Sorry, you need to enable JavaScript to visit this website.

നെയ്മാർ എങ്ങോട്ട്?

ക്യാപ്റ്റന്റെ തൊപ്പി തെറിച്ച നെയ്മാർ പരിക്കുകളിൽ തളർന്നാണ് കോപ അമേരിക്കക്ക് ഒരുങ്ങുന്നത്. ബ്രസീൽ സ്‌നേഹിച്ചു വഷളാക്കിയ നെയ്മാർ കരിയറിന്റെ വഴിത്തിരിവിലാണ്...

ആശങ്കകളുടെയും വിമർശനങ്ങളുടെയും കുത്തൊഴുക്കിനിടയിലാണ് നെയ്മാർ കോപ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിനുള്ള തയാറെടുപ്പ് തുടങ്ങിയത്. ആ്ദ്യ ദിനം തന്നെ കോച്ചിൽനിന്ന് കേട്ടത് ശുഭ വാർത്തയായിരുന്നില്ല. തന്നെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുകയും പ്രിയ സുഹൃത്ത് ഡാനി ആൽവേസിനെ പകരം നിയമിക്കുകയും ചെയ്ത വാർത്തയാണ് കോച്ച് ടിറ്റി ഇരുപത്തേഴുകാരന് കൈമാറിയത്. 
നെയ്മാറിനു മേലെ തങ്ങിനിൽക്കുന്ന നിരവധി കാർമേഘങ്ങളിൽ ഒന്നു മാത്രമാണ് അത്. അതിൽ പ്രധാനം പരിക്കാണ്. ഒരിക്കൽ കൂടി വലതു കാലിലെ അഞ്ചാമത്തെ മെറ്റാടാർസൽ പരിക്കുമായി വലയുകയാണ് സ്‌ട്രൈക്കർ. ഇതേ പരിക്കാണ് കഴിഞ്ഞ ലോകകപ്പിൽ നെയ്മാറിന്റെ കുതിപ്പിന്റെയും ഡ്രിബഌകളുടെയും ഒഴുക്ക് തടഞ്ഞത്. 70 ദിവസത്തോളം വിശ്രമിച്ച ശേഷമാണ് ഏപ്രിലിൽ പരിശീലനത്തിനു തിരിച്ചുവന്നത്. പിന്നീട് പാരിസ് സെയ്ന്റ് ജർമാനു വേണ്ടി കളിച്ചത് വെറും നാലു മത്സരങ്ങളാണ്. 
ഈ മാസം മധ്യത്തോടെ ബ്രസീലിൽ കോപ അമേരിക്ക ആരംഭിക്കും മുമ്പ് ഈയാഴ്ച ബ്രസീൽ ടീമിന് രണ്ട് സന്നാഹ മത്സരങ്ങളുണ്ട്. ഖത്തറിനും ഹോണ്ടൂറാസിനുമെതിരെ. കഴിഞ്ഞ വർഷത്തെ ലോകകപ്പിനെക്കാൾ മികച്ച ശാരീരികാവസ്ഥയിലായിരിക്കും നെയ്മാറെന്ന് ബ്രസീൽ ടീമിന്റെ ഫിറ്റ്‌നസ് കോച്ച് ഫാബിയൊ മഹ്‌സറെജിയാൻ ഉറപ്പു നൽകുന്നു. 
ഈ മാസം 14 നാണ് കോപ അമേരിക്ക തുടങ്ങുന്നത്. സാവൊപൗളോയിലെ മോറുംബി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെ ബ്രസീൽ നേരിടും. വെനിസ്വേല, പെറു ടീമുകളും തുടർന്ന് ബ്രസീലിനെ കാത്തിരിക്കുന്നു. 2007 നു ശേഷം ബ്രസീലിന് കോപ അമേരിക്കയിൽ കൈ വെക്കാനായിട്ടില്ല. 
കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന ലോകകപ്പ് സമയത്തും നെയ്മാറിന്റെ പരിക്കിനെക്കുറിച്ച് ഇതേ അഭിപ്രായമാണ് ബ്രസീൽ കോച്ചിംഗ് സ്റ്റാഫ് പ്രകടിപ്പിച്ചത്. എന്നാൽ നെയ്മാർ ലോകകപ്പിൽ ശ്രദ്ധ പിടിച്ചുപറ്റിയത് കുതിപ്പുകൾ കൊണ്ടല്ലായിരുന്നു, ഫ്രീകിക്കുകൾ കിട്ടാനുള്ള കരണം മറിച്ചിലുകൾ കൊണ്ടായിരുന്നു. 
