Sorry, you need to enable JavaScript to visit this website.

ജിദ്ദയിലെ ആശുപത്രിയിൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാത  ശിശുവിനെ കണ്ടെത്തി

പിതാവ് ഹുസൈൻ ബിൻ അഹ്മദ് അൽഫാരിഅ് കുഞ്ഞിനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ.

ജിദ്ദ- പടിഞ്ഞാറൻ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയ നവജാത ശിശു നൂർ അൽഫാരിഇനെ 36 മണിക്കൂറിനു ശേഷം കണ്ടെത്തി. അൽനഹ്ദ ഡിസ്ട്രിക്ടിലെ ആശുപത്രിയിലെ റിസപ്ഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞിനെ ഇന്നലെ ഉച്ചക്ക് കണ്ടെത്തിയത്. പിതാവിന്റെ മൊബൈൽ ഫോൺ നമ്പർ രേഖപ്പെടുത്തിയ കടലാസ് തുണ്ട് കുഞ്ഞിനൊപ്പം ഉപേക്ഷിച്ച് സ്ത്രീ ആശുപത്രിയിൽ നിന്ന് സ്ഥലം വിടുകയായിരുന്നു. ഈ നമ്പറിൽ ബന്ധപ്പെടണമെന്ന അപേക്ഷയും കടലാസ് തുണ്ടിലുണ്ടായിരുന്നു. 
റിസപ്ഷനിലെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ ആശുപത്രി ജീവനക്കാർ കടലാസ് തുണ്ടിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കുഞ്ഞിന്റെ പിതാവാണ് ഫോൺ അറ്റന്റ് ചെയ്തത്. സുരക്ഷാ വകുപ്പുകൾ അന്വേഷണം ഊർജിതമാക്കിയതോടെ രക്ഷപ്പെടാനാകില്ലെന്ന് കണ്ടാണ് കുഞ്ഞിനെ സ്ത്രീ മറ്റൊരു ആശുപത്രിയിൽ ഉപേക്ഷിച്ചത്. കുഞ്ഞിനെ കാണാതായതിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളിൽ നിന്നാണ് പ്രതിക്ക് പിതാവിന്റെ ഫോൺ നമ്പർ ലഭിച്ചതെന്നാണ് വിവരം. 
എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയതിൽ പിതാവ് ഹുസൈൻ ബിൻ അഹ്മദ് അൽഫാരിഅ് ആഹ്ലാദം പ്രകടിപ്പിച്ചു. കുഞ്ഞിനു വേണ്ടിയുള്ള അന്വേഷണത്തിൽ സഹകരിക്കുകയും തങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്ത എല്ലാവർക്കും സൗദി പൗരൻ നന്ദി പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അതേ വനിത തന്നെയാണ് മറ്റൊരു ആശുപത്രിയിൽ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പ്രതിക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്. 
പടിഞ്ഞാറൻ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വ്യാഴാഴ്ച രാത്രി പത്തരക്കാണ് ഒരു ദിവസം മാത്രം പ്രായമുള്ള പെകുഞ്ഞിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്. ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മെഡിക്കൽ ജീവനക്കാർ ധരിക്കുന്നതു പോലുള്ള ഓവർകോട്ട് ധരിച്ച് പ്രസവവാർഡിൽ പ്രവേശിച്ച വനിത പരിശോധനക്കെന്ന വ്യാജേനെ മാതാവിന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. നവജാതശിശുക്കളെ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക സ്‌ട്രെച്ചറിലാണ് ഇവർ കുഞ്ഞിനെ വാർഡിൽ നിന്ന് പുറത്തുകടത്തിയത്. ഇതിനു ശേഷം സ്‌ട്രെച്ചർ ഉപേക്ഷിച്ച് കുഞ്ഞിനെയുമായി ആശുപത്രിയിൽ നിന്ന് പുറത്തുകടന്നു. ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുകയായിരുന്ന കാറിലുണ്ടായിരുന്നവർക്ക് കുഞ്ഞിനെ കൈമാറിയ പ്രതി പിന്നീട് നടന്ന് സ്ഥലം വിടുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ആശുപത്രിയിലെ നിരീക്ഷണ ക്യാമറകൾ പകർത്തിയിരുന്നു. 
കുഞ്ഞിന്റെ പിതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നതിന് ജിദ്ദ ആരോഗ്യ വകുപ്പ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വീഴ്ചകൾ വരുത്തിയതായി കണ്ടെത്തുന്നവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജിദ്ദ ആരോഗ്യ വകുപ്പ് പറഞ്ഞു. 
വ്യാഴാഴ്ച പുലർച്ചെ പ്രസവിച്ച കുഞ്ഞിനെ അതേ ദിവസം രാത്രി 10 നാണ് നഴ്‌സുമാരെ പോലെ വേഷം ധരിച്ചെത്തിയ വനിത തട്ടിക്കൊണ്ടുപോയതെന്ന് കുഞ്ഞിന്റെ പിതൃസഹോദരൻ അബ്ദുറഹ്മാൻ അഹ്മദ് അൽഫാരിഅ് പറഞ്ഞു. പരിശോധനക്ക് ഡോക്ടറെ കാണിക്കാനെന്ന വ്യാജേനെയാണ് ഇവർ കുഞ്ഞിനെ മാതാവിന്റെ കൈയിൽ നിന്ന് വാങ്ങിയത്. വാർഡിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ സ്‌ട്രെച്ചർ ഉപേക്ഷിച്ച് കുഞ്ഞിനെയും എടുത്ത് ഇവർ ആശുപത്രിയുടെ പിൻവശത്ത് തൊഴിലാളികൾക്കുള്ള ലിഫ്റ്റിലൂടെ പുറത്തുകടക്കുകയായിരുന്നെന്നും അബ്ദുറഹ്മാൻ അഹ്മദ് അൽഫാരിഅ് പറഞ്ഞു. 

Latest News