Sorry, you need to enable JavaScript to visit this website.

ആര് നേടും, നായകർ പറയട്ടെ

ലോകകപ്പ് ക്രിക്കറ്റിന് തിരശ്ശീല ഉയരാൻ ഇനി ദിവസങ്ങൾ മാത്രം. ആര് കിരീടം നേടുമെന്ന പ്രവചനങ്ങൾ പൊടിപൊടിക്കുകയാണ്. എന്നാൽ ക്യാപ്റ്റന്മാർ എന്തു കരുതുന്നു? അശ്വമുഖത്തു നിന്ന് തന്നെ കേൾക്കാം...

ആരൺ ഫിഞ്ച് (ഓസ്‌ട്രേലിയ)
നല്ല ചോദ്യം. എനിക്കു തോന്നുന്നു കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയോടൊപ്പം മികച്ച ഫോമിലുള്ള ടീം ഇംഗ്ലണ്ടാണ്. ഈ രണ്ടു ടീമുകളായിരിക്കും ശ്രദ്ധാകേന്ദ്രം. പ്രത്യേകിച്ചും ഇംഗ്ലണ്ടിനാണ് സാധ്യതയെന്ന് പറയേണ്ടി വരും. 
എന്നാൽ ഓസ്‌ട്രേലിയൻ ടീമിലെ പല കളിക്കാർക്കും ലോകകപ്പിൽ കളിച്ച പരിചയമുണ്ട്. ലോകകപ്പ് ജയിച്ച ആറ് കളിക്കാർ ടീമിലുണ്ടെന്നത് ടൂർണമെന്റ് പുരോഗമിക്കുമ്പോൾ ഞങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ലോകകപ്പ് വേറെ തന്നെ ടൂർണമെന്റാണ്. കളിക്കളത്തിൽ ഇറങ്ങുമ്പോൾ തന്നെ പിരിമുറുക്കം നിങ്ങളെ പിടികൂടും. ഈ ലോകകപ്പും വലിയ അനുഭവമാവും. 

ഓയിൻ മോർഗൻ (ഇംഗ്ലണ്ട്)
ഒരു ധാരണയുമില്ല. ഏതെങ്കിലും ടീം മറ്റു ടീമുകളേക്കാൾ ഏറെ മുന്നിലാണെന്ന വിശ്വാസമൊന്നും എനിക്കില്ല. ഇത് 10 ടീമുകളുടെ ലോകകപ്പാണ്. പത്തും ലോകത്തിലെ മികച്ച ടീമുകളാണ്. അതുകൊണ്ടു തന്നെ അസാധാരണമാം വിധം ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കാം. ഉന്നത നിലവാരമുള്ള മത്സരങ്ങളാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.
തീർച്ചയായും ആതിഥേയർ എന്നത് വലിയൊരു ഘടകമാണ്. ആതിഥേയരെന്ന മുൻതൂക്കം എന്നാണ് അതിന് പറയുന്നത്. ഞങ്ങൾക്ക് കുടുംബങ്ങൾക്കരികെ കൂടുതൽ കഴിയാം, സാധാരണ പോലെ പരിശീലനം നടത്താം. എന്നാൽ ഇംഗ്ലണ്ട് ക്രിക്കറ്റ് കളിക്കാൻ ഏറ്റവും പറ്റിയ ഇടമാണെന്ന് എല്ലാ കളിക്കാരും സമ്മതിക്കും. അവർ ഇവിടെ വരാനും കളിക്കാനും ഇഷ്ടപ്പെടും. 

വിരാട് കോഹ്്‌ലി (ഇന്ത്യ)
ഞങ്ങളുടെ രണ്ട് സന്നാഹ മത്സരങ്ങൾ പോലും തൽസമയം സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. അതിനാൽ പിരിമുറുക്കം തുടങ്ങിക്കഴിഞ്ഞു. ലോകത്തെവിടെ കളിച്ചാലും ഇന്ത്യൻ ടീമിനെ പിന്തുടരുന്ന വലിയ ആരാധക വൃന്ദമുണ്ടാവും. എങ്കിലും ആരൺ ഫിഞ്ചിനോട് ഞാൻ യോജിക്കുന്നു. ഇവിടത്തെ സാഹചര്യത്തിൽ ഇംഗ്ലണ്ടാണ് ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീം. ഒപ്പം മോർഗനോടും ഞാൻ യോജിക്കുന്നു. പത്തു ടീമും സന്തുലിതവും കരുത്തുറ്റതുമാണ്. ഈ ടൂർണമെന്റിൽ പത്തു ടീമുകളും പരസ്പരം കളിക്കണം. ഏറ്റവും വാശിയേറിയ ലോകകപ്പായിരിക്കും ഇതെന്നാണ് ഞാൻ കരുതുന്നത്. 

സർഫറാസ് അഹ്്മദ് (പാക്കിസ്ഥാൻ)
കോഹ്്‌ലിയും മോർഗനും പറഞ്ഞതു പോലെ പത്തു ടീമുകളും സന്തുലിതവും കരുത്തുറ്റതുമാണ്. എല്ലാ ടീമുകൾക്കും ഞാൻ വിജയാശംസ നേരുന്നു. നല്ല ക്രിക്കറ്റായിരിക്കും കാണികൾ ആസ്വദിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്. 
മുൻകാലത്തെ പാക്കിസ്ഥാൻ ടീമുകളുടെ ഇംഗ്ലണ്ടിലെ പ്രകടനം ഞങ്ങൾക്ക് ആവേശം പകരുന്നു. 1999 ലെ ടെസ്റ്റ് പരമ്പരയും 1999 ലെ ലോകകപ്പും 2017 ലെ ചാമ്പ്യൻസ് ട്രോഫിയുമെല്ലാം പാക്കിസ്ഥാന് ആവേശകരമായ ഓർമകളാണ്. പാക്കിസ്ഥാൻ മിക്കപ്പോഴും ഇംഗ്ലണ്ടിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. അതിനാൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.

