Sorry, you need to enable JavaScript to visit this website.

ഉണ്ടവനും ഉണ്ണാത്തവനും പല്ലില്ലാത്ത നിയമവും

നിഷ്‌കളങ്കനായ ഒരു പ്രൊഫസറുടെ കണ്ണുനീർ വീണ് ദൽഹി ആവിയായിപ്പോകുമായിരുന്നു കഴിഞ്ഞയാഴ്ചയിൽ. സോണിയാജിയുടെ സമയോചിതമായ ഇടപെടൽ നഗരത്തെയും സ്വന്തം പാർട്ടിയെയും തൽക്കാലത്തേക്കു രക്ഷിച്ചു. കെമിസ്ട്രി പ്രൊഫസറാണ്.    കണ്ണുനീർ ജലമാണ്. ജലം ഓക്‌സിജനും ഹൈഡ്രജനും ദൽഹിയിൽ വാഴും പാദുഷമാരുടെ രസതന്ത്രം മനസ്സിലാക്കിയത് തോമസ് മാഷിനെപ്പോലെ ഒരു കേരളീയനുമില്ല. കായൽമീനായ തിരുത എങ്ങനെ ചൂടുമാറാതെ വിമാനം വഴി ഇന്ദ്രപ്രസ്ഥത്തിലെത്തിക്കാം എന്ന് ആദ്യമായി കണ്ടുപിടിച്ചതും മാഷ് തന്നെ. അകമ്പടിയായി ചെമ്മീനും കരിമീനും. പിന്നാലെ കറിയുടെ മസാലക്കൂട്ടിന്റെ പാകം നോക്കി. മമ്മിയും മക്കളും രുചിയോടെ കഴിക്കുന്നതു നോക്കി നിന്നു. ഇത്ര ആത്മാർഥമായും നിസ്വാർഥമായും ഒരു കോൺഗ്രസുകാരനും സേവിച്ചിട്ടുള്ളതായി വാർഷിക റിപ്പോർട്ടിലോ മദാമ്മയുടെ ഡയറിക്കുറിപ്പുകളിലോ കണ്ടതായി ആരും ഗോസിപ്പ് പറഞ്ഞു കേട്ടിട്ടില്ല. എന്നിട്ടും അദ്ദേഹത്തോടു നന്ദികേടു കാട്ടി. കുട്ടികളല്ലേ, ക്ഷമിക്കാമെന്നു കരുതി. അപ്പോഴുണ്ട്, കേരളത്തിൽനിന്നും ഒരു വിദൂഷക നേതാവിന്റെ പ്രസ്താവന ഭൂമിതുരന്ന് മുകളിലേക്കുയരുന്നു- 'ഇതുപോലെ ഇനി പലരും ബി.ജെ.പിയിലേക്കു വരും' അതിനാലാണ് പോക്കണം കെട്ട്, സോണിയാജിയെ നേരിൽ ചെന്നു കണ്ടത്. തന്റെ കൈവശം കൊച്ചിയിലെ കൊതുകുകളെ ഓടിച്ച് സ്വർഗത്തെത്തിക്കാനുള്ള ഒരു അദ്ഭുത പദ്ധതിയുണ്ട്. അത് മീശ മുളയ്ക്കാത്ത ഹൈബി ഈഡനെ ഏൽപിക്കാൻ കഴിയില്ല. പ്രോബഌ അതു മാത്രമല്ല, തനിക്കു വേണ്ടത്ര ഗൗരവം തന്നില്ല. 'ഒക്കെ തരപ്പെടുത്താം, അധികാരത്തിലൊന്നു കയറിക്കോട്ടെ' എന്നു മാഡം പറഞ്ഞു. അതിൽ എല്ലാമുണ്ട്- പത്മശ്രീ മുതൽ ഭാരത രത്‌നം വരെ; കാബിനറ്റ് മന്ത്രി മുതൽ ഇന്ത്യൻ പ്രസിഡന്റ് പദവി വരെ. ആനന്ദലബ്ധിക്കിനിയെന്തു വേണം? 'മാഷും മത്സ്യവും മാഡവും' എന്നു പേരിട്ട് പുസ്തകമെഴുതുന്നതിന് പാർട്ടിയിലെ ശത്രുക്കൾ ടെണ്ടർ വിളിക്കുമോ ആവോ.

