Sorry, you need to enable JavaScript to visit this website.

കരാറുകള്‍ പാലിച്ചില്ല; സൗദിയില്‍ 15 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

റിയാദ് - കഴിഞ്ഞ വർഷാദ്യം മുതൽ ഇക്കഴിഞ്ഞ ജനുവരി അവസാനം വരെയുള്ള കാലത്ത് ഒരു റിക്രൂട്ട്‌മെന്റ് കമ്പനിയുടെയും പതിനാലു റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും ലൈസൻസ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം റദ്ദാക്കി. റിക്രൂട്ട്‌മെന്റ് നിയമം ലംഘിച്ചതിനാണ് ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയത്. ഈ സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നും മറ്റു ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുമുള്ള മുഴുവൻ സേവനങ്ങളും നിർത്തിവെച്ചിട്ടുണ്ട്.

ഉപയോക്താക്കളുമായുണ്ടാക്കിയ കരാർ പ്രകാരമുള്ള സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിന് സാധിക്കാത്ത പക്ഷം ഉപയോക്താക്കളുടെ ബാധ്യതകൾ തീർക്കുന്നതിന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ കെട്ടിവെച്ച ബാങ്ക് ഗാരണ്ടികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പിൻവലിച്ചിട്ടുമുണ്ട്. 
ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പതിനഞ്ചു റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കിയതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴകൾ ചുമത്തുന്നതിനും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിൽ മന്ത്രാലയം ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ട്. റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ചും റിക്രൂട്ട്‌മെന്റിന് നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ കോൾ സെന്ററിൽ 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ പ്രവിശ്യകളിലെ മന്ത്രാലയ ശാഖകളെ നേരിട്ട് സമീപിച്ചോ പരാതികൾ നൽകണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ ആവശ്യപ്പെട്ടു. 

 

Latest News