Sorry, you need to enable JavaScript to visit this website.

സൗദി നഗരങ്ങളില്‍ ഹെലിക്കോപ്റ്റര്‍ സര്‍വീസ്; പുതിയ കമ്പനി ആരംഭിച്ചു

റിയാദ്- സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിൽ ഹെലികോപ്റ്ററിൽ ഗതാഗത സൗകര്യം നൽകുന്നതിന് പുതിയ കമ്പനി സ്ഥാപിച്ചു. സൗദിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഹെലികോപ്റ്റർ യാത്രാ സേവനം നൽകുന്ന മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ കമ്പനിയാണിത്. ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആണ് പുതിയ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. 
പ്രധാന നഗരങ്ങളിൽ ഉപയോക്താക്കൾക്ക് ഹെലികോപ്റ്ററുകളിൽ ഗതാഗത സൗകര്യം നൽകുന്ന കമ്പനി രാജ്യത്തെങ്ങുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസുകളും നടത്തും. ലക്ഷ്വറി ടൂറിസം സേവനങ്ങൾക്കും വ്യോമ ഗതാഗത സേവനങ്ങൾക്കും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് 56.5 കോടി റിയാൽ പ്രാഥമിക മൂലധനത്തോടെയാണ് പുതിയ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. വൻകിട നഗരങ്ങളിൽ ഹെലികോപ്റ്ററുകളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിലും സൗദിയിൽ വ്യോമ ഗതാഗത സേവനം വ്യാപകമാക്കുന്നതിലും പുതിയ കമ്പനി ഫലപ്രദമായ പങ്ക് വഹിക്കും. 
വിദൂര പ്രദേശങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷിതമായി ടൂറിസ്റ്റുകളെയും സന്ദർശകരെയും ഹെലികോപ്റ്ററുകളിൽ കമ്പനി എത്തിക്കും. ഉയർന്ന ഗുണമേന്മയോടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയുമുള്ള യാത്രാനുഭവം ഉപയോക്താക്കൾക്ക് പുതിയ കമ്പനി സമ്മാനിക്കും. സുസ്ഥിര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ ബിസിനസ്, സാമ്പത്തിക മേഖലകൾക്ക് തുടക്കം കുറിക്കുന്നതിനും വിഷൻ-2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് പിന്തുണ നൽകുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഹെലികോപ്റ്റർ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. വിനോദ സഞ്ചാര വ്യവസായ മേഖലക്ക് പ്രചോദനം നൽകുന്നതിനും ടൂറിസം മേഖലയിൽ ഉണർവുണ്ടാക്കുന്നതിനും പുതിയ കമ്പനി സഹായിക്കും. 
 

Latest News