Monday , September   23, 2019
Monday , September   23, 2019

ആവനാഴിയിൽ അവസാന അസ്ത്രം

അതിമാനുഷനെന്ന് ബി. ജെ.പി അനുയായികൾ വീമ്പിളക്കുന്ന നരേന്ദ്ര മോഡി യഥാർഥത്തിൽ ആരാണെന്ന് മനസ്സിലാക്കാൻ ജനങ്ങൾക്ക് കിട്ടിയ അവസരമാണ് ഇപ്പോൾ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ്. മുമ്പു തന്നെ മോഡി എന്ന വ്യക്തിയുടെ ആഴവും പരപ്പും എത്രത്തോളമെന്ന കാര്യത്തിൽ ചില നിഷ്പക്ഷ മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷേ ആസൂത്രിത പ്രചാരണ തന്ത്രങ്ങളിലൂടെയും മാധ്യമങ്ങളെ തന്ത്രപരമായി കയ്യിലെടുത്തും ഒരു മഹാനേതാവ് എന്ന പ്രതിഛായ സൃഷ്ടിച്ചെടുക്കുന്നതിൽ മോഡിയും ബി.ജെ.പിയും വിജയിച്ചു. ആ പ്രതിഛായയുടെ കൂടി ബലത്തിലാണ് 2014 ൽ മോഡി പ്രധാനമന്ത്രി പദത്തിലെത്തുന്നതും.
എന്നാൽ ഊതിവീർപ്പിച്ച ബലൂൺ പൊട്ടിത്തകർന്ന് ഒന്നുമല്ലാതാകുന്നതിന് ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജനം സാക്ഷ്യം വഹിച്ചു. ഏറ്റവുമൊടുൽ ബി.ജെ.പി അനുകൂല ചാനലായ ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിൽ തന്നെപ്പൊക്കിക്കൊണ്ട് മോഡി നടത്തിയ പരാമർശങ്ങളാണ് തിരിഞ്ഞുകുത്തിയത്. ബാലാകോട് വ്യോമാക്രമണ സമയത്ത് സൈന്യത്തിന് നൽകിയതായി മോഡി അവകാശപ്പെട്ട നിർദേശം വല്ലാത്ത ബ്ലണ്ടറായിപ്പോയി. അന്തരീക്ഷത്തിൽ മേഘങ്ങൾ നിറഞ്ഞിരുന്നതിനാൽ ആക്രമണം വിജയകരമാവുമോ എന്ന് ഉന്നത സൈനികോദ്യോഗസ്ഥർക്ക് സംശയമുണ്ടായിരുന്നുവെന്നും എന്നാൽ വാസ്തവത്തിൽ ഇത് ഇന്ത്യൻ സേനക്ക് അനുകൂല സാഹചര്യമാണെന്ന് താൻ അവരെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നുമാണ് മോഡി പറഞ്ഞത്. എങ്ങനെയാണെന്നല്ലേ, മേഘങ്ങൾ ഉള്ളതിനാൽ പാക്കിസ്ഥാൻ റഡാറുകളിൽ ഇന്ത്യൻ പോർവിമാനങ്ങൾ തെളിയില്ലെന്നും അത് ആക്രമണത്തിന് സഹായകമാണെന്നും താനാണ് അവരോട് പറഞ്ഞതത്രേ. അമ്പമ്പോ, എന്തൊരു കണ്ടുപിടിത്തം. പട്ടാളക്കാർ പോയിട്ട് ഹൈസ്‌കൂൾ വിദ്യാർഥികൾ പോലും കേട്ടാൽ പൊട്ടിച്ചിരിക്കുന്ന ഈ ഗംഭീര വിഡ്ഢിത്തം വിളമ്പിയിട്ട് അതെങ്ങനെയെന്ന് ചോദിക്കാൻ പോലും അഭിമുഖത്തിന് എത്തിയ മാധ്യമ പ്രവർത്തകർ തയാറായില്ല എന്നതാണ് ഏറെ രസകരം. താമസിയാതെ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലും ഈ അവകാശവാദം പ്രത്യക്ഷപ്പെട്ടു. 