****                               ****                        ****

'സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശം' എന്ന് പണ്ട് ലോക മാന്യ ബാലഗംഗാധര തിലകൻ പ്രഖ്യാപിച്ചു. ഇപ്പോൾ അത്തരം ലോകമാന്യന്മാർ പോയിട്ട്, പഞ്ചായത്തുതല മാന്യന്മാർ പോലും ഭൂമിയില്ല. അതുകൊണ്ട് 'ലോക്പാൽ' നിയമനം രംഗത്തിറങ്ങി ഒരു കളി നടത്തും എന്നാണ് ധാരണ. അഴിമതി/കൈക്കൂലി ഞങ്ങളുടെ ജന്മാവകാശം എന്നുറക്കെ പ്രഖ്യാപിക്കാതെ തന്നെ, തുക വാങ്ങി പോക്കറ്റിലിടുന്ന മാന്യന്മാർ ഇനി നെട്ടോട്ടമോടും എന്നാണ് വെയ്പ്! ഭാഗ്യം, മത - ധർമ സ്ഥാപനങ്ങൾ 'ലോക്പാലകന്റെ' പരിധിക്കപ്പുറത്താണ്! പിരിവുകളും സംഭാവനകളും ആ വഴിക്കു തിരിച്ചുവിട്ട്, പിന്നെ സർക്കുലർ ബസ് റൂട്ടു പോലെ വേണ്ടിടത്ത് എത്തിക്കാൻ സംവിധാനമുണ്ടായൽ മതി. പ്രധാനമന്ത്രി പോലും പാലകന്റെ പരിധിയിൽ വരുമത്രേ! എന്നാൽ, രാജ്യാന്തര ബന്ധങ്ങൾ, ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷ പൊതുക്രമം, ആണവോർജം, ബഹിരാകാശം തുടങ്ങിയ വിഷയങ്ങൾ മേപ്പടി ലോകപാലകൻ അന്വേഷിക്കില്ല- ഛർദി, വയറുകടി, വൈറൽ ഫീവർ, കുർത്തയും പൈജാമയും, മൂക്കുപ്പൊടി വലി ഇത്യാദി വിഷയങ്ങൾ അന്വേഷിക്കാൻ മടിക്കുകില്ലായിരിക്കാം! പല്ല് മുഴുവനും തല്ലിക്കൊഴിച്ചുകളഞ്ഞ മൃഗരാജനെപ്പോലെ ഒരു പാലകനും എന്തൊരു മാജിക്!

