Sorry, you need to enable JavaScript to visit this website.

കുട്ടിക്കാലം, നോമ്പുകാലം

അതൊരു ഓർമയുടെ നയാഗ്രയാണ്. മറ്റുള്ളവർക്കതിൽ കാര്യമില്ലെങ്കിലും സ്‌ഫോടനാത്മക നാടകീയതകതകളുടെ ഓർമകൾ കൊണ്ട് അലങ്കൃതമാണ് കുട്ടിക്കാലത്തെ നോമ്പനുഭവങ്ങൾ. കടലക്കച്ചവടം പരീക്ഷിച്ചത് നോമ്പിനാണ്. തെരക്കൂട്ട്, ചക്കരപോല  ബീഡികളുടെ രുചിയറിഞ്ഞതും റമദാനിൽ. നകാരത്തിന്റെ മേളം അടുത്തുനിന്നാസ്വദിച്ചതും ഒരു നോമ്പ് കാലത്താണ്. മൈക്കിലൂടെ വാക്കാലൂർ പള്ളിയിൽ ആദ്യമായി ബാങ്ക് കൊടുത്തതും മറ്റൊരു നോമ്പനുഭവമാണ്. 
ഒരനുഭവത്തിൽനിന്ന് തുടങ്ങും. സങ്കട മണമുള്ള ഒരനുഭവത്തിൽനിന്ന്. കടലക്കച്ചവടത്തിന് പുറപ്പെടുന്ന കുട്ടിക്ക് നല്ലൊരു അളുക്ക് വേണമായിരുന്നു. അന്നും ഇന്നും കച്ചവടമെന്നാൽ 'കാപ്പണം മുക്കാ ചൊറുക്ക്' ആണല്ലോ. ഭംഗിയുള്ള ടിന്നിലടച്ച് കടല വിൽക്കുന്ന കൂട്ടുകാരനെ കണ്ട് അസൂയപ്പെട്ടപ്പോൾ തന്നെ മനസ്സിലുറച്ചതാ, ഉമ്മ ചായപ്പൊടി ഇട്ടുവെച്ച ബാർലി ബിസ്‌കറ്റിന്റെ അളുക്ക് രംഗത്തിറക്കണമെന്ന്. പിറ്റേന്ന് വൈകിട്ട് നാലു മണിക്ക് കിണറ്റിനരികെ അലക്കുകയായിരുന്ന ഉമ്മാന്റെ മുമ്പിലൂടെ ആ 'വിലപിടിപ്പുള്ള' ടിന്നുമായി കടന്നുപോകുമ്പോൾ ഞാനാലോചിച്ചത് ഒരു ശത്രുരാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന വൈഭവത്തെക്കുറിച്ചാണ്. ഉമ്മയുടെ ദൃഷ്ടിയിൽ ഞാനാണോ അതോ അളുക്കാണോ ആദ്യം പതിഞ്ഞതെന്നറിയില്ല.  'മുസ്‌തേ, ഇമ്മാന്റെ കുട്ടി ആ അളുക്ക് കൊണ്ടോകല്ലേടാ'... ഒന്നുരണ്ടു വട്ടം ഉമ്മയത് പറഞ്ഞുകാണും. എവിടെയോ ഒരു നീറ്റലൊക്കെ ആ സമയത്തുണ്ടായത് ഓർക്കുമ്പോൾ ഇപ്പഴും ആ സംഭവം ഒരു ശ്യാമദുഃഖമായി തിരിച്ചുവരാറുണ്ട്. എന്നല്ല, അതോർത്ത് ഈയിടെ കരഞ്ഞിട്ടുമുണ്ട്! വാപ്പാന്റെ ചായപ്പീടികയടക്കം വാക്കാലൂർ അങ്ങാടി എന്നു പറഞ്ഞാൽ അതൊരു മഹാ നഗരം പോലെയായിരുന്നു റമദാനിൽ. പെട്രോമാക്‌സുകൾ പൊലിച്ചിരുന്ന വെള്ളിവെളിച്ചം പ്രകാശത്തിന്റെ പാലാഴി തീർത്തിരുന്നു. നാട്ടുകാർ മാത്രമല്ല വിദേശികളും കച്ചവടത്തിനായി നോമ്പ് മാസത്തിൽ എത്തിയിരുന്നു. ശരിക്കും കച്ചവടത്തിന്റെ പൊടിപൂരമായിരുന്നു. അന്നാണ് സ്വർഗത്തിലെ കനി നേരിൽ കാണാൻ ഭാഗ്യമുണ്ടായത്. 