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന റഡാറുകൾക്ക് മേഘവും മഴയുമൊന്നും ഒരു തടസ്സമല്ലെന്ന യാഥാർഥ്യം സ്‌കൂൾ കുട്ടികൾക്കു പോലും അറിയാമെന്നിരിക്കേയാണ് മോഡി ഇത്തരത്തിൽ വീമ്പിളക്കിയത്. ഇ-മെയിൽ, ഡിജിറ്റൽ ഫോട്ടോഗ്രഫി എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത വമ്പു പറച്ചിൽ. 1988 ൽ ഗുജറാത്തിലെത്തിയ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ ഫോട്ടോ ഡിജിറ്റൽ ക്യാമറയിൽ എടുത്ത് ഇ-മെയിൽ വഴി ദൽഹിയിലുള്ള അദ്വാനിക്ക് അയച്ചുകൊടുത്തുവെന്നാണ് മോഡി പറയുന്നത്. 1990 കളിൽ മാത്രമാണ് ഇന്ത്യയിൽ ഇ. മെയിൽ എത്തിയതെന്നുപോലും അറിയാതെയാണ് ഈ വമ്പുപറച്ചിൽ. 1987 ൽ മാത്രം ഉൽപാദിപ്പിക്കപ്പെട്ടുതുടങ്ങിയ ഡിജിറ്റൽ ക്യാമറ ഇന്ത്യയിൽ പ്രചാരത്തിലെത്തിയത് 90 കളിലാണെന്നതാണ് യാഥാർഥ്യം.
മോഡിയുടെ ഈ വങ്കത്തങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് സൃഷ്ടിച്ചത്. ട്രോളുകളുടെ ചാകരയായിരുന്നു പിന്നാലെ കണ്ടത്. അതോടെ മോഡിയുടെ റഡാർ പ്രസ്താവനയുമായി ബന്ധപ്പെട്ട് ബി.ജെ.പി പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കം ചെയ്തു. സാങ്കേതിക പരിജ്ഞാനമുള്ള ബി.ജെ.പി നേതാക്കളും അണികളും ഈ മണ്ടത്തരങ്ങൾ ന്യായീകരിക്കാൻ കഴിയാതെ മാളത്തിലൊളിച്ചു. അപ്പോഴും ഒരു കൂട്ടം ഭക്തന്മാർ പ്രധാനമന്ത്രിക്ക് നാവു പിഴച്ചതാണെന്നും മറ്റും പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്തു പറഞ്ഞാലും ഞങ്ങൾ മോഡിക്കൊപ്പം എന്നു പറയുന്നവരെയും കണ്ടു.
അതിനിടെ, ഈ പറഞ്ഞ മണ്ടത്തരങ്ങളെല്ലാം മോഡിയുടെ ബുദ്ധിപരമായ നീക്കമാണെന്ന രീതിയിലും ന്യായീകരണം വന്നു. അതായത് മോഡി അറിഞ്ഞുകൊണ്ട് തന്നെ ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞതാണത്രേ! ഇങ്ങനെ മണ്ടത്തരങ്ങൾ പറയുമ്പോൾ സ്വാഭാവികമായും വിമർശനമുയരുമല്ലോ. അപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് മോഡി തന്നെയായിരിക്കും. നെഗറ്റീവ് പബ്ലിസിറ്റിയെ പോലും സമർഥമായി ഉപയോഗിക്കാൻ കഴിയുന്ന ബുദ്ധിരാക്ഷസനാണ് മോഡിയെന്ന് നമ്മളങ്ങ് വിശ്വസിച്ചോളണം. വീണത് സാരമില്ല, കിടന്നുരുളരുത്, ദേഹം മുഴുവൻ ചളി പറ്റുമെന്നേ അത്തരം വാദക്കാരോട് പറയാനുള്ളൂ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്ത നോട്ട് നിരോധനം എന്ന മണ്ടൻ തീരുമാനം മോഡി പ്രഖ്യാപിച്ചപ്പോഴും ഇങ്ങനെയുള്ള ന്യായീകരണങ്ങൾ കണ്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അല്ലാത്തപ്പോഴുമെല്ലാം മോഡി മണ്ടത്തരങ്ങൾ പറയുന്നത് ഇന്നും ഇന്നലെയുമല്ല. ചിലതൊക്കെ ബോധപൂർവം പറയുന്നതാണെന്ന് മനസ്സിലാവും. വിദേശങ്ങളിലെ കള്ളപ്പണം മുഴുവൻ തിരികെ കൊണ്ടുവന്നാൽ രാജ്യത്ത് ഓരോരുത്തരുടെയുടെയും ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം വീതം കിട്ടുമെന്നും മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു കരസേനാ മേധാവി ജനറൽ കരിയപ്പയെ അപമാനിച്ചു തുടങ്ങിയവയൊക്കെ ചില ഉദാഹരണങ്ങൾ. എന്നാൽ തെരഞ്ഞടുപ്പിന്റെ മൂർധന്യ വേളയിൽ വളരെ ഗൗരവത്തോടെ നൽകുന്ന ചാനൽ അഭിമുഖത്തിൽ രാജ്യരക്ഷയും സാങ്കേതിക വിദ്യയും പോലുള്ള പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട് എഴുതി നൽകിയ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടിയിൽ ഇത്തരം ശുദ്ധ ബ്ലണ്ടറുകൾ വരുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മയായി മാത്രമേ കാണാൻ കഴിയൂ. ഭയം കൊണ്ടോ മറ്റോ അദ്ദേഹത്തെ തിരുത്താൻ ഉപദേശകർക്കോ, ഒപ്പമുള്ള മറ്റുള്ളവർക്കോ കഴിയുന്നുമില്ല. അല്ലെങ്കിൽ അവർക്കും ഇതേക്കുറിച്ചൊന്നും വലിയ പിടിപാടുണ്ടാവാൻ ഇടയില്ല. മേഘങ്ങളെയും റഡാറുകളെയും കുറിച്ചുള്ള മോഡിയുടെ വീമ്പിളക്കാൽ ബി.ജെ.പി ദേശീയ നേതൃത്വത്തിൽ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വന്നതും ഇക്കാരണം കൊണ്ടാവാം. 