****                      ****                     ****

പണ്ട് ദൽഹിയിൽ വാണ ഒരു മികച്ച ഐ.എ.എസുകാരനായിരുന്നു അൽഫോൻസ് കണ്ണന്താനം. എന്തു ചെയ്യാം. 'വിധി വിഹിതമേവനും ലംഘിച്ചു കൂടുമോ' എന്നല്ലേ പ്രമാണം? മലയാളികൾ വളരെ അപൂർവമായി മാത്രം കാട്ടുന്ന മണ്ടത്തരങ്ങളിൽ ഒന്നായ ബി.ജെ.പി പ്രവേശനം അദ്ദേഹവും നടത്തിപ്പോയി! 'ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം' എന്നു പറഞ്ഞതുപോലെ, ഒരു ദിവസം സ്വന്തം പാർട്ടിപത്രം മുഖപ്രസംഗം വരെ എഴുതി മന്ത്രി കണ്ണന്താനത്തെ വിരട്ടിക്കളഞ്ഞു! തന്റെ 'ആംപിയർ' പരീക്ഷിക്കാൻ ചെയ്ത സൂത്രപ്പണിയാണതെന്നു പറഞ്ഞ് പ്രസിഡന്റ് ഷാജി സമാധാനിപ്പിച്ചില്ലായിരുന്നുവെങ്കിൽ, കക്ഷി കടുംകൈ വല്ലതും പ്രവർത്തിച്ചേനേ! പുറത്തു കോൺഗ്രസും ഇടതന്മാരും വല വിരിച്ചു കാത്തിരിപ്പാണെന്ന് ഷാജിക്കറിയാം. കൊല്ലത്തെ ഒരു ബൈപാസ് ഉദ്ഘാടന ദിവസം അതുവഴി കാറിൽ പോയതല്ലാതെ, കണ്ണന്താനം ആ ദേശം കണ്ടിട്ടില്ല. ആ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കണമെന്നു കേന്ദ്രം മൊഴിഞ്ഞത്. തനിക്കാരെയും അറിയില്ല എന്ന ദയനീയമായ കണ്ണന്താനം വിലാപം ഹൃദയമുള്ള വരെ ഐസുകട്ട പോലെ അലിഞ്ഞിരിക്കും. എന്നാൽ താൻ കൊല്ലം കണ്ടിട്ടില്ലാത്തതിനാലാണെന്നും ഒരിക്കൽ കണ്ടാൽ പിന്നെ 'ഇല്ലം വേണ്ടാ' എന്നുറക്കെ പ്രഖ്യാപിക്കുമെന്നുമാണ് ഷാജി മറുപടി പറഞ്ഞത്. പത്തനംതിട്ടയ്ക്കുവേണ്ടി സുരേന്ദ്രനൊപ്പം ഒന്നു ശ്രമിച്ചു നോക്കി. പത്തനംതിട്ട എന്താ മൺതിട്ടയാണോ? ശർക്കര കൂനയാണോ? ലഡുവാണോ ജിലേബിയാണോ എന്നൊക്കെ പരിഹസിച്ച് നർമ കേസരിയായ ശ്രീധരൻ പിള്ള മണ്ഡലം കൊത്തിയെടുക്കാൻ നോക്കി. സുരേന്ദ്രൻ കസ്തൂരി മാമ്പഴം കൊത്തിപ്പറന്നു! 'കൊച്ചി കണ്ടവന് അച്ചി വേണ്ട' എന്നൊരു കുനുഷ്ട് പിടിച്ച ചൊല്ലുണ്ട്. വീട്ടിൽ ചെല്ലാൻ വൈകിയാൽ കുടുംബ കലഹം ഉറപ്പ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണെന്ന ന്യായമൊന്നും കുടുംബ കോടതിയിൽ വിലപ്പോകില്ല. കൊച്ചിയാണ് കണ്ണന്താനത്തിനു വിധിച്ചതെന്നാണ് ബ്രേക്കിംഗ് ന്യൂസ്!
കാസർകോേട്ടക്ക് നൂലിലല്ലെങ്കിലും ട്രെയിനിൽ കെട്ടിയിറക്കിയ സ്ഥാനാർഥിയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. ആദ്യ ദിവസം തന്നെ ചുവടുപിടിച്ചു. ഉച്ചയ്ക്ക് ഊണുകിട്ടിയില്ല. ജില്ലാ കമ്മിറ്റി സ്വന്തമായി ഹോട്ടൽ നടത്തുന്നില്ല എന്നൊരു ന്യായം പറയാം. പക്ഷേ, അദ്ദേഹത്തിന്റെ പേരിൽ പോലും 'ഉണ്ണു'ന്നതിന്റെ കാരയം പതിച്ചുവച്ചിട്ടുണ്ട്. തികച്ചും മാനുഷികമായ ആവശ്യമാണ് ഉച്ചയൂണ്. അന്നദാനം മഹാപുണ്യം എന്നൊരു ചൊല്ലുള്ള കാര്യം ആ ജില്ലയിലെ പാർട്ടി പ്രസിഡന്റിന് അറിയില്ലായിരിക്കാം. ഊണു കിട്ടാത്ത ഒറ്റക്കാരണത്താൽ തന്നെ ഉണ്ണിത്താൻ ക്ഷീണിച്ചു. എതിർ സ്ഥാനാർഥി മേൽകൈ നേടുകയും ചെയ്തു. ഇനിയും ഉച്ചപ്പഷ്ണിയായാൽ ഉണ്ണിത്താൻ നേരേ തിരുവനന്തപുരത്തേക്ക് പോകും.
കച്ചവടക്കാർ വിൽപന കൂട്ടാൻ വേണ്ടി ചില സാധനങ്ങൾ 'സൗജന്യം' എന്നു പരസ്യപ്പെടുത്താറുണ്ട്. ഈയിടെ ബി.ജെ.പിക്കു വീണുകിട്ടിയ ഒരു 'ഗിഫ്ടാ'ണ് ടോം വടക്കൻ.  പേരു കേട്ടാൽ ഏതു നാട്ടുകാരനുമാകാം. അറബിക്കടലിലേക്കു താണുകൊണ്ടിരുന്ന കോൺഗ്രസിനെ ഒരു ടൈപ്പ് റൈറ്ററുമായി ദൽഹിയിൽ ചെന്നു പൊക്കി ഉയർത്തിയ അവതാര പുരുഷനാണദ്ദേഹം എന്ന് ഷാജി തിരിച്ചറിഞ്ഞു. പിടിച്ച് അംഗത്വം കൊടുത്തു. വടക്കൻ പറയുന്നതൊന്നും ഷാജിക്കും ഷാജി പറയുന്നവ വട ക്കനും മനസ്സിലാകാത്തതിനാൽ പ്രഥമ ദർശനത്തിൽ തന്നെ പരസ്പരം മഹത്വം അംഗീകരിച്ചു. ഇനി ബി.ജെ.പിയുടെ ഭാവി ടോം വടക്കന്റെ കൈകളിലാണ്. മികച്ച സംഘാടകനാണ്. കൈയിൽ കുറച്ചു പൊട്ടാസും കളിത്തോക്കും കൊടുത്താൽ ചാനലുകളിലിരുന്നു തകർക്കുന്നതു കാണാം.

