Sorry, you need to enable JavaScript to visit this website.

കൊലപാതക രാഷ്ട്രീയ പ്രചാരണം: എ.പി സുന്നി പത്രത്തിൽ പരസ്യവുമായി പി.ജയരാജൻ

സിറാജ് ദിനപത്രത്തിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.ജയരാജന് വേണ്ടിയുള്ള പരസ്യം.

കോഴിക്കോട്- തീ പാറും പോരാട്ടം നടക്കുന്ന വടകരയിൽ പ്രചാരണത്തിന്റെ അവസാന ദിനത്തിലും കൊലപാതക രാഷ്ട്രീയം മുഖ്യ ചർച്ചാ വിഷയമായി. നിശ്ശബ്ദ പ്രചരാണ ദിനമായ ഇന്നലെയും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം തന്നെയാണ് ഇടതു മുന്നണിക്കെതിരെ എതിരാളികൾ പ്രധാന ആയുധമാക്കിയത്. 
യു.ഡി.എഫും എൻ.ഡി.എയും എസ്.ഡി.പി.ഐയും ആർ.എം.പി.ഐയുമെല്ലാം വിഷയത്തിൽ പി.ജയരാജനെയാണ് പ്രതിസ്ഥാനത്തു നിർത്തി പ്രചാരണം സജീവമാക്കിയത്. യുഡിഎഫ് കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകനായ ശുഐബിന്റെയും യൂത്ത്‌ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ശുക്കൂറിന്റെയും കൊലപാതകത്തിനെതിരെ പ്രതികരിക്കാനുള്ള അവസരമായി ജയരാജന്റെ സ്ഥാനാർഥിത്വത്തെ ഉപയോഗപ്പെടുത്തിയപ്പോൾ എസ്ഡിപിഐ ഉയർത്തിയത് തലശ്ശേരി ഫസൽ വധക്കേസ് ഉൾപ്പെടെയുള്ളവയാണ്. ബിജെപി ക്യാമ്പുകളിൽ യുവമോർച്ച മുൻ സംസ്ഥാന പ്രസിഡന്റ് കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ അടക്കമുള്ള കൊലപാതകത്തിന് മറുപടി നൽകാനുള്ള അവസരമായാണ് ഉയർത്തിക്കാട്ടിയത്. 
എല്ലാ ഭാഗത്തു നിന്നും കൊലപാതക രാഷ്ട്രീയം മുൻനിർത്തി ജയരാജനെതിരെ പ്രചാരണം കൊടുമ്പിരിക്കൊണ്ടതോടെ സിപിഎമ്മും എൽഡിഎഫും പ്രതിരോധത്തിലായി. പ്രത്യേകിച്ച് ഇടത് അനുകൂല വോട്ടർമാർക്കിടയിൽ പോലും ഇത് വലിയ സ്വാധീനം ചെലുത്തുമെന്ന ആശങ്ക എൽഡിഎഫ് ക്യാമ്പിൽ വ്യാപകമായി പടർന്നിട്ടുണ്ട്. ടി.പി വധക്കേസ് മുൻനിർത്തിയുള്ള കുടുംബ സംഗമങ്ങൾ വരെ ആർഎംപിഐ നടത്തിക്കഴിഞ്ഞു.
ഇത് കൂടാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എന്നതിനൊപ്പം എസ്എസ്എഫ് സജീവ പ്രവർത്തകൻ കൂടിയായ ശുഐബിന്റെ കൊലപാതകത്തിൽ ഇടത് ആഭിമുഖ്യം കാണിക്കുന്ന കാന്തപുരം സുന്നികൾക്കിടയിലും വ്യാപക പ്രതിഷേധമുണ്ട്. ഈ കൊലപാതകത്തിന് ജയരാജന് തെരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി നൽകണമെന്ന പ്രചാരണം കാന്തപുരം വിഭാഗം സുന്നികൾക്കിടയിൽ വ്യാപകമായി നടക്കുന്നുണ്ട്. വടകര മണ്ഡലത്തിൽപെട്ട കാന്തപുരം വിഭാഗം വോട്ടർമാർ ഏറെയുള്ള കുറ്റിയാടി, നാദാപുരം, പേരാമ്പ്ര, തലശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിൽ ഇതു മറികടക്കാനുള്ള പല പ്രവർത്തനങ്ങളുും ഒരാഴ്ചയായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗം മുഖപത്രമായ സിറാജിൽ പ്രത്യക്ഷപ്പെട്ട മുഴുപ്പേജ് ബഹുവർണ പരസ്യം. തൊപ്പി ധരിച്ച നിരവധി സുന്നി വിദ്യാർഥികൾക്ക് നടുവിൽ കൈ കൊടുത്തു നിൽക്കുന്ന പി.ജയരാജന്റെ ഫോട്ടോയോടു കൂടിയ പരസ്യത്തിന്റെ പ്രധാന തലവാചകം, ഞങ്ങൾക്ക് കാവലായ് നിന്നവൻ നീ എന്നാണ്. ന്യൂനപക്ഷ സംരക്ഷണത്തിൽ ഏറെ തൽപരനായ വ്യക്തിയാണ് പി.ജയരാജൻ എന്ന സന്ദേശം ഈ പരസ്യം വഴി സുന്നികൾക്കിടയിൽ എത്തിക്കാനാവുമെന്നാണ് ഇടതു മുന്നണി കണക്കുകൂട്ടൽ. കൂടാതെ പാണക്കാട് തങ്ങളോടൊപ്പം സി.എച്ച് സെന്ററിന്റെ പരിപാടിയിൽ ക്ഷണിച്ചതും ജയരാജന്റെ നേതൃത്വത്തിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ഐസിഎആർ റിലീഫ് കേന്ദ്രത്തിന് ഈയിടെ അവാർഡ് കിട്ടിയതും വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 
എന്നാൽ ആർഎംപിയുടെ പേരിൽ കൊലയാളികൾക്കും ഒറ്റുകാർക്കും മാപ്പില്ല എന്ന ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ പതിച്ച പോസ്റ്റർ പ്രചരിപ്പിച്ച് അവസാന ദിവസങ്ങളിലും കൊലപാതക രാഷ്ട്രീയം സജീവ ചർച്ചാ വിഷയമാക്കി നിർത്താൻ ആർഎംപിഐയും യുഡിഎഫും ശ്രമിച്ചിരുന്നു. വടകരയ്ക്കപ്പുറം മലബാറിലെ വിവിധ മണ്ഡലങ്ങളിൽ ഈ പോസ്റ്റർ വ്യാപകമായി ഒട്ടിക്കപ്പെട്ടിരുന്നു. എന്തായാലും കൊലപാതക രാഷ്ട്രീയം തുടക്കം മുതൽ ഒടുക്കം വരെ ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും സജീവമായ പ്രചാരണ വിഷയമായി നിലനിന്ന മണ്ഡലങ്ങളിൽ ഒന്നാമത് വടകരയും രണ്ടാമത് കാസർകോടുമാണ്.  

Latest News