

Latest News