സഫർജൽ- ആ പേരിന് തന്നെയില്ലെയൊരു സ്വർഗീയത? ഒരു കുട്ടയിൽ നിറയെ സഫർജൽ പഴവുമായി ഒത്ത ശരീര പ്രകൃതിയുള്ള ഒരു മനുഷ്യൻ ഇശാ, മഗ്‌രിബിന്റെ ഇടയിൽ അങ്ങാടിയിലെത്തും. എന്റെ ബാപ്പയുടെ ചായക്കടയുടെ മുമ്പിലാണ് കച്ചവടം. ഫോറിൻ അത്തറിന്റെ മണമുള്ള ആ മനുഷ്യന്റെ ഭാവഹാവാദികൾ, മുത്ത് നബിയുടെ ഹദീസിന്റെ അകമ്പടിയോടു കൂടിയുള്ള വിശദീകരണം, സ്വർഗത്തിൽ മുഅ്മിനീങ്ങൾക്ക് കഴിക്കാൻ കൊടുക്കുന്ന വിശിഷ്ട കനി. മണിക്കൂറ് കൊണ്ട് കുട്ട കാലിയാകും. രണ്ടുമൂന്ന് അതിശയങ്ങൾ എനിക്കിപ്പഴും അജ്ഞാതമായുണ്ട്. എവിടുന്നാ, എപ്പഴാ ഈ മനുഷ്യൻ വാക്കാലൂരിലെത്തുന്നത്; കച്ചവടം കഴിഞ്ഞാലുടൻ എങ്ങോട്ടാണ് പോകുന്നത്; പിന്നെ, ശരിക്കും സ്വർഗത്തിലെ പഴം തന്നെയാണോ! സഫർജലും കടലക്കച്ചവടവും സമാന്തരമായി സഞ്ചരിക്കുന്ന നേർരേഖകളായതിനാൽ അവ കൂട്ടിമുട്ടാറില്ല. അതുകൊണ്ട് സഫർജലിന്റെ നിഗൂഢതകൾ ട്രേഡ് സീക്രട്ടായി നിലനിൽക്കുന്നു! ആ കുട്ടയുടെ വക്കിലൂടെ പ്രദക്ഷിണം വെച്ചിട്ടുണ്ട്. വാപ്പാന്റെ റഡാറിൽ കുടുങ്ങാതിരിക്കാൻ നിർവാഹമില്ലാത്തതുകൊണ്ട് സഫർജൽ വാങ്ങിക്കഴിക്കാൻ കഴിഞ്ഞിരുന്നില്ല. മുത്ത് നബിയുടെ അടുപ്പക്കാരനായ ആ കച്ചവടക്കാരൻ ഒരിക്കൽ ഞാൻ  ബാപ്പാന്റെ പീടിക ബെഞ്ചിലിരിക്കുമ്പോൾ 'മോൻ ഒരെണ്ണം കഴിച്ചോട്ടെ' എന്ന് വാപ്പ കേൾക്കെ പറഞ്ഞുകൊണ്ട് ഒരു സഫർജൽ തന്നത്, ഞാനത് കഴിച്ചത്, ലോകത്തെ ഏഴാമത്തെ അത്ഭുതമായി അന്നും ഇന്നും ഞാൻ എണ്ണിയിട്ടുണ്ട്.  
റമദാന്റെ പകലുകളിൽ പള്ളി ജനനിബിഢമാകാറുണ്ട്. ഇഅ്തിക്കാഫിന് വരുന്നവർ ഉച്ചത്തിൽ ഓതുകയും ചൊല്ലുകയും കാരണം മുഖരിതമായ അന്തരീക്ഷമായി വാക്കാലൂർ ജുമുഅത്ത് പള്ളി ഇപ്പഴും ഉള്ളിൽ മുഴങ്ങുന്നു. അന്നത്തെ ഹൗളാണ് ഹൗള്. വക്കുകളിൽ പൂപ്പലും നടുക്ക് പായലും നിറഞ്ഞ വലിയൊരു കുളമായിരുന്നു അത്. മീനുകൾക്ക് വിശാലമായി നീന്തിത്തുടിക്കാമായിരുന്നു. നാലുകെട്ടിന് വിശാലമായ നടുമുറ്റമെന്ന പോലെയുള്ള ആ ഹൗള് ഇന്നും ഗൃഹാതുരത്വമാർന്ന ഒരോർമയാണ്. അമ്പതോ അറുപതോ പേർക്ക് ഒന്നിച്ച് ഉളു എടുക്കാൻ പറ്റുമായിരുന്നു. 
