Sorry, you need to enable JavaScript to visit this website.

സഭാകമ്പം തീർക്കാൻ...

സോഷ്യൽ ഫോബിയ അഥവാ സഭാകമ്പം ഇന്ന് കണ്ടു വരുന്ന ഒരു പ്രധാനപ്രശ്‌നം തന്നെയാണ്. കഴിവുള്ളവരായിരിക്കും എങ്കിലും ആളുകളെ അഭിമുഖീകരിക്കാൻ മടി, വിറയൽ, ചമ്മൽ . ചില സന്ദർഭങ്ങളിൽ അപമാനത്തിനുപോലും പാത്രമാകേണ്ടി വരുന്നു. പേടിതന്നെയാണ് ഇതിനു കാരണം.
സാങ്കല്പിക കഥകൾ ഉണ്ടാക്കാൻ ഇത്തരക്കാർ മിടുക്കരാണ്. അവിടെത്തന്നെയാണ് ഇവരുടെ പരാജയവും. ആ സാങ്കല്പികകഥയെ കുറിച്ചുള്ള ഓരോ ചിന്തയും അവരിൽ ആശങ്കയും നെഞ്ചിടിപ്പും കൂട്ടും. താൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും തെറ്റിലേയ്ക്ക് ആയിരിക്കും എന്ന തെറ്റായ ചിന്ത സന്തത സഹചാരിയെന്നോണം ഇവരെ പിന്തുടരും.  ഉദാഹരണത്തിന്  ഇവർ ആരോടെങ്കിലും സംസാരത്തിൽ ഏർപ്പെട്ടു  എന്നുതന്നെ ഇരിക്കട്ടെ. പിന്നീട് ഇവർ ആ സംഭാഷണത്തെ കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരിക്കും. സംഭാഷണത്തിൽ തെറ്റ് കടന്നുവന്നോ, അനാവശ്യ സംഭാഷണം ഉണ്ടായോ എന്നീ കാര്യങ്ങൾ ഇവരെ അലട്ടും. അതുകൊണ്ട് തന്നെ ഇവർ മനപ്പൂർവ്വം ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കിക്കൊണ്ടിരിക്കും. 
ഏതൊരു കാര്യത്തെയും മുൻവിധിയോടെ സമീപിക്കുകയാണ് ഇവരുടെ പതിവ്. അതോർത്തു വേവലാതിപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ മനപ്പൂർവ്വം ഒഴിഞ്ഞു മാറും. ഇത് ഇത്തരക്കാരുടെ സ്വഭാവം, പഠിത്തം, ജോലി എന്നിവയെയെല്ലാം പ്രതികൂലമായി ബാധിക്കും. സഭാകമ്പം കൊണ്ടുതന്നെ ഉദ്യോഗസ്ഥർ പദവിയെയും വിദ്യാർഥികൾ നല്ല അവസരങ്ങളെയും കണ്ടില്ലെന്നു നടിക്കും. 
ഒരു തവണ നിറഞ്ഞ സദസിൽ അപമാനിതനാകേണ്ടി വന്ന ഒരാൾക്ക് വീണ്ടും ഒരു സദസിനെ നേരിടാൻ ഭയമായിരിക്കും. ഇത്തരത്തിൽ പല കാരണങ്ങൾ കൊണ്ട് ഭയമുണ്ടാകും.
പാരമ്പര്യം, സമൂഹവുമായുള്ള അപരിചിതത്വം എന്നിവ കൊണ്ടും ഇതുണ്ടാകും. പൊതുവെ ഇത്തരക്കാർ ഒതുങ്ങിക്കൂടിയ കഥാപാത്രങ്ങൾ ആയി ചിത്രീകരിക്കപ്പെടുന്നു. ചെറുപ്പത്തിലേ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. അപകർഷതാബോധം, തോൽക്കുമോ എന്ന ഭയം, വിമർശന ഭയം എന്നിവയാണ് ഇതിന്റെ പ്രധാനകാരണങ്ങൾ. ചെറിയ കാര്യങ്ങൾ പോലും ഇവരെ വേട്ടയാടുകയാണ് പതിവ്.
ഇത്തരം വ്യക്തിത്വത്തെ അയാൾ തന്നെ തിരിച്ചറിയുകയും  മോചനം തീവ്രമായി ആഗ്രഹിക്കുകയും ചെയ്യും. എന്നാൽ സ്വയരക്ഷ സാധ്യമാകുകയില്ല. ഇത്തരം ആളുകൾ കൗൺസലറെ സമീപിക്കുന്നതാണ് അഭികാമ്യം. പേടിയോടെ സമീപിച്ചിരുന്ന കാര്യങ്ങളിൽ കൂടുതലായി ഇടപെടുക. അതും സോഷ്യൽ ഫോബിയയെ തുരത്തും.  വിരലിൽ
എണ്ണാവുന്നവരിൽ തുടങ്ങി ഒരു വലിയ സദസ്സിലേക്ക് ഇത്തരക്കാരെ നയിക്കുക. ഇത്തരത്തിൽ ഘട്ടംഘട്ടമായി ചികിത്സ തുടങ്ങണം. ചിലർക്ക് മരുന്നുകൾ നിർദ്ദേശിക്കപ്പെടാറുണ്ട്. ബീഹേവിയറൽ തെറാപ്പി ആണ് ഇതിനെതിരെയുള്ള ചികിത്സാ രീതി.
 

Latest News