Sorry, you need to enable JavaScript to visit this website.

നോമ്പിന്റെ നിർവൃതിയിൽ ഫിഫ റഫറി മർക്കസിൽ

ഫിഫ റഫറി മുസ്തഫ ചലാൽ മർക്കസിൽ നോമ്പുതുറക്കുന്നു. വലത്ത്: പാരിസ് മാരത്തൺ മത്സരങ്ങൾക്ക് ലഭിച്ച മെഡലുകളുമായി മുസ്തഫ 

കോഴിക്കോട് കാരന്തൂർ മർക്കസുസ്സഖാഫത്തിസ്സുന്നിയ്യയിലെ നോമ്പുകാലത്തിന്റെ നിർവൃതി നുകരാൻ  ഫിഫ റഫറിയും പാരീസിലെ അറിയപ്പെട്ട മാരത്തൺ ഓട്ടക്കാരനുമായ മുസ്തഫ ചലാൽ പാരിസ്. സ്‌പോർട്‌സിനെ ജീവിതത്തോട് ചേർത്തുപിടിക്കുന്ന ഈ കായിക പ്രതിഭ ഈ വർഷത്തെ നോമ്പുകാലത്ത് വ്യത്യസ്തമായ ആത്മീയ സാംസ്‌കാരിക അനുഭൂതികളിൽ ചെലവഴിക്കണമെന്ന മോഹത്തോടെയാണ് മർക്കസിൽ എത്തിയത്. സുഹൃത്തുക്കൾ മുഖേനയാണ് കോഴിക്കോട്ടെ മർക്കസിനെ കുറിച്ച് അറിഞ്ഞതെന്ന് മുസ്തഫ പറഞ്ഞു.
ഫ്രാൻസിന്റെ പൂർവ്വകോളനിയായിരുന്ന അൾജിരീയയിൽ നിന്ന് പാരീസിലേക്കു കുടിയേറിയ കുടുംബമാണ് മുസ്തഫയുടെയാണ്. വടക്കൻ അൾജീരിയയിലെ കാബയില എന്ന ഇവരുടെ പ്രദേശത്ത്  നിന്നാണ് ലോക ഫുട്‌ബോളർ സിനദിൻ സിദാന്റെ പിതാവും ഫ്രാൻസിലേക്ക് കുടിയേറിയത്. സിദാൻ തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നും ഇടക്കിടെ കാണാറുണ്ടെന്നും മുസ്തഫ പറഞ്ഞു.
2000 മുതൽ 2015 വരെ ഫിഫ റഫറിയായിരുന്നു ഇദ്ദേഹം. ഫിഫയുടെ രാജ്യാന്തര ജൂനിയർ മത്സരങ്ങളും മാഞ്ചെസ്റ്റർ യുണൈറ്റഡും ലിവർപൂളും പോലുള്ള യൂറോപ്യൻ ക്ലബുകളുടെ മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഫ്രഞ്ചുകാരനാണെങ്കിലും ലാറ്റിനമേരിക്കൻ ഫുട്‌ബോളാണ് കൂടുതൽ  ഇഷ്ടമെന്ന്  മുസ്തഫ. ബ്രസീൽ ആണ് പ്രിയപ്പെട്ട ടീം. 2018 ലെ പാരിസ് ദെ മാരത്തണിൽ ഒന്നാമതെത്തിയത് മുസ്തഫയായിരുന്നു. 2017 ൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന മരത്തണിലും ഒന്നാം സ്ഥാനമായിരുന്നു. ദിനേന 15 കി.മീ പ്രഭാതത്തിൽ ഇദ്ദേഹം ഓടും. മർക്കസിൽ ഉണ്ടായിരുന്ന അഞ്ചു ദിവസവും ഈ പതിവ് തെറ്റിച്ചില്ല. ഖുർആൻ പഠിക്കാനും സമയം കണ്ടെത്തി മുസ്തഫ  ഈ വരവിൽ. വിദ്യാഭ്യാസ രംഗത്തും സാമൂഹിക ജീവകാരുണ്യ മേഖലയിലും ഇന്ത്യയിലാകെ സേവനങ്ങൾ ചെയ്യുന്ന സ്ഥാപനത്തിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പലയാവർത്തി പ്രകടിപ്പിച്ചു. മർക്കസ് ഓർഫനേജിലെ വിദ്യാർത്ഥികൾക്ക്  അദ്ദേഹം സമ്മാനങ്ങൾ  നൽകി.
കേരളത്തിലെ ജനങ്ങളുടെ  പെരുമാറ്റവും സ്‌നേഹവും മനം നിറച്ചെന്നും മുസ്തഫ പറഞ്ഞു. 33 രാജ്യങ്ങൾ സന്ദർശിച്ച തനിക്ക് ഏറ്റവും മധുരമുള്ള അനുഭവങ്ങളാണ് കേരളം നൽകിയത്. ഇവിടെ  വിവിധ മതവിശ്വാസികൾക്കിടയിലെ സ്‌നേഹവും ഒരുമയും അതിശയിപ്പിക്കുന്നു. കേരള ബിരിയാണിക്ക് അവാച്യമായ രുചിയാണ്. ഇനിയും ഇങ്ങോട്ട് തീർച്ചയായും വരുമെന്ന് പറഞ്ഞാണ് മുസ്തഫ മടങ്ങിയത്.
 

Latest News