Sorry, you need to enable JavaScript to visit this website.

ഇറാൻ ഭീഷണി: ഗൾഫിൽ യു.എസ് സൈനിക വിന്യാസം 

റിയാദ്- ഇറാൻ ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ അറേബ്യൻ ഉൾക്കടലിലും ഏതാനും ഗൾഫ് രാജ്യങ്ങളിലും അമേരിക്കൻ സൈന്യത്തെ വിന്യസിക്കുന്നതിന് ഗൾഫ് രാജ്യങ്ങളുടെ അനുമതി. അമേരിക്കയും ഗൾഫ് രാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി കരാറുകളുടെ ഭാഗമായാണ് മേഖലയിൽ അമേരിക്കൻ സൈന്യത്തെ വിന്യസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അമേരിക്കയുടെ അപേക്ഷ ഗൾഫ് രാജ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. 
ഇറാനെതിരായ ഉപരോധം,  ആണവ കരാർ വ്യവസ്ഥകൾ പാലിക്കില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നുള്ള ഇറാന്റെ ഭീഷണി,  യു.എ.ഇ തീരത്ത് നാലു എണ്ണ കപ്പലുകൾക്കും സൗദിയിൽ എണ്ണ പൈപ്പ്‌ലൈനിലെ പമ്പിംഗ് നിലയങ്ങൾക്കും നേരെയുണ്ടായ ആക്രമണം എന്നിവ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് അമേരിക്കൻ സേനയെ ഗൾഫിൽ വിന്യസിക്കുന്നത്. 
ഗൾഫ് രാജ്യങ്ങൾക്കും മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കുമെതിരെ  ഇറാൻ ഏതുസമയവും ആക്രമണം അഴിച്ചുവിട്ടേക്കാമെന്ന ആശങ്കക്കിടെയാണ് പുതിയ നടപടി. അമേരിക്കയും ഗൾഫ് രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഈ ഭീഷണി നേരിടുന്നതിന്റെ ഭാഗമാണ് അമേരിക്കൻ സൈനിക വിന്യാസമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അമേരിക്കൻ സൈന്യവും ഗൾഫ് രാജ്യങ്ങളുടെ സൈന്യവും തമ്മിൽ സഹകരണമുണ്ടാക്കാനും ലോകത്ത് ഊർജ വിതരണ സുരക്ഷ ഉറപ്പുവരുത്താനും അറേബ്യൻ ഉൾക്കടലിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിന് ഇറാനെ അനുവദിക്കാതിരിക്കാനുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. 
ഇറാനുമായി യുദ്ധം സൗദി അറേബ്യയും മറ്റു ഗൾഫ് രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. യുദ്ധം ആർക്കും ഗുണം ചെയ്യില്ല. പരിധികൾ ലംഘിക്കുന്നതിന് അനുവദിക്കില്ല എന്ന ശക്തമായ സന്ദേശം ഇറാന് നൽകുന്നതിനാണ് അമേരിക്കൻ സൈന്യത്തിന്റെ പുനർവിന്യാസത്തിന്റെ ലക്ഷ്യമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വിമാന വാഹിനി കപ്പലായ അബ്രഹാം ലിങ്കൻ അമേരിക്ക ഗൾഫിലേക്ക് അയക്കുകയും യു.എ.ഇ തീരത്തുവെച്ച് നാലു എണ്ണ കപ്പലുകൾക്കു നേരെ ഭീകരാക്രമണമുണ്ടാവുകയും ചെയ്തതിനു പിന്നാലെയാണ് അമേരിക്ക സൈനിക വിന്യാസം നടത്തുന്നത്. എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനോ ഇറാൻ പിന്തുണയുള്ള മിലീഷ്യകളോ ആണെന്ന നിഗമനത്തിൽ അമേരിക്കൻ അന്വേഷണോദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടുണ്ട്. സൗദിയിൽ കിഴക്കുപടിഞ്ഞാറൻ എണ്ണ പൈപ്പ്‌ലൈനിലെ പമ്പിംഗ് നിലയങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതും ഇറാൻ പിന്തുണയുള്ള ഹൂത്തികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. 
ഇറാന്റെ ശത്രുതാപരമായ പെരുമാറ്റങ്ങളുടെയും മേഖലയിലെ അമേരിക്കൻ സൈനിക വിന്യാസത്തിന്റെയും പശ്ചാത്തലത്തിൽ മേഖലയിലെ പുതിയ സംഭവ വികാസങ്ങൾ സൗദി അറേബ്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് സൗദി വൃത്തങ്ങൾ പറഞ്ഞു. ഏതൊരു ആക്രമണത്തിൽ നിന്നും രാജ്യത്തിന് സംരക്ഷണം നൽകുന്നതിന് സൗദി അറേബ്യക്ക് കഴിയുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 
അതേസമയം, മേഖലയിലെ പുതിയ സ്ഥിതിഗതികൾ പഠിക്കുന്നതിന് റമദാൻ അവസാനത്തിൽ മക്കയിൽ അറബ് ഉച്ചകോടി സംഘടിപ്പിക്കുന്നതിന് ശക്തമായ നയതന്ത്ര ശ്രമങ്ങളും കൂടിയാലോചനകളും നടക്കുന്നുണ്ട്. റമദാൻ അവസാനത്തിൽ മക്കയിൽ നടക്കുന്ന ഇസ്‌ലാമിക ഉച്ചകോടിയോടനുബന്ധിച്ച് അറബ് ഉച്ചകോടികൂടി വിളിച്ചുചേർക്കുന്നതിനാണ് നീക്കം. 

Tags

Latest News