Sorry, you need to enable JavaScript to visit this website.

ബത്തേരി-മൈസൂർ യാത്രക്ക് ടോൾ നൽകണം

ദേശീയപാത-766ലെ മഥൂരിൽ നിർമാണം പൂർത്തിയായ ടോൾ പ്ലാസ.
  •  ഗുണ്ടൽപേട്ടയിൽ പ്ലാസ നിർമാണം പൂർത്തിയായി

കൽപറ്റ- എട്ട് വർഷമായി രാത്രി യാത്രാ വിലക്ക് തുടരുന്ന കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിലെ (766) ഗുണ്ടൽപേട്ട മഥൂരിൽ ടോൾ പ്ലാസ നിർമാണം പൂർത്തിയായി. ജൂലൈ ഒന്നു മുതൽ ഇവിടെ വാഹനച്ചുങ്കം ഈടാക്കും. ദേശീയപാതയിൽ കേരള അതിർത്തിയിലെ ബന്ദിപ്പുര കടുവാ സസങ്കേതത്തിലെ  മൂലഹള്ള മുതൽ  കൊല്ലേഗൽ വരെയുള്ള 130 കിലേമിറ്ററിൽ മഥൂരിനു പുറമേ  നഞ്ചൻഗോഡ്  കടകോളയിലും ടി നരസിപ്പുർ വർകോഡിലും ടോൾ പ്ലാസകൾ ഉണ്ടാകും. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നു കർണാടകയിലേക്ക് പോകുകയും വരികയും ചെയ്യുന്ന വാഹനങ്ങൾക്കാണ് പ്ലാസകളിൽ ചുങ്കം വസൂൽ ചെയ്യുക. 
കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ നിന്നുമായി ദിനേന നൂറുകണക്കിനു വാഹനങ്ങളാണ് ഗുണ്ടൽപേട്ട വഴി കടന്നുപോകുന്നത്. ദേശീയപാത അധികൃതർ നടത്തിയ പഠനത്തിൽ കേരളത്തിൽനിന്ന് കർണാടകയിലേക്കും തിരിച്ചും ഗുണ്ടൽപേട്ട് വഴി ദിവസം 2000 ലധികം വാഹനങ്ങൾ കടന്നു പോകുന്നുണ്ടെന്നാണ് കണ്ടത്. തമിഴ്‌നാട്ടിലെ ഊട്ടിയിൽനിന്നു മുതുമല കടുവാസങ്കേതത്തിലൂടെയാണ് മൈസൂരുവിലേക്കുള്ള ദേശീയപാത.  കോഴിക്കോടു നിന്നുള്ളത് ബന്ദിപ്പുര കടുവാ സങ്കേതത്തിലൂടെയും. 2009ലാണ് ദേശീയപാതകളിൽ  ബന്ദിപ്പുര കടുവാ സങ്കേത പരിധിയിൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറ്  വരെ വാഹന ഗതാഗതം നിരോധിച്ചത്. ബന്ദിപ്പുര കടുവാ സങ്കേതം, ഊട്ടി, മുതുമല കടുവാ സങ്കേതം എന്നിവ സന്ദർശിച്ച ശേഷം കേരളത്തിലേക്ക് സഞ്ചാരികൾ ഗുണ്ടൽപേട്ട വഴിയാണ് എത്തുന്നത്. ബത്തേരിയിൽ നിന്ന്  ദിവസവും അനേകം ആളുകളാണ് വിവിധ ആവശ്യങ്ങൾക്ക്  ഗുണ്ടൽപേട്ടയിൽ പോകുന്നുത്. ഇവരെല്ലാം വാഹനച്ചുങ്കം ഒടുക്കേണ്ടിവരും.റോഡ് നവീകരണം പുർത്തിയാക്കുന്ന മുറയ്ക്ക് ഗുണ്ടൽപേട്ട-ഊട്ടി റോഡിലും മൈസൂരു-മാനന്തവാടി റോഡിലെ  ബാവലിയും ടോൾ പ്ലാസകൾ ആരംഭിക്കുമെന്നാണ് വിവരം. 

Latest News