Sorry, you need to enable JavaScript to visit this website.

യൂറോപ്പ് പിടിക്കാന്‍ ഇംഗ്ലിഷ് വമ്പന്മാര്‍

മഡ്രീഡ് - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ടീമുകളായ ലിവര്‍പൂളും ടോട്ടനമും ഏറ്റുമുട്ടും. തിരിച്ചുവരവുകളുടെ രാജാക്കന്മാരാണ് ഇന്ന് മുഖാമുഖം വരുന്നത്. ബാഴ്‌സലോണക്കെതിരെ സെമിയില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടേടത്തു നിന്നാണ് ലിവര്‍പൂള്‍ അവിസ്മരണീയമായി തിരിച്ചുവന്നത്. ടോട്ടനത്തിന്റെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അസ്തമിക്കേണ്ടതായിരുന്നു. ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും അയാക്‌സിന്റെയും അതിശക്തമായ തിരിച്ചടികള്‍ മറികടന്നാണ് അവര്‍ ഫൈനലില്‍ സ്ഥാനം പിടിച്ചത്. 
ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലിതുവരെ ഇത്രമാത്രം നാടകീയ നിമിഷങ്ങള്‍ രണ്ടു ടീമുകള്‍ക്ക് അതിജീവിക്കേണ്ടി വന്നിട്ടില്ല. സുദീര്‍ഘ കാലം ആഭ്യന്തര ലീഗില്‍ കിരീടം നേടാത്ത രണ്ടു ടീമുകള്‍ ഇതുപോലെ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ കളിച്ചിട്ടില്ല. ലിവര്‍പൂളിനെ സംബന്ധിച്ചേടത്തോളമെങ്കിലും ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം കൈവിട്ടത് ചാമ്പ്യന്‍സ് ലീഗ് നേടാമെന്ന വിശ്വാസത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. ടോട്ടനത്തെ തോല്‍പിച്ചാല്‍ ചാമ്പ്യന്‍സ് ലീഗുകളുടെ എണ്ണത്തില്‍ ബാഴ്‌സലോണയെ മറികടക്കാന്‍ ലിവര്‍പൂളിന് സാധിക്കും. അഞ്ച് കിരീടങ്ങളുമായി ബാഴ്‌സലോണയും ലിവര്‍പൂളും ഇപ്പോള്‍ ഒപ്പമാണ്. 
കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ടോട്ടനം പ്രതീക്ഷിക്കുന്നത്. ഏഴു വര്‍ഷമായി ചാമ്പ്യന്‍സ് ലീഗില്‍ പുതിയ ജേതാക്കളുണ്ടായിട്ടില്ല. യൂറോപ്യന്‍ ചാമ്പ്യന്മാരുടെ പട്ടികയില്‍ ഇരുപത്തിമൂന്നാമത്തെ പേര് ചേര്‍ക്കാനുള്ള വെമ്പലിലാണ് അവര്‍. 
ചാമ്പ്യന്‍സ് ലീഗില്‍ ഏഴാം തവണയാണ് ഒരേ രാജ്യത്തെ ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഏഴു വര്‍ഷത്തിനിടെ നാലാം തവണയും. പരസ്പരം നന്നായി അറിയാമെന്നത് പോരാട്ടത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. 
കരുത്തിനനുസരിച്ച് കളിച്ചാല്‍ ഈ കിരീടം ലിവര്‍പൂളിനുള്ളതാണ്. എന്നാല്‍ തന്ത്രങ്ങളാണ് ഈ സീസണില്‍ വിജയം നിര്‍ണയിച്ചത്. ടോട്ടനത്തിന് പ്രതീക്ഷ നല്‍കുന്നതും അതാണ്. ഹാരി കെയ്ന്‍ പരിക്ക് മുക്തനായി എത്തുന്നതും അവര്‍ക്ക് ആവേശം പകരും. ടോട്ടനം കോച്ച് മൗറിഷ്യൊ പോചറ്റീനൊ കരിയറില്‍ ഇതുവരെ കിരീടം നേടിയിട്ടില്ല. ലിവര്‍പൂളില്‍ യൂര്‍ഗന്‍ ക്ലോപ്പിനും ട്രോഫികള്‍ നേടാനായിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി രണ്ടു പേര്‍ക്കും ഭ്രമിപ്പിക്കുന്ന ഉപഹാരമായിരിക്കും. 

 
 

Latest News