Sorry, you need to enable JavaScript to visit this website.

പി.എസ്.സി ചെയർമാന്റെ പ്രതിഛായ തകർക്കുന്ന കത്ത് വിവാദം

പൊതു പ്രവർത്തന രംഗത്ത് നിന്ന് പദവികളിലെത്തുന്നവരുടെ വാക്കുകളും നോക്കുകളുമെല്ലാം വല്ലാതെ ഓഡിറ്റ് ചെയ്യപ്പെടുന്ന കാലമാണിത്. പണ്ടൊക്കെയായിരുന്നുവെങ്കിൽ ഇരുചെവി അറിയാതെ നടക്കുമായിരുന്ന കാര്യങ്ങൾക്കൊന്നും ഇന്ന് ഒരു തരത്തിലുള്ള സ്വകാര്യതയുമില്ല.  പൊതു ഇടത്തിലാണ് തങ്ങൾ നിൽക്കുന്നതെന്ന ബോധ്യം എപ്പോഴും എപ്പോഴും പൊതു പ്രവർത്തകരെ   നയിച്ചില്ലെങ്കിൽ  എത്ര നല്ല പ്രതിഛായയുള്ള  വ്യക്തിത്വങ്ങളും വളരെ പെട്ടെന്ന് തന്നെ വല്ലാതെ പ്രതിസന്ധിയിലായിപ്പോകും. അത്തരമൊരു പ്രതിസന്ധിയിലേക്കാണിപ്പോൾ പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ ചെന്നുകയറിയിട്ടുള്ളതെന്നാണ് മനസ്സിലാക്കേണ്ടത്.   അദ്ദേഹം ഇത്രയെ  ചെയ്തുള്ളൂ- ഔദ്യോഗിക യാത്രകളിൽ കൂടെ വരുന്ന സഹധർമ്മിണിയുടെ ചെലവുകളും സർക്കാർ വഹിക്കണം എന്ന ഒരാവശ്യം സർക്കാരിന് മുന്നിലങ്ങ്  വെച്ചു. ആ ആവശ്യത്തിന്റെ ന്യായാന്യായങ്ങൾ ഇങ്ങനെയായിരുന്നു- ഔദ്യോഗിക യാത്രകളിൽ കൂടെ പോരുന്ന  തന്റെ ഭാര്യയുടെ ചെലവും സർക്കാർ വഹിക്കണം. 
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളിൽ ഭാര്യ ഒപ്പം യാത്ര ചെയ്യുന്ന വേളകളിൽ ഭാര്യയുടെ യാത്രാച്ചെലവ് കൂടി ലഭ്യമാക്കുന്നതിന് ഉത്തരവ് പുറപ്പെടുപ്പിക്കണമെന്ന ആവശ്യത്തിന് ചെയർമാൻ പറയുന്ന ന്യായം  മറ്റു സംസ്ഥാനങ്ങളിൽ പി.എസ്.സി അധ്യക്ഷനെ ഔദ്യോഗിക യാത്രകളിൽ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സർക്കാരാണ് വഹിക്കുന്നതെന്നാണ്.    എന്നാൽ കേരളത്തിൽ ഇത്തരം ഉത്തരവുകളൊന്നും സർക്കാർ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ആവശ്യപ്പെട്ടുള്ള സക്കീറിന്റെ കത്ത്. ഏപ്രിൽ 30 നാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള  ഫയൽ പി.എസ്.സി സെക്രട്ടറിക്കു കൈമാറിയത്. സെക്രട്ടറി ഇത് പൊതുഭരണ വകുപ്പിനു  കൊടുത്തു കഴിഞ്ഞു.  ഇനി ഇത് ഫൈനാൻസിന്റെ പരിഗണനയ്ക്കു വിടും. തടസ്സങ്ങളില്ലെങ്കിൽ എ.ജിക്കും ഫയൽ കൈമാറും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന തടസ്സമൊന്നും പി.എസ്.സി ചെയർമാന്റെ  ആവശ്യത്തെ ബാധിക്കാനിടയില്ല. 
