Sorry, you need to enable JavaScript to visit this website.

ക്യാച്ച്, മാച്ച്, കാഴ്ചകൾ

ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ ആഴ്ചയിലെ മികച്ച വ്യക്തിഗത പ്രകടനങ്ങളിലൂടെ.

മികച്ച പ്രകടനം
ബെൻ സ്റ്റോക്‌സ് -89 നോട്ടൗട്ട്, 2 വിക്കറ്റ്, 2 ക്യാച്ച്, ഒരു റണ്ണൗട്ട്
ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സിന്റെ കിടയറ്റ പ്രകടനമായിരുന്നു. 
ശാഖിബുൽ ഹസൻ -75 റൺസ്, ഒരു വിക്കറ്റ്
ദക്ഷിണാഫ്രിക്കക്കെതിരായ അട്ടിമറിക്ക് ബംഗ്ലാദേശിന് സഹായകമായത് ശാഖിബിന്റെ ഓൾറൗണ്ട് പ്രകടനമായിരുന്നു. മാൻ ഓഫ് ദ മാച്ചിന് തികച്ചും അർഹൻ. 
ജോഫ്ര ആർച്ചർ- 3-27
ദക്ഷിണാഫ്രിക്കക്കെതിരായ ഉദ്ഘാടന മത്സരത്തിൽ ജോഫ്രയുടേത് സ്വപ്‌നസമാനമായ ലോകകപ്പ് അരങ്ങേറ്റമായിരുന്നു. ഹാശിം അംലയുടെ ഹെൽമറ്റിൽ പതിച്ച പന്ത് ദക്ഷിണാഫ്രിക്കയെ ഉലച്ചു. ഹാശിം പരിക്കേറ്റ് പവിലിയനിലേക്ക് മടങ്ങി. മധ്യനിരയെ ജോഫ്ര തിരിച്ചയച്ചു. 
മുഹമ്മദ് ഹഫീസ് -84 റൺസ്, ഒരു വിക്കറ്റ്
ഇംഗ്ലണ്ടിനെതിരെ തിരിച്ചുവരാൻ പാക്കിസ്ഥാനെ സഹായിച്ചത് ഹഫീസിന്റെ സംയമനത്തോടെയുള്ള ബാറ്റിംഗായിരുന്നു. തന്നെ ടീമിലെടുത്തത് വലിയ വിവാദമായി എന്നത് ഹഫീസിന് പ്രചോദനമായിട്ടുണ്ടാവണം. ഇംഗ്ലണ്ടിന്റെ പ്രചോദനം പകരുന്ന നായകൻ ഓയിൻ മോർഗനെ പന്ത് കൊണ്ട് കബളിപ്പിക്കുകയും ചെയ്തു.
 
കാഴ്ചകൾ
സ്റ്റോക്‌സിന്റെ ക്യാച്ച്
പറവയോ വിമാനമോ? സൂപ്പർമാനെ തോൽപിക്കുന്നതായി ആൻഡിലെ ഫെഹ്്‌ലുക്‌വായോയെ പുറത്താക്കാൻ മിഡ്‌വിക്കറ്റ് ബൗണ്ടറിയിൽ സ്‌റ്റോക്‌സ് എടുത്ത ക്യാച്ച്. ഗാലറിയെ ലക്ഷ്യം വെച്ച് പറന്ന പന്തിനെ പിന്നോട്ടുചാടി സ്‌റ്റോക്‌സ് ഒരു കൈയിലൊതുക്കി. 
നബിയുടെ ഓവർ
ശ്രീലങ്കക്കെതിരെ ഒരോവറിൽ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി വീഴ്ത്തിയത് മൂന്നു വിക്കറ്റായിരുന്നു. മൂന്നും സ്പിൻ ചെയ്യാതിരുന്ന പന്തിലായിരുന്നു എന്നതാണ് കൗതുകം. 
വഹാബ് ഡബ്ൾ
പാക്കിസ്ഥാൻ വഹാബ് റിയാസിനെ ടീമിലെടുത്തത്  ഞെട്ടിച്ചിരുന്നു. ലോക ക്രിക്കറ്റ് വിസ്മരിച്ച കളിക്കാരനായിരുന്നു വഹാബ്. കാലം കഴിഞ്ഞ ബൗളർ. താൻ ഇവിടെത്തന്നെയുണ്ടെന്ന് ഇംഗ്ലണ്ടിനെതിരായ പ്രകടനത്തോടെ വഹാബ് തെളിയിച്ചു. 18 പന്തിൽ 38 റൺസ് മുഈൻഅലിക്കും ക്രിസ് വോക്‌സിനും അസാധ്യമായിരുന്നില്ല. എന്നാൽ തുടർച്ചയായ പന്തുകളിൽ രണ്ടു പേരെയും വഹാബ് കുടുക്കി.
മികച്ച കളി
ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ്: ഓവലിൽ ആർത്തുവിളിച്ച ആരാധകരെ ബംഗ്ലാദേശ് നിരാശപ്പെടുത്തിയില്ല. എല്ലാ വിഭാഗത്തിലും ദക്ഷിണാഫ്രിക്കയെ അവർ നിഷ്പ്രഭമാക്കി. ഏകദിനത്തിലെ ഉയർന്ന സ്‌കോർ നേടുകയും സമർഥമായി അത് പ്രതിരോധിക്കുകയും ചെയ്തു. 
റബാദ-ഇന്ത്യൻ മുൻനിര: ഗ്ലൗവിനെ ഉരസുകയും എഡ്ജുകൾക്ക് മുത്തം നൽകുകയും ബാറ്റിനെ തകർക്കുകയുമൊക്കെ ചെയ്ത ഉശിരൻ സ്‌പെല്ലായിരുന്നു ഇന്ത്യൻ മുൻനിരക്കെതിരെ ദക്ഷിണാഫ്രിക്കയുടെ കഗീസൊ റബാദ കാഴ്ചവെച്ചത്. എന്നാൽ റബാദയുടെ ആവേശം പങ്കുവെക്കാൻ ടീമിൽ ആരുമുണ്ടായില്ല. ഫീൽഡർമാർ റബാദയെ നിരാശപ്പെടുത്തി. ഇന്ത്യ അനായാസം ജയിച്ചു. 