****                      ****                        ****

വടകര വടക്കൻ പാട്ടുകൾ കേട്ടു വളർന്ന് വീര്യം ആർജിച്ച ദേശം. ഉണ്ണിയാർച്ച, ആരോമൽ ചേകവർ, തച്ചോളി ഒതേനൻ, അമ്പു, പാലാട്ടു കോമൻ തുടങ്ങിയവർ അധികം ദൂരത്തല്ലാതെ ആത്മാവുകളായി കഴിയുന്നു. ആ വീരരസം തുളുമ്പുന്ന നാട്ടിലെ ലോക്‌സഭാ അങ്കത്തട്ടിൽ കടുത്ത വെയിലിനെ തൃണവൽഗണിച്ച് ഒരു പടനായർ കോപ്പുംകൂട്ടി കാത്തിരുന്നു; സാക്ഷാൽ പി. ജയരാജൻ സഖാവ്.
പേരു കേട്ടാൽ 'കാറ്റു പോലും പേടിച്ചോടും നാട്ടിൽ' എന്നാണ് സിനിമാപ്പാട്ട്. പഴംപാട്ട് വേറെയുണ്ടാകും. അവിടെ അവസാനം കോൺഗ്രസുകാർ ഒരു കര കണ്ടെത്തി. ആദ്യം പ്രവീൺകുമാർ എന്നൊരു നമ്പറിട്ടു നോക്കി. പഴയൊരു ഇന്ത്യൻ ഗുസ്തിക്കാരനാണെന്നും തെറ്റിദ്ധരിച്ചോളും. ഇല്ല, ജയരാജൻ അനങ്ങിയില്ല. കീഴ്‌വഴക്കമനുസരിച്ച് 23 ന് തെരഞ്ഞെടുപ്പാണെങ്കിൽ 22 ാം തീയതി വൈകിട്ട് 5 മണിക്കു മുമ്പേ കോൺഗ്രസിന് സ്ഥാനാർഥിയെ തീരുമാനിച്ചാൽ മതി. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.സി.പി.സി രോഗവും കൈകാൽ വിറയലും നിമിത്തം വടകരയ്ക്കില്ല. അവസാന റൗണ്ടിൽ ഉമ്മൻ ചാണ്ടി മുരളീധരനെ പിടിച്ചു മുന്നിലേക്കിട്ടു. പഴയ കിങ്ങിണിക്കുട്ടൻ ജയരാജനല്ല, ഏതു ചെകുത്താനായാലും മത്സരിക്കാൻ റെഡി! പണ്ട് കെ.പി.സി.സി പ്രസിഡന്റായിരിക്കേ വൈദ്യുതി മന്ത്രിക്കസേരയിൽ ചാടിക്കയറിയ ദേഹമാണ്. തെരഞ്ഞെടുപ്പിൽ ഷോക്കേറ്റു വീണു. വടകരയിൽ ഇപ്പോൾ വട്ടിയൂർക്കാവ് എമ്മെല്ലേ മത്സരിക്കുമ്പോൾ ഷോക്കേൽക്കാതെ ഇരുവശത്തും ലീഗും ആർ.എം.പിയുമുണ്ട്. അതാണ് ഏക ധൈര്യം! 'കോൺഗ്രസുകാരുടെ വോട്ടുകൊണ്ട് കഴിഞ്ഞ 25 വർഷത്തിനിടയിൽ ഒരു കോൺഗ്രസ് സ്ഥാനാർഥിയും ജയിച്ച ചരിത്രമില്ല' എന്നു മുരളീധർജിയുടെ മഹദ് വചനം ലോക പ്രസിദ്ധമാണ്. ശൈലീ പ്രയോഗങ്ങൾ അനവധി പുറത്തിറക്കാൻ  ആ ആവനാഴിയിലുണ്ട്. ആദ്യത്തേത് റിലീസ് ചെയ്തു കഴിഞ്ഞു- തറവാട് പങ്കുവെയ്ക്കുമ്പോൾ ഭൂമിയും വീടുമൊക്കെയാണ് കണക്കെലുടക്കാറുള്ളത്. കിണ്ടിയും കോളാമ്പിയുമൊന്നുമല്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ കമ്യൂണിസ്റ്റുകാരെയാണ് കക്ഷി ഒന്നു തോണ്ടിയത്. സ്വന്തം കോൺഗ്രസ് തറവാടിന്റെ കാര്യം മറന്നുപോയിരിക്കും. പല സംസ്ഥാനങ്ങളിലും 'തറ' നിരപ്പിലാണ് കക്ഷിയുടെ നില. കണ്ടില്ലെന്നു നടിക്കണ്ട!

Latest News