Sorry, you need to enable JavaScript to visit this website.

സൗദിയിലെ നഴ്‌സുമാരോട്; ഒരു ജീവന്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കാമോ?

ജിദ്ദ- ആത്മഹത്യാ ശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട ചെന്നൈ സ്വദേശിയെ നാട്ടിലെത്തിക്കണം. സ്‌പോണ്‍സര്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടെ പോകാന്‍ ഒരു നഴ്‌സ് വേണം. ഖുന്‍ഫുദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഫൈസല്‍ ബാബു അതിനുവേണ്ടി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത അഭ്യര്‍ഥന വായിക്കാം.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന നാട്ടില്‍ അവധിക്ക് പോകാനിരിക്കുന്ന  കരുണ വറ്റാത്ത നഴ്‌സുമാരോടാണ്. ഒരു ജീവന്‍ നാട്ടിലെത്തിക്കാന്‍ നിങ്ങള്‍ക്ക് സഹായിക്കാമോ? സാമ്പത്തികമായി നിങ്ങള്‍ക്ക് ഒട്ടും നഷടമില്ലാത്ത രീതിയില്‍.
പുള്ള റെഡ്ഡി ചെന്നൈ സ്വദേശിയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നജ്‌റാനിലെ ഒരു മസ്‌റയില്‍ (കൃഷി സ്ഥലത്ത് ) ജോലി ചെയ്തു വരികയായിരുന്നു. ഏക മകളും ഭാര്യയുമടങ്ങുന്ന കുടുംബം.
ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ മസ്‌റകളില്‍ ജോലി ചെയ്യുന്നതിന്റെ പ്രയാസം   ഊഹങ്ങള്‍ക്കുമപ്പുറത്താണ്. മൂവന്തിയോളം ജോലി ചെയ്ത് താമസസ്ഥലത്തെത്തുമ്പോള്‍ മണലാരുണ്യത്തിലെ നീരുറവയാണ് ഒരോ പ്രവാസിക്കും നാട്ടിലേക്കുള്ള വിളിയും കുടുംബത്തിലെ മന:സമാധാനവും.
ഒരു ദുര്‍ബല നിമിഷത്തില്‍ റെഡ്ഡിയുടെ മനസ്സിനേറ്റ മുറിവാണയാളെ ജീവനൊടുക്കാനുള്ള ശ്രമത്തിനു പ്രേരിപ്പിച്ചത്.

ചെറിയ ശമ്പളത്തിന് ജോലിചെയ്ത് ഒരു ജീവിതം മുഴുവന്‍ കുടുംബത്തിനായി മാറ്റിവെക്കുമ്പോഴും നാട്ടിലുള്ളവരറിയാതെ പോവുന്നു ചിരിച്ചുകൊണ്ട് കനലെരിയുന്ന പ്രവാസിയുടെ നെരിപ്പോടിന്റെ വേദന.
ആത്മഹത്യക്ക് ശ്രമിച്ച റെഡ്ഡിയെ പക്ഷേ മരണമേറ്റെടുത്തില്ല. നജ്‌റാനിലെ ആശുപത്രിയില്‍ അയാള്‍ കോമ സ്‌റ്റേജിലായി. വെന്റിലേറ്ററിന്റെ സഹായത്തില്‍ നിന്ന് മോചിതനായെങ്കിലും സ്ഥലകാല ബോധമില്ലാതെ ഈ കിടപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി.
എംബസി ഉദ്യോഗസ്ഥന്‍ വഴിയാണ് അയാളുടെ സ്‌പോണ്‍സര്‍ എന്നെ ബന്ധപെടുന്നത്. റെഡ്ഡിയെ അയാള്‍ക്ക് അത്രമേല്‍ ഇഷ്ടമാണ്.എന്റെ  ബ്രദറിനെ  നാട്ടിലെത്തിക്കാന്‍ സഹായിക്കുമോ. ഇതും എന്നെ പോലൊരു  മനുഷ്യനല്ലേ... എനിക്ക് കൈവിടാനാവുമോ എന്നയാള്‍ സംസാരിക്കുമ്പോഴെല്ലാം ഈറനണിയുന്നു.
എന്നും ആശുപത്രിയില്‍ റെഡ്ഡിക്കൊപ്പം കൂട്ടിരിക്കുന്നു. വേണ്ടത്ര പരിചരണം കൊടുത്തില്ലങ്കില്‍ ക്ഷുഭിതനാവുന്നു. ഒറ്റക്കിരുന്നു കരയുന്നു. പലരോടും സങ്കടം പറയുന്നു.
പരിക്കേറ്റവരെയും മരിച്ചവരെയുമൊക്കെ നാട്ടിലേക്കെത്തിക്കുമ്പോള്‍ പലപ്പോഴും സാമ്പത്തിക ചെലവ് പോയിട്ട് പേപ്പര്‍ വര്‍ക്കിന് പോലും സ്‌പോണ്‍സര്‍മാര്‍ സഹകരിക്കാത്ത അനുഭവത്തില്‍നിന്നാണ് തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യ സ്‌നേഹി നമ്മുടെ സഹായം തേടുന്നത്.
 യാത്ര ചെയ്യാനുള്ള എല്ലാ രേഖകളും റെഡിയാക്കിയിട്ടുണ്ട്. ഇനി വേണ്ടത് കൂടെ പോകാന്‍ ഒരു നഴ്‌സാണ്. ചെന്നൈ എത്തിച്ചാല്‍ അവിടെനിന്നും  ഇന്ത്യയിലെവിടെയും വീട്ടിലെത്താനുള്ള മുഴുവന്‍ ചെലവും അദ്ദേഹം തരും. വേണമെങ്കില്‍ കൂടുതലും.
പ്രിയമുള്ളവരെ , ജിദ്ധ / ജിസാന്‍ ,/ നജ്‌റാന്‍ , ഭാഗത്ത് നിന്ന് അവധിക്ക് പോവുന്ന നഴ്‌സുമാരില്‍ ഇതിന് തയ്യാറാവുന്ന ആരുടെയെങ്കിലുമടുത്തേക്ക്  ഇതൊന്നെത്തിക്കാമോ ? റെഡ്ഡിയെ നമ്മള്‍ വിചാരിച്ചാല്‍ നാട്ടിലെത്തിക്കാം
ഒപ്പം ആ നന്മ നിറഞ മനസ്സിനോട് ഐക്യദാര്‍ഡ്യപ്പെടാം.
തയ്യാറുള്ളവര്‍ താഴെ നമ്പറില്‍ ഒന്ന് ബന്ധപ്പെടുമോ
0506577642
 

 

Latest News