സ്വയം അതിമാനുഷനായി പുകഴ്ത്തുന്നതോടൊപ്പം രാഷ്ട്രീയ എതിരാളികളെ നിന്ദിക്കുകയും അവരെക്കുറിച്ച് പച്ചക്കള്ളങ്ങൾ പറയുകയും ചെയ്യുന്നതാണ് മോഡിയുടെ ശൈലി. പ്രധാനമന്ത്രിയാവുന്നതിനു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ രീതി അതായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കായി സ്വന്തമായി പി.ആർ വിഭാഗത്തിനും രൂപം നൽകി. പ്രധാനമായും അമേരിക്കയിലുള്ള ഐ.ടി വിദഗ്ധർ ഉൾപ്പെടുന്ന മോഡി അനുകൂല പ്രചാരകരാണ് മോഡിയെ അതിമാനുഷനാക്കാനും രാഹുൽ ഗാന്ധിയെ പപ്പുവാക്കാനുമുള്ള പണികൾ ചെയ്തത്. 
ആസൂത്രിതമായി നുണകൾക്ക് രൂപം നൽകുക, അണികളെ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിക്കുക -അങ്ങനെ അതെല്ലാം സത്യമെന്ന് സാധാരണ ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കുക എന്നതാണ് മോഡി ക്യാമ്പിന്റെ രീതി. അങ്ങനെ ചെയ്ത കള്ളപ്രചാരണങ്ങളിൽ പ്രധാനം ഹിന്ദുക്കൾ ഇന്ത്യയിൽ അരക്ഷിതരാണെന്ന ബോധം സൃഷ്ടിക്കുകയായിരുന്നു. സ്വാഭാവികമായും പാക്കിസ്ഥാൻ ശത്രുപക്ഷത്തായി. ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ ഭീകരരെന്ന പ്രതീതി സൃഷ്ടിച്ചു. കോൺഗ്രസ് പോലുള്ള മതേതരത്വ കക്ഷികളെയും ശത്രുക്കളായി കണ്ടു. 
ചരിത്രത്തെ മുഴുവൻ തമസ്‌കരിച്ചുകൊണ്ട് മോഡിയെ കേന്ദ്രീകരിച്ച് പുതിയ കഥകൾ മെനഞ്ഞതും ഇത്തരം പ്രചാരവേലയുടെ ഭാഗമാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ കൈവരിച്ച നേട്ടങ്ങളോടെല്ലാം മുഖം തിരിക്കുകയും ഇന്ത്യ ശക്തമായ രാജ്യമായത് മോഡിയുടെ മാത്രം മിടുക്കാണെന്നും കോൺഗ്രസ് ഇക്കാലമത്രയും കട്ടുമുടിക്കുകായിരുന്നുവെന്നും ആസൂതിതമായി പ്രചരിപ്പിക്കപ്പെട്ടു. അങ്ങനെയാണ് രാഷ്ട്രശിൽപിയായ ജവാഹർലാൽ നെഹ്‌റുവാണ് ഇന്ത്യ നേരിടുന്ന എല്ലാ കുഴപ്പങ്ങൾക്കും കാരണക്കാരനെന്ന വാദം ഉയർത്തുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ ഉറപ്പിച്ചുനിർത്തുക്കൊണ്ട് ദീർഘവീക്ഷണത്തോടെ വികസന പാതയിലേക്ക് കൈപിടിച്ചുയർത്തിയ ലോകം കണ്ട പ്രമുഖ രാഷ്ട്ര തന്ത്രജ്ഞനായ നെഹ്‌റുവിനെ സംഘപരിവാർ നിരന്തരം അപഹസിച്ചു. രാഷ്ട്ര വികസനവും വ്യാവസായിക പുരോഗതിയും ലക്ഷ്യമിട്ട് നവരത്‌ന കമ്പനികൾ സ്ഥാപിക്കുകയും, ഭക്രാനംഗൽ പോലുള്ള അണക്കെട്ടുകൾ നിർമിച്ച് കാർഷിക വളർച്ചക്ക് അടിത്തറയിടുകയും ഐ.ഐ.ടി, ഐ.ഐ.എം പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും തുടക്കമിടുകയും ഐ.എസ്.ആർ.ഒ ആരംഭിച്ച് ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിന് അവസരമൊരുക്കുകയും ചെയ്ത നെഹ്‌റുവിന്റെ സംഭാവനകളെയെല്ലാം മോഡിയും കൂട്ടരും കണ്ടില്ലെന്ന് നടിച്ചു.