ദിമുത് കരുണരത്‌നെ (ശ്രീലങ്ക)
നല്ല കളിയാണ് സമീപകാലത്ത് ശ്രീലങ്ക കളിക്കുന്നത്. ഇംഗ്ലണ്ടിൽ ടീമിന് നല്ല അനുഭവ പരിചയവുമുണ്ട്. അതിനാൽ ഏറ്റവും നന്നായി കളിക്കാൻ ഞങ്ങൾ ശ്രമിക്കും. സാഹചര്യങ്ങളുമായി ഇണങ്ങാൻ നേരത്തെ ഞങ്ങൾ എത്തി. പരിശീലനം നല്ല രീതിയിൽ പുരോഗമിക്കുന്നു.

കെയ്ൻ വില്യംസൻ (ന്യൂസിലാന്റ്)
കഴിഞ്ഞ ലോകകപ്പ് കളിച്ച ഏതാനും പേർ ടീമിലുണ്ട് എന്നത് ന്യൂസിലാന്റിന് വലിയ ആത്മവിശ്വാസം നൽകുന്നു. നാലു വർഷത്തെ ഇടവേളയിൽ നിരവധി പുതിയ കളിക്കാരും ടീമിലെത്തിയിട്ടുണ്ട്. റാങ്കിംഗിനെക്കുറിച്ചും കിരീട സാധ്യതകളെക്കുറിച്ചും കറുത്ത കുതിരകളെക്കുറിച്ചുമൊക്കെ വലിയ ചർച്ച നടക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ടീമുകൾ എത്ര സന്തുലിതമാണ് എന്നതാണ് പ്രധാനം. ഒരു പ്രത്യേക ദിനത്തിൽ എന്തും സംഭവിക്കാം. അതാണ് ടൂർണമെന്റുകളെ ആവേശകരമാക്കുന്നത്. 

ഫാഫ് ഡുപ്ലെസി (ദക്ഷിണാഫ്രിക്ക)
രാജ്യാന്തര ക്രിക്കറ്റിലെ സമീപകാല ട്രെൻഡ് ടീമുകൾ നാട്ടിലും വിദേശത്തും ഏതാണ്ട് ഒരുപോലെ മത്സരിക്കുന്നു എന്നതാണ്. ആതിഥേയ ടീമുകൾ മേധാവിത്വം പുലർത്തുന്ന പഴയ രീതി മാറുകയാണ്. അതിനാൽ മറ്റു ക്യാപ്റ്റന്മാർ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. എല്ലാ ടീമകളും എല്ലാ ടീമുകളെയും നേരിടുന്ന ഈ ടൂർണമെന്റിന്റെ രീതി പരീക്ഷിക്കാൻ കാത്തിരിക്കുകയാണ് ഞാൻ. മികച്ച ടൂർണമെന്റ് തന്നെ പ്രതീക്ഷിക്കാം. 

മശ്‌റഫെ മുർതസ (ബംഗ്ലാദേശ്)
ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ടീമാണ് ഇത്തവണ ലോകകപ്പിന് വന്നിരിക്കുന്നത്. ഏതാനും യുവ കളിക്കാർ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ആവേശത്തോടെയാണ് ഞങ്ങൾ ഇറങ്ങുന്നത്. 

ജെയ്‌സൻ ഹോൾഡർ (വെസ്റ്റിൻഡീസ്)
എല്ലാ ടീമുകളുമായും കളിക്കാൻ കിട്ടുന്ന ഈ അവസരം വെസ്റ്റിൻഡീസിന് ആഹ്ലാദകരമാണ്. വളരെ കഠിനാധ്വാനം ചെയ്താണ് ഞങ്ങൾ ഇവിടെയെത്തിയത്. യോഗ്യതാ റൗണ്ട് കടന്നു വരേണ്ടി വന്നു. അതിനാൽ ലോകത്തിലെ 10 മുൻനിര ടീമുകളിലെത്തിയത് സന്തോഷകരമാണ്. മറ്റു ടീമുകൾക്കെതിരെ പോരാടാൻ കിട്ടുന്ന അവസരവും വലുതാണ്. ഈ ലോകകപ്പ് ജയിക്കുന്ന ടീം തീർച്ചയായും വിജയം അർഹിക്കുന്നവർ തന്നെയായിരിക്കും.

ഗുൽബദ്ദീൻ നാഇബ് (അഫ്ഗാനിസ്ഥാൻ)
അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ സമാധാനമുണ്ടെങ്കിൽ അതിന് വലിയ കാരണം ക്രിക്കറ്റാണ്. ഞങ്ങൾക്ക് സന്തോഷവും പ്രതീക്ഷയുമുണ്ട്. നാട്ടിലെ സമാധാനാന്തരീക്ഷം ലോകകപ്പിൽ നന്നായി കളിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നു. ഈ ജനക്കൂട്ടങ്ങൾക്കു മുന്നിൽ കളിക്കാനാവുന്നത് ഞങ്ങൾക്ക് നൽകുന്ന സന്തോഷം ചില്ലറയല്ല. 
ഇത് ലോകത്തിലെ പത്ത് മികച്ച ടീമുകളാണ്. അതിലൊന്നായി അഫ്ഗാനിസ്ഥാനെ പ്രതിനിധാനം ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. 

Latest News