Sorry, you need to enable JavaScript to visit this website.

മാണിസാര്‍ - അസൂയ ഉണര്‍ത്തുന്ന പുണ്യജന്മം

" മാണി സാറിന്‍റെ ജന്മം ഒരു പുണ്യജന്മം" എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. അദ്ദേഹത്തിന്‍റെ പണമോ പദവിയോ കുടുംബപാരമ്പര്യമോ ഒന്നുമല്ല ഞാന്‍ ഇതുകൊണ്ട് ഉദ്ദേശിച്ചത്. അത്തരത്തില്‍ നോക്കി പലരും അസൂയപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും.

54 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എയായി റെക്കോര്‍ഡിട്ട വ്യക്തി, 13 തവണ മന്ത്രിയായ വ്യക്തി എന്നൊക്കെപ്പറയുമ്പോള്‍ തന്നെ സമൂഹത്തില്‍ അദ്ദേഹത്തിനുള്ള നിലയും വിലയും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ... എന്നാല്‍ മരണം വരെ ( അതിനു ശേഷത്തെക്കാര്യം അറിയില്ലല്ലോ) കുട്ടിയമ്മയോടുള്ള പ്രണയവും മക്കളോടുള്ള വാത്സല്യവും നിര്‍ലോഭം വാരിച്ചൊരിഞ്ഞ് തിരികെ അവരുടെ സ്നേഹപരിലാളനകളേറ്റു വാങ്ങി ജീവിച്ച , ലോകത്തെ ഏറ്റവും സന്തോഷവാന്‍മാരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ച മാണിസാറിന്‍റെ പുണ്യ ജന്മത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ആരിലും അസൂയ ഉണര്‍ത്തുന്ന പുണ്യജന്മം!!!

പാലാക്കാരായ ബന്ധുക്കളുള്ളതിനാല്‍ ബാല്യകാലം തൊട്ടേ മാണിസാര്‍ എനിക്ക് പരിചിതനായിരുന്നു. ദീപികയില്‍ 1995ല്‍ സബ്എഡിറ്ററായപ്പോള്‍ ദീപികയ്ക്കു പ്രിയങ്കരനായ മാണിസാര്‍ എന്‍റെയും ഇഷ്ടമുള്ള നേതാവായി. തിരുവനന്തപുരത്ത് അസംബ്ലി റിപ്പോര്‍ട്ടിംഗിന് പോയപ്പോള്‍ അദ്ദേഹം എന്നെയും തിരിച്ചറിഞ്ഞു തുടങ്ങി. എങ്കിലും മാണിസാറുമായും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുമായും സെക്രട്ടറിമാരുമായും മാനസിക അടുപ്പമുണ്ടാകുന്നത് ലേക്ക്ഷോര്‍ ആശുപത്രിയില്‍ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജരായി ( ചീഫ് പി.ആര്‍.ഒ) ജോലി നോക്കുമ്പോഴാണ്.

ലേക്ക്ഷോറിന്‍റെ മാനേജിംഗ് ഡയറക്ടറായിരുന്ന പ്രശസ്ത ഗ്യാസ്ട്രോ എന്‍ററോളജിസ്റ്റ് ഡോ. ഫിലിപ്പ് അഗസ്റ്റിന്‍റെ രോഗിയായിരുന്നു മാണിസാര്‍. അവര്‍ തമ്മിലുള്ള ഡോക്ടര്‍ - പേഷ്യന്‍റ് ബന്ധം നാലഞ്ചു ദശാബ്ദങ്ങളായുള്ളതാണ്. COPD രോഗിയായ അദ്ദേഹം ശ്വാസം മുട്ടല്‍ തീരെ സഹിക്കാന്‍ പറ്റാതെ വരുമ്പോഴാണ് ലേക്ക്ഷോറിലെത്തുക. അതും പരമാവധി പാതിരാത്രി വരെ പിടിച്ചു നിന്ന ശേഷം ആള്‍ക്കാരെല്ലാം ഉറങ്ങുന്ന അവസരത്തില്‍ ആരുടെയും കണ്ണില്‍പെടാതെ അദ്ദേഹത്തിനായി പ്രത്യേകം തയാറാക്കിയ ഡീലക്സ് റൂമില്‍ എത്തിക്കും. പലപ്പോഴും ഐസിയുവിന്‍റെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടാകും.

പാലായില്‍ നിന്നു പുറപ്പെടുന്നതിനു മുന്‍പ് അദ്ദേഹം ഫിലിപ്പ് അഗസ്റ്റിന്‍ സാറിനെ വിളിക്കും. ഫിലിപ്പ് സാര്‍ എന്നെ വിളിച്ച് ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഏല്പിക്കും. തൃപ്പൂണിത്തുറയാകുമ്പോള്‍ വീണ്ടും വിളി വരും. അപ്പോഴത്തേക്ക് ഞാന്‍ ആശുപത്രിയിലെത്തിയിട്ടുണ്ടാകും. ഡോ. ഫിലിപ്പ് അഗസ്റ്റിനും ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. മോഹന്‍ മാത്യുവും പള്‍മണോളജിസ്റ്റും ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘവും ഉണ്ടാകും അദ്ദേഹം എത്തുമ്പോള്‍. അതുകൊണ്ടുതന്നെ ചികിത്സയില്‍ ഒരു നിമിഷം പോലും കാലതാമസമുണ്ടാകാറില്ല. രണ്ടു ദിവസംകൊണ്ടുതന്നെ ആള്‍ ഉഷാറായി പുറത്തേക്ക് ഓടാന്‍ റെഡിയാകുകയും ചെയ്യും. 
ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ ലേക്ക്ഷോര്‍ വിട്ട് ഫിലിപ്പ് അഗസ്റ്റിന്‍സ് അസോസിയേഷന്‍സ് എന്ന സ്വന്തം ചികിത്സാ സ്ഥാപനം തുടങ്ങുകയും എറണാകുളത്തും ഗള്‍ഫിലുമുള്ള തെരഞ്ഞെടുത്ത ആശുപത്രികളിലേക്ക് അദ്ദേഹത്തിന്‍റെ സേവനം വ്യാപിപ്പിക്കുകയും ചെയ്തപ്പോഴും മാണിസാര്‍ തന്‍റെ ആരോഗ്യകാര്യം ചര്‍ച്ച ചെയ്യാന്‍ ആദ്യം വിളിക്കുക ഡോ. ഫിലിപ്പിനെയായിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹമില്ലാത്ത ലേക്ക്ഷോറില്‍ അഡ്മിറ്റായിരുന്നതും. കാരണം അദ്ദേഹം പണികഴിപ്പിച്ച ഡീലക്സ് സ്യൂട്ടിനോളം നല്ല ഒരു മുറി മറ്റ് ആശുപത്രികളില്‍ ഇല്ലായിരുന്നു.