കോപ അമേരിക്കയിലേക്ക് ചുവട് വെക്കുമ്പോൾ അച്ചടക്കമില്ലായ്മയാണ് നെയ്മാറിനെ അലട്ടുന്ന രണ്ടാമത്തെ പ്രശ്‌നം. ഫ്രഞ്ച് കപ്പ് ഫൈനലിനു ശേഷം ഒരു ആരാധകനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതിന് ഫ്രാൻസിൽ മൂന്നു മത്സരങ്ങളുടെ വിലക്കനുഭവിക്കുകയാണ് നെയ്മാർ. പരസ്യമായി ചില സഹതാരങ്ങളെ വിമർശിക്കുകയും ചെയ്തു. ബ്രസീൽ കോച്ച് ടിറ്റി അത് സന്തോഷത്തോടെയല്ല ശ്രവിച്ചത്. ക്യാപ്റ്റൻസി തെറിച്ചതിന് അതും കാരണമാവാം. നെയ്മാറുമായി കോച്ച് നേരിട്ട ്‌സംസാരിച്ച ശേഷമാണ് ഡാനി ആൽവേസിനെ പുതിയ ക്യാപ്റ്റനായി നിശ്ചയിക്കാൻ ടിറ്റി തീരുമാനിച്ചതെന്ന് ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ പറയുന്നു. 
ക്യാപ്റ്റൻസി ആം ബാന്റിനോട് നെയ്മാർ മതിയായ ആദരവ് കാണിക്കുന്നില്ലെന്നാണ് 2002 ൽ ബ്രസീലിനെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച കഫു അഭിപ്രായപ്പെടുന്നത്. ക്യാപ്റ്റനാവുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. ടീമിലെ സൂപ്പർസ്റ്റാർ ആവുന്നതിനെക്കാൾ ഭാരിച്ചതാണ് ആ ചുമതല -കഫു ചൂണ്ടിക്കാട്ടി. 
നെയ്മാറിന് ബ്രസീലിൽ ജനപ്രീതി ഇടിയാൻ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. തീവ്ര വലതുപക്ഷ നേതാവ് ജയർ ബോൾസനാരോക്ക് ഈയിടെ നെയ്മാർ പിന്തുണ പ്രഖ്യാപിച്ചു. വംശീയവും സ്ത്രീവിരുദ്ധവും സ്വവർഗാനുരാഗ വിരുദ്ധവുമായ നിരവധി പരാമർശങ്ങൾക്കുടമയാണ് ബോൾസനാരൊ. അതിനു പിന്നാലെയാണ് നെയ്മാറിന്റെ പിതാവ് ബോൾസനാരോയെയും ധന മന്ത്രി പൗളൊ ഗ്വിദേസിനെയും കണ്ട് താരത്തിന്റെ നികുതി വെട്ടിപ്പ് കേസിൽ അനുകൂല തീരുമാനത്തിനായി അഭ്യർഥിച്ചത്. 
സ്വന്തം മണ്ണിൽ നെയ്മാറിന്റെ നാലാമത്തെ പ്രധാന ടൂർണമെന്റായിരിക്കും കോപ അമേരിക്ക. 2013 ലെ കോൺഫെഡറേഷൻസ് കപ്പിൽ ബ്രസീൽ ചാമ്പ്യന്മാരായി, നെയ്മാർ പ്ലയർ ഓഫ് ദ ടൂർണമെന്റും.  2016 ലെ റിയൊ ഒളിംപിക്‌സിൽ ടീമിനെ നെയ്മാർ സ്വർണ മെഡലിലേക്ക് നയിച്ചു. എന്നാൽ 2014 ലെ ലോകകപ്പിൽ പരിക്കുമായി നെയ്മാർ വിട്ടുനിന്ന സെമി ഫൈനലിൽ ജർമനിയോട് ബ്രസീൽ 1-7 ന് നാണം കെട്ടു. കോപ എന്തായിരിക്കും നെയ്മാറിന് കാത്തുവെച്ചിരിക്കുന്നത്? 

Latest News