കറുത്ത അരയിഞ്ച് ജി.ഐ പൈപ്പിലൂടെ ഹൗളിലേക്ക് സദാ വെള്ളം വന്നുകൊണ്ടിരിക്കും. ചെറുപ്പം തൊട്ടേ ഈ ജലപ്രവാഹം നിഗൂഢത നിറഞ്ഞ കൗതുകം ജനിപ്പിച്ചിരുന്നു. ഒരു റമദാനിലാണ് ഈ പ്രവാഹത്തിന്റെ ഉറവിടം തേടിയുള്ള യാത്ര, പള്ളിയിൽനിന്നും വടക്ക് മാറി ഒരു കുന്നിൻ മുകളിലുള്ള കൊച്ചു ജലാശയം കാണാൻ, ജീവിതത്തിലെ ആദ്യ ടൂർ!* 
നോമ്പ് തുറക്കാറായെന്ന് അറിയിച്ചുകൊണ്ട് കതിന പൊട്ടുന്ന ശബ്ദമാണ് കുട്ടിക്കാലത്ത് കാത് ഏറെ കാത്തിരുന്ന കളഭാഷിണി. എട്ടോ പത്തോ കിലോമീറ്ററപ്പുറത്തു നിന്നുമാണ് ആ ശബ്ദം വരുന്നതെന്ന് കേട്ടറിഞ്ഞിരുന്നു. അന്നത് എനിക്ക് കൊച്ചിയേക്കാളും ദൂരെയായിരുന്നു. കതിനയുടെ ഇടിയും നകാരയുടെ മേളവും കഴിഞ്ഞാൽ പിന്നെയുള്ള നിശ്ശബ്ദത ഭേദിക്കാറുള്ളത് വായിലെ കാരക്ക ചീന്തിന്റെ ചവക്കലിന്റെ ശബ്ദമാണ്. ബസറയിൽനിന്നുമാണ് ആ ഉണക്ക കാരക്ക വരാറുള്ളത്. 
പാതിരാവിൽ ഉറങ്ങാതെ കാത്തിരുന്ന് ആസ്വദിച്ച ഒരു താളമുണ്ടായിരുന്നു. ചെണ്ടമുട്ടിന്റെ. അത്താഴത്തിന് ചെണ്ട കൊട്ട് കേട്ടാണ് വീട്ടുകാർ എണീക്കാറ്. മഴക്കാലമാണെങ്കിൽ കൊട്ട് കേൾക്കില്ല. പുഴക്കക്കരെ മൈത്രയിൽനിന്നാണ് ആ മുട്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പുഴ നിറഞ്ഞു കവിയുമ്പോൾ ആ ശബ്ദത്തിനെന്ത് മാധുര്യമാണെന്നോ!  മഴക്കാലത്തെ മറ്റൊരു സ്വകാര്യ സന്തോഷമാണ് മിന്നാമിനുങ്ങിന്റെ സാമീപ്യം. 
പഴയ അടുക്കളയുടെ അടുത്തായി കുറ്റിക്കാട്ടിൽ ഒരു ആഞ്ഞിലി മരമുണ്ടായിരുന്നു. ഇലയൽപം വലുതായിരിക്കുമെന്നതൊഴിച്ചാൽ പകൽ സമയത്ത് മറ്റു സവിശേഷതകളൊന്നുമില്ല. രാത്രി അങ്ങനെയല്ല, പരശ്ശതം മിന്നാമിനുങ്ങുകൾ ആഞ്ഞിലിയിൽ പൊതിഞ്ഞു നിൽപുണ്ടാവും. മനോഹരമായ ആ കാഴ്ചയുടെ ദീപാങ്കുരം ഇന്നും മനസ്സിൽ ദിവ്യാനുഭൂതി വിരിയിക്കാറുണ്ട്. അന്നൊക്കെ ആദ്യ പത്ത് പിന്നിട്ടാൽ ആകാശ വീഥിയിലും വർണരാജികൾ ദൃശ്യമായിരുന്നു. 
പൂത്തൊരുങ്ങിയ ആകാശവും വിശുദ്ധിയുടെ നിറമനസ്സും കുട്ടിക്കാലത്തെ റമദാനനുഭവങ്ങൾ വേറിട്ടതാക്കുന്നു. സ്‌കൂൾ പടിക്കലെ മാമ്പുറത്തെ മാട് കടലിനിക്കരെനിന്ന് ഇന്നും മാടിവിളിക്കുന്നു. വേനലിലാണ് നോമ്പെങ്കിൽ ഇടക്കൊക്കെ അവിടം സ്വർഗ ഭൂമിയാകാറുണ്ട്. മണലിൽ മലർന്ന് കിടന്ന് ആകാശത്തേക്ക് കണ്ണുകൾ നട്ട് കാണാത്ത സ്വർഗത്തിലെ റയ്യാൻ കവാടങ്ങൾ നോക്കിക്കിടക്കാൻ ഇനിയാകുമോ?


 

Latest News