മികച്ച തന്ത്രം
വിൻഡീസ് ബൗൺസർ
ട്രെന്റ്ബ്രിജിൽ പാക്കിസ്ഥാനെ ബൗൺസറുകളിലൂടെ വെസ്റ്റിൻഡീസ് വീഴ്ത്തിയത് ആദ്യ ആഴ്ചയിലെ മികച്ച കാഴ്ചയായി. അതികായന്മാരായ പെയ്‌സ്ബൗളർമാർ ആവശ്യത്തിലേറെയുള്ളപ്പോൾ എന്തിനു മടിച്ചുനിൽക്കണം? 105 ന് പാക്കിസ്ഥാൻ ഓളൗട്ട്. 
സ്പിന്നർ ഓപണർ
ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരത്തിനു മുമ്പ് ഇരു ടീമിലെയും പെയ്‌സർമാരായിരുന്നു ശ്രദ്ധാകേന്ദ്രം. എന്നാൽ ആദ്യ ഓവർ നാൽപതുകാരനായ ലെഗ്‌സ്പിന്നർ ഇംറാൻ താഹിറിനെ ഏൽപിച്ച ദക്ഷിണാഫ്രിക്കയുടെ തന്ത്രം താൽക്കാലികമായെങ്കിലും വിജയമായി. രണ്ടാമത്തെ പന്തിൽ ഇംഗ്ലണ്ട് ഓപണർ ജോണി ബെയർസ്‌റ്റൊ വീണു. 
ആഴ്ചയിലെ കൗതുകം
350 അപ്രാപ്യം
സ്‌കോർ 500 കടക്കുമെന്നായിരുന്നു വീരവാദം. എന്നാൽ ആദ്യ ആഴ്ച ഒരു ടീമും 350 ൽ പോലുമെത്തിയില്ല. 
പരിഹാസ്യമായി ദക്ഷിണാഫ്രിക്ക
മൂന്ന് ലോകകപ്പ് മത്സരങ്ങൾ ഇതുവരെ ദക്ഷിണാഫ്രിക്ക തുടർച്ചയായി തോറ്റിട്ടില്ല. നോക്കൗട്ടുകളെ ഭയക്കുന്ന ടീമിന് ടൂർണമെന്റ് ഇനി എട്ട് നോക്കൗട്ട് മത്സരങ്ങൾ പോലെയാണ്. കിരീടം നേടണമെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവശേഷിച്ച ആറ് കളിയും സെമിയും ഫൈനലും ജയിക്കണം. 

അബദ്ധങ്ങൾ
ഫാഫ് ഡുപ്ലെസി
ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി പുറത്തായത് ഒരു നിമിഷത്തിലെ വികാരത്തള്ളിച്ചയിലാണ്. മെഹ്ദി ഹസൻ മിറാസിന്റെ പന്തിനായി ഫാഫ് ക്രീസിൽ നിന്ന് ചാടിയിറങ്ങി. മത്സരത്തിൽ സ്പിൻ ചെയ്ത ഒരേയൊരു പന്തായിരുന്നു അതെന്നാണ് ബംഗ്ലാദേശ് നായകൻ മശ്‌റഫെ മുർതസ പറഞ്ഞത്.
 
മുശ്ഫിഖുറഹീം
ന്യൂസിലാന്റ് നായകൻ കെയ്ൻ വില്യംസൻ എട്ട് റൺസിലെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. മിഡോണിൽ നിന്ന് ത്രോ വരുമ്പോൾ വില്യംസൻ ക്രീസിന് ഏറെ അകലെയായിരുന്നു. എന്നാൽ അമിതാവേശത്തിൽ പന്ത് പിടിക്കുംമുമ്പെ ബംഗ്ലാദേശ് വിക്കറ്റ്കീപ്പർ ബെയ്ൽ തെറിപ്പിച്ചു. രക്ഷപ്പെട്ട വില്യംസൻ 40 റൺസെടുത്തു. ന്യൂസിലാന്റ് കഷ്ടിച്ച് രണ്ടു വിക്കറ്റിന് ജയിച്ചു.
 

Latest News