 ഇന്ത്യൻ സൈന്യത്തെ ലോകോത്തര നിലവാരമുള്ള സേനയായി ശക്തിപ്പെടുത്തുകയും രാജ്യത്തെ അഭിമാനകരമായ യുദ്ധവിജയങ്ങളിലേക്ക് നയിക്കുകയും, പൊഖ്‌റാനിൽ ആദ്യമായി ആണവ പരീക്ഷണം നടത്തി ലോകത്തെ തന്നെ ഞെട്ടിക്കുകയും ബാങ്ക് ദേശസാൽക്കരണം പോലെ ധീരമായ നടപടികൾ സാമ്പത്തിക രംഗത്ത് കൈക്കൊള്ളുകയും ഭീകരതക്കെതിരെ ഉറച്ച നിലപാടെടുത്തതിന്റെ പേരിൽ സ്വന്തം ജീവൻ രാജ്യത്തിനു വേണ്ടി അർപ്പിക്കുകയും ചെയ്ത ഇന്ദിരാ ഗാന്ധിയും ആക്രമിക്കപ്പെട്ടു. രാജ്യം ഇന്ന് കാണുന്ന ഐ.ടി വികസനത്തിന് ദീർഘവീക്ഷണത്തോടെ അടിത്തറ പാകുകയും ഇന്ത്യയെ ഒരു ആധുനിക രാഷ്ട്രമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത രാജീവ് ഗാന്ധിയെ അപമാനിച്ചു. 
കടന്നാക്രമണമാണ് മോഡിയുടെ ശൈലി. പിന്നെയുള്ളത് സ്വയം പുകഴ്ത്തലും. ചോദ്യങ്ങൾ ചോദിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. മറുപടി പറയാനല്ല. പ്രധാനമന്ത്രി പദത്തിലെത്താൻ ഈ ചോദ്യം ചോദിക്കലും എതിരാളികളെ കടന്നാക്രമിക്കലും ആസൂത്രിതമായ വ്യാജ പ്രചാരണങ്ങളുമെല്ലാം അദ്ദേഹത്തിന് ഏറെ സഹായകമായി. എന്നാൽ അഞ്ച് വർഷം അധികാരത്തിലിരുന്ന ശേഷം വീണ്ടും ജനങ്ങളോട് വോട്ട് ചോദിക്കുമ്പോൾ സ്വന്തം പ്രോഗ്രസ് കാർഡ് വെയ്ക്കണമല്ലോ, അതിനദ്ദേഹത്തിന് കഴിയുന്നില്ല. 
താൻ നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കി, നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ തന്റെ നടപടികൾ കൊണ്ട് രാജ്യത്തിന് എത്രത്തോളം നേട്ടമുണ്ടായി, ഗംഗാ ശുചീകരണം, കാർഷിക - വ്യാവസായിക മേഖലകളിൽ സർക്കാർ നടപടികൾ എത്രത്തോളം ഫലം കണ്ടു തുടങ്ങിയ കാര്യങ്ങളിലൊന്നും അദ്ദേഹത്തിന് ഒരു അവകാശവാദവും പറയാനാവില്ല. ആകെയുള്ളത് ബാലാകോട്ടും മിന്നലാക്രമണവുമൊക്കെയാണ്. രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നു, റോബർട്ട് വധ്രയെ ജയിലിലിടും തുടങ്ങിയ ആക്രോശങ്ങളും. ഇതൊന്നും കൊണ്ട് ജനങ്ങളെ പാട്ടിലാക്കാനാവില്ലെന്ന് മനസ്സിലാക്കിയാവും അദ്ദേഹം ആവനാഴിയിലെ അവസാനത്തെ അസ്ത്രവും പുറത്തെടുത്തത്.
 ഭരണത്തിലിരിക്കേ ഒരിക്കൽ പോലും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ വരാതിരുന്ന മോഡി സ്വയം പുകഴ്ത്താനായി ഒരുക്കിയ ചാനൽ അഭിമുഖം പക്ഷേ വെളുക്കാൻ തേച്ചത് പാണ്ടായെന്ന് പറഞ്ഞ പോലെയായി.

Latest News