Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക; സൗദിയില്‍ 18 അക്കൗണ്ടുകള്‍ നിരോധിച്ചു

റിയാദ്- വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ സാമൂഹിക മാധ്യമങ്ങളിലെ 18 അക്കൗണ്ടുകള്‍ രണ്ടു മാസത്തിനിടെ സൗദി വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. കഴിഞ്ഞ മാസം 10 അക്കൗണ്ടുകളും ജനുവരിയില്‍ എട്ട് അക്കൗണ്ടുകളുമാണ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അടച്ചു പൂട്ടിയത്. ഈ അക്കൗണ്ടുകള്‍ക്ക് മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. അത്തറുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, തടി കുറക്കുന്നതിനുള്ള ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഈ അക്കൗണ്ടുകള്‍ വഴി വിപണനം നടത്തിയിരുന്നത്.
സാമൂഹിക മാധ്യമങ്ങളിലെ അറിയപ്പെടാത്ത അക്കൗണ്ടുകള്‍ വഴി ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനെതിരെ ഉപയോക്താക്കള്‍ക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് മഅ്‌റൂഫ് സേവന സര്‍ട്ടിഫിക്കറ്റ് നേടിയ അക്കൗണ്ടുകളില്‍ നിന്നും ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും ലോക പ്രശസ്തമായ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും മാത്രം ഉല്‍പന്നങ്ങള്‍ വാങ്ങണം.
ഓണ്‍ലൈന്‍ സ്റ്റോര്‍ ഉടമകളും സാമൂഹിക മാധ്യമങ്ങള്‍ വഴി ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നവരും മഅ്‌റൂഫ് സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ മന്ത്രാലയത്തിന്റെ പക്കല്‍ ലഭ്യമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളുടെയും ഇവര്‍ വിപണനം നടത്തുന്ന ഉല്‍പന്നങ്ങളുടെയും വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് ഇതിലൂടെ സാധിക്കും. 15 വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 27,000 ഓളം ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ഇതിനകം മഅ്‌റൂഫ് സേവനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ ഉല്‍പന്നങ്ങള്‍ വിപണനം നടത്തിയതിന് കഴിഞ്ഞ വര്‍ഷം സാമൂഹിക മാധ്യമങ്ങളിലെ 55 അക്കൗണ്ടുകള്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം അടപ്പിച്ചിരുന്നു. വെബ്‌സൈറ്റുകളും സാമൂഹിക മാധ്യമങ്ങളും വഴി വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും വിപണനം നടത്തുന്നതും വാണിജ്യ വഞ്ചനാ വിരുദ്ധ നിയമത്തിന്റെ ലംഘനമാണ്. ഇത്തരക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. വിദേശികളായ നിയമ ലംഘകരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും.

 

Latest News