പക്ഷേ ചെയർമാന്റെ ആവശ്യം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. വളരെ പെട്ടന്ന് തന്നെ ചെയർമാന്റെ ആവശ്യമടങ്ങുന്ന കത്തിന്റെ കോപ്പിയും മാധ്യമങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ചെയർമാൻ വാങ്ങുന്ന ആനുകൂല്യങ്ങളുടെ നീണ്ട ലിസ്റ്റും പ്രസിദ്ധീകൃതമായി. അതിങ്ങനെ- ഔദ്യോഗിക വാഹനം, ഡ്രൈവർ, പെട്രോൾ അലവൻസ്, ഔദ്യോഗിക വസതി,  ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളം,  ഐ.എ.എസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എ.   ചെയർമാന്റെ ആനുകൂല്യങ്ങളെല്ലാം  ഇപ്പോൾ  വാർത്തകളിൽ ആവർത്തിക്കപ്പെടുകയാണ്. 
പി.എസ്.സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമില്ലാത്ത കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ് തുക  അനുവദിക്കുന്നത്. ആവശ്യപ്പെടേണ്ട താമസമേയുള്ളൂ  കിട്ടിയിരിക്കും എന്ന് സാരം. 
ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ  പതിനാറാമത്തെ ചെയർമാനാണ്  മലപ്പുറം പെരുമ്പടപ്പ് സ്വദേശി അഡ്വ.എം.കെ. സക്കീർ. യു.ഡി.എഫിന്റെ കാലത്ത് നിയമിതനായ ഡോ.കെ.എസ് രാധാകൃഷ്ണന്റെ  (ഇപ്പോൾ ബി.ജെ.പി) പിൻഗാമിയായി 2016 ലാണ് നിയമിതനായത്. അതിന് മുമ്പ് തന്നെ സി.പി.എം നോമിനിയായി പി.എസ്.സി അംഗമായി തുടരുന്നുണ്ടായിരുന്നു.
പി.എസ്.സിയിലെ തൊഴിലന്വേഷകരുടെ എണ്ണം മൂന്ന് കോടിയാണെന്നാണ് കഴിഞ്ഞ ദിവസം ചെയർമാൻ പി.എസ്.സിയുടെ ബെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച  സന്ദേശത്തിൽ പറയുന്നത്. 
ചെലവു ചുരുക്കലിന്റെ കാലത്ത് എങ്ങനെയിങ്ങനെ? എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മുഖം ചുളിക്കുന്നവരോട് സക്കീറിനെ അനുകൂലിക്കുന്നവർക്ക് ഒന്നേ ചോദിക്കാനുള്ളൂ- ചെലവ് ചുരുക്കലും മുണ്ടു മുറുക്കലുമൊക്കെ പി.എസ്.സി ചെയർമാന് മാത്രം മതിയോ?  
തങ്ങൾക്ക് കിട്ടുന്ന പ്രതിഫലം മതിയാകുന്നില്ലെന്ന് സ്വയം തീരുമാനിക്കുകയും അത് വർധിപ്പിച്ചെടുക്കാൻ നിയമ  നിർമാണം നടത്തുകയും ചെയ്യുന്നവരുടെ കാലത്ത്  എന്തിന് പി.എസ്.സി ചെയർമാൻ മാത്രം മറ്റൊരാളാകണം  എന്ന ചോദ്യമായിരിക്കും ഇനിയിതിനുള്ള ഉത്തരം. ഇതൊന്നും ഇക്കാലത്ത് ഒരു പ്രശ്‌നമേ ആകില്ലെന്ന് എല്ലാവർക്കും അറിയാം. സോഷ്യൽ മീഡിയയിൽ ഇത്തിരി ബഹളം. തീർന്നു പ്രതിഷേധം. 1650 ജീവനക്കാരും, ചെയർമാനടക്കം 20 അംഗങ്ങളുമുള്ള സ്ഥാപനമാണ് കേരള പി.എസ്.സി. അതെ, പ്രായ പരിധി കഴിയുന്നതിന് മുമ്പായി ഒരു തൊഴിൽ കിട്ടിയെങ്കിൽ എന്ന് ഉള്ളുരുകുന്ന മൂന്ന് കോടി യുവാക്കൾ പ്രതീക്ഷയർപ്പിക്കുന്ന സ്ഥാപനം. അങ്ങനെയൊരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുമ്പോൾ തങ്ങൾക്ക് കിട്ടിയതൊന്നും പോരാ, പോരാ എന്ന് ചിന്തിക്കുന്നവരെ സമൂഹം ഏത് ഗണത്തിലാണ്  പെടുത്തുന്നതെന്നറിയാൻ ചെയർമാനുമായി ബന്ധപ്പെട്ടുവന്ന വാർത്തക്ക് വരുന്ന സോഷ്യൽ മീഡിയ പ്രതികരണം മാത്രം നോക്കിയാൽ മതി. 

Latest News