Sorry, you need to enable JavaScript to visit this website.

സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ചങ്ങരംകുളത്തെ ഫുൾജാർ സോഡ കച്ചവടം

മലപ്പുറം- സോഷ്യൽ മീഡിയയിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഫുൾ ജാർ സോഡ മലപ്പുറം ജില്ലയിലും വ്യാപകമാകുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം സോഡ കച്ചവടം തകൃതിയായി നടക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ചങ്ങരംകുളം ടൗണിൽ പുത്തൻപള്ളി റോഡിൽ ഫുൾ ജാർ സോഡ കുടിക്കാനെത്തുന്നവരുടെ തിരക്ക് കണ്ടാൽ അത്ഭുതപ്പെട്ടു പോകും. ചങ്ങരംകുളത്തെ ഏതാനും യുവാക്കൾ ചേർന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഫുൾ ജാർ സോഡ ചങ്ങരംകുളത്ത് എത്തിച്ചത്. സ്വന്തമായി ഒരു കച്ചവടം തുടങ്ങി ലാഭം ഉണ്ടാക്കലല്ല യുവാക്കളുടെ പുതിയ സംരഭത്തിന്റെ ലക്ഷ്യമെന്നറിയുമ്പോഴാണ് ഈ വ്യത്യസ്ഥമായ സോഡ കച്ചവടത്തിന് മധുരമേറുന്നത്. ഇരുവൃക്കകളും തകരാറിലായി ജീവൻ രക്ഷിക്കാൻ സഹായം തേടുന്ന പള്ളിക്കുന്ന് സ്വദേശിയായ മൻസൂർ എന്ന സുഹൃത്തിന്റെ ജീവൻ രക്ഷിക്കാനാണ് തികച്ചും വ്യത്യസ്ഥമായ സോഡ കച്ചവടവുമായി യുവാക്കൾ ചങ്ങരംകുളത്തെത്തുന്നത്. പകൽ വേളയിലെ കനത്ത വെയിൽ സമ്മാനിക്കുന്ന ദാഹമകറ്റാൻ വിപണിയിലെത്തിയിരിക്കുന്ന ഫുൾ ജാർ സോഡയ്ക്ക് വൻ ഡിമാൻഡാണ്. 
ദിവസവും യുവാക്കളുടെ വലിയ നിരയാണ് ഫുൾ ജാർ സോഡാ കേന്ദ്രങ്ങളിൽസ കാണുന്നത്. സോഡയിലേക്ക് നാരങ്ങ, ഇഞ്ചി, മുളക്, മധുര സിറപ്പ് എന്നിവയുടെ കൂട്ട് ചേർക്കുന്നതാണ് ഫുൾ ജാർ എന്ന പേരിലുള്ള ഈ പുതിയ പാനീയം. സോഡയിലേക്കു ഇതിന്റെ മിശ്രിതം ചേർക്കുമ്പോൾ തന്നെ നുരഞ്ഞു പുറത്തേക്കൊഴുകുന്ന ഈ പാനീയം എത്രയും വേഗത്തിൽ സേവിച്ചാൽ ഇതിന്റെ യഥാർഥ രുചിയറിയാം. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ ഹിറ്റായിരിക്കുന്ന ഫുൾ ജാർ സോഡ എന്ന ഈ മിശ്രിത പാനീയത്തിന് 15 രൂപ മുതൽ 30 രൂപ വരെ വിവിധ വിപണന കേന്ദ്രങ്ങളിൽ ഈടാക്കുന്നത്. പ്രധാനമായും ന്യൂ ജനറേഷനു മുന്നിൽ ഒരു ട്രെൻഡ് ആയി ടിക് ടോക്കിൽ അടക്കം വിവിധ രൂപത്തിലാണ് ഫുൾ ജാർ സോഡ ഓടിക്കൊണ്ടിരിക്കുന്നത്. ചെറുനാരങ്ങയും ഇഞ്ചി ചതച്ചതും കാന്താരി മുളക് ചതച്ചതും ഉപ്പും കസ്‌കസും ചേർത്ത മിശ്രിതത്തിലേക്കു പഞ്ചസാര ലായനി ഒഴിക്കുന്നതാണ് ഫുൾ ജാർ സോഡയുടെ ആദ്യഘട്ടം. പിന്നീട് ഒരു വലിയ ഗ്ലാസ് എടുത്ത് അതിന്റെ മുക്കാൽ ഭാഗം സോഡ ഒഴിച്ച് അതിൽ നേരത്തെ തയാറാക്കി വച്ച മിശ്രിതം ഗ്ലാസ് ഉൾപ്പെടെ സോഡയിലേക്കു ഇടുന്നതോടെ ഫുൾ ജാർ സോഡ റെഡി. 
നോമ്പുതുറ കഴിഞ്ഞുള്ള സമയത്തായിരുന്നു ഫുൾ ജാർ സോഡയ്ക്ക് ഏറെ തിരക്കനുഭവപ്പെട്ടത്. പലയിടത്തും ശീതളപാനീയ കടകൾക്കു മുന്നിൽ ക്യൂനിന്നാണ് ആളുകൾ ഫുൾ ജാർ സോഡ വാങ്ങിയിരുന്നത്.  ഇപ്പോഴും ഇത്തരം സോഡ കുടിക്കാൻ ധാരാളം പേരാണ് എത്തുന്നത്. അതിനാൽ മലപ്പുറത്തിന്റെ വഴിയോരങ്ങളിലെല്ലാം ഫുൾ ജാർ ഡോഡ വിൽപ്പന വ്യാപകമായിട്ടുണ്ട്. ചങ്ങരംകുളത്തെ ഏതാനും യുവാക്കൾ ചേർന്നു 
നടത്തുന്ന കച്ചവട ലാഭം  മൻസൂർ എന്ന യുവാവിന്റെ ചികിൽസക്ക് ചെലവഴിക്കുകയാണ്. സംരംഭം തുടങ്ങി രണ്ടു ദിവസവും വലിയ ജനപിന്തുണയും സഹകരണവും പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നതായും തങ്ങളാൽ കഴിയുന്ന വിധം സഹപ്രവർത്തകനെ സഹായിക്കുകയാണ് ലക്ഷ്യമെന്നും യുവാക്കൾ പറയുന്നു. ഏതായാലും മലപ്പുറത്തു കുഴിമന്തി, കുലുക്കി സർബത്ത് തുടങ്ങിയവയായിരുന്നു ഇതിനു മുമ്പു വിപണി കീഴക്കിയതെങ്കിൽ ഇപ്പോഴത്തെ താരം ഫുൾ ജാർ സോഡയാണ്.


 

Latest News