ഇന്ന് ഐസിയുവില്‍ മാണി സാറിനെയും ബന്ധുക്കളെയും ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ വന്നു കണ്ടു ഗേറ്റുകടക്കുന്നതിനുമുന്‍പ് മാണിസാര്‍ യാത്രയായതും യാദൃശ്ചികതയാകാം; പ്രിയ സുഹൃത്തിനെക്കണ്ട് യാത്രപറയാനായി കാത്തു നിന്നതുമാവാം.

മാണിസാര്‍ ആശുപത്രിയിലെത്തിയാല്‍ അദ്ദേഹം താമസിക്കുന്ന മുറി ഒരു വീടായി മാറും.ഭാര്യ കൂട്ടിയമ്മയും മക്കളായ ആനി ചേച്ചിയും സ്മിതയും ഒപ്പമുണ്ടാകും. മറ്റു പെണ്‍ മക്കളായ എല്‍സയും സാലിയും ടെസിയും കൂടി വന്നാല്‍പിന്നെ ഉത്സവ മേളമാണ്. ഏറ്റവും ഇളയമകളായ സ്മിത അച്ചാന്നു വിളിച്ച് മുടി ചീകിക്കൊടുക്കുമ്പോള്‍ മറ്റൊരാള്‍ മുണ്ടുടുപ്പിക്കും. വേറൊരാള്‍ പൗഡര്‍ ഇടീക്കും. ഒരാള്‍ കണ്ണട വയ്ക്കാന്‍ റെഡിയായി നില്‍ക്കും. ഗുരുതരാവസ്ഥയിലായ മാണിസാര്‍ എവിടെയെന്ന് പിന്നെ മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെത്താനാവില്ല.പലപ്പോഴും ഈ സ്വര്‍ഗത്തിലെ കട്ടുറുമ്പായി ഞാനുമുണ്ടാകും. സത്യത്തില്‍ ഈ പെണ്‍മക്കള്‍ അച്ചാച്ചനെ ശുശ്രൂഷിക്കുന്നത് കാണുന്നതു തന്നെ ആനന്ദകരമാണ്. അത്രയേറെ പുണ്യം ചെയ്തതു കൊണ്ടാണല്ലോ ആ മക്കള്‍ കണ്ണിമയ്ക്കാതെ മാറി മാറി രാത്രി കാവല്‍ നിന്നിരുന്നത്.

പകല്‍ സമയം എല്ലാവരും തന്നെ അടുത്തുണ്ടാകും. അതുകൊണ്ടു തന്നെ ആശുപത്രിയില്‍ കിടക്കുന്നതിന്‍റെ വിരസത അദ്ദേഹം അനുഭവിച്ചിട്ടില്ല. മാത്രമല്ല തിരക്കുകളില്ലാതെ, പിതാവുമൊത്ത് ടൂറു പോയ ഫീലാണ് പലപ്പോഴും തോന്നിയിരുന്നത്. ചിരികളികള്‍ക്കിടയില്‍ മിഴി നിറയെ പ്രണയവുമായി കുട്ടിയമ്മയെ നോക്കി മാണി സാര്‍ കിടക്കും. നാണത്തോടെ കുട്ടിയമ്മയും. ഭൂമിയിലെ സ്വര്‍ഗത്തില്‍ എത്തിയ അവസ്ഥയിലാകും എന്‍റെ നില്പ്.

ആശുപത്രി ജോലിക്കാലത്ത് എന്നെ ഏറ്റവും വേദനിപ്പിച്ചിരുന്ന കാഴ്ച ഏന്തി വലിഞ്ഞ് പരസ്പരം താങ്ങി നടന്നു വരുന്ന വൃദ്ധ ദമ്പതികളാണ്. പണം ധാരാളമുണ്ടാകും. എന്നാല്‍ കൂടെ നില്‍ക്കാന്‍ ഒറ്റ മക്കള്‍ പോലും ഉണ്ടാകില്ല. അത്തരം സ്ഥിരകാഴ്ചകള്‍ക്കിടയാലാണ് മാണി സാറിന്‍റെ ഈ സ്വര്‍ഗീയ ജീവിതം കാണാനിട വന്നത്. അതുകൊണ്ടു തന്നെ 100 ശതമാനം ഉറപ്പോടെ എനിക്കു പറയാനാകും അദ്ദേഹത്തിന്‍റെ ഈ ഭൂമിയിലെ ജീവിതം പുണ്യ ജന്മമായിരുന്നുവെന്ന്.

Latest News