കൊണ്ടോട്ടി- കരിപ്പൂരിൽ നിന്ന് ഹജ് സർവീസും കൂടുതൽ വലിയ വിമാനങ്ങളും ആരംഭിക്കുന്നതിന് മുന്നോടിയായി സൗദി എയർലൈൻസ് ഓപ്പറേഷൻ വിഭാഗം വിമാനത്താവളത്തിൽ പരിശോധന നടത്തി. ഇന്ത്യയിലെ സൗദി എയർലൈൻസ് ഓപ്പറേഷൻ മേധാവി പരേഷ് ശിരസ്കറാണ് ഇന്നലെ കരിപ്പൂരിൽ പരിശോധന നടത്തിയത്.
ഈ വർഷത്തെ ഹജ് സർവീസുകൾ സൗദി എയർലെൻസാണ് ഏറ്റെടുത്തത്. ഇതിന് പുറമെ എ 330, 777 കാറ്റഗറികളിൽപെട്ട കൂടുതൽ വലിയ വിമാനങ്ങൾ സർവീസ് തുടങ്ങാനും സൗദി എയർലൈൻസിന് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായുളള സുരക്ഷ പരിശോധനകൾക്കായാണ് രണ്ടംഗ സംഘം കരിപ്പൂരിലെത്തിയത്. ഹജ് സർവീസുകൾക്ക് സൗദി എയർലൈൻസ് വലിയ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. നിലവിൽ കരിപ്പൂരിൽ നിന്ന് സർവീസിന് അനുമതി ലഭിച്ച ഏക വിമാന കമ്പനിയാണ് സൗദിയ. പരിശോധനാ റിപ്പോർട്ട് ഡി.ജി.സി.എക്ക് കൈമാറും.






