Sorry, you need to enable JavaScript to visit this website.

ഇന്ത്യ-പാക് സംഘർഷം വേദനിപ്പിക്കുന്നു -സൗദി അറേബ്യ

ന്യൂദൽഹി - സൗദി അറേബ്യയുടെ സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം സൗദി അറേബ്യയെ വേദനിപ്പിക്കുന്നതായി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഇന്ത്യയിലെ എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആദിൽ അൽജുബൈർ. കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈനികരെ ലക്ഷ്യമിട്ടുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനും ഇന്ത്യക്കുമിടയിൽ മൂർഛിച്ച സംഘർഷത്തിന് അയവുണ്ടാക്കണം. സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുന്ന നിലക്ക് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും ചർച്ചകൾ നടത്തണം. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാനും ഇന്ത്യയും പ്രധാന രാജ്യങ്ങളാണ്. അതുകൊണ്ടു തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം സൗദി അറേബ്യയെ വേദനിപ്പിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ലോകത്തെ മറ്റെല്ലാ ഭാഗങ്ങൾക്കും ഭീഷണിയായി മാറും.
പാക്കിസ്ഥാൻ ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നുണ്ട്. ഗോത്രപ്രദേശങ്ങളിൽ ഭീകര ഗ്രൂപ്പുകൾക്കെതിരായ പോരാട്ടത്തിനിടെ ആയിരക്കണക്കിന് പാക് സൈനികർക്കും സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ പാക്കിസ്ഥാൻ സാധ്യമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഗോത്ര മേഖലകളിലും മറ്റും പാക്കിസ്ഥാൻ ഇപ്പോഴും ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നു. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ വലിയ ത്യാഗങ്ങൾ തങ്ങൾ സഹിച്ചിട്ടുണ്ടെന്നും ഭീകരരെ ഇല്ലാതാക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ആണ് പാക്കിസ്ഥാന്റെ നിലപാട്. ഭീകരരെ ഉന്മൂലനം ചെയ്യുന്നതിന് ലോകത്തെ എല്ലാ രാജ്യങ്ങളും സാധ്യമായ രീതിയിൽ പ്രവർത്തിക്കണം. 
വ്യക്തികളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ നയം വ്യക്തമാണ്. ഭീകര പ്രവർത്തനങ്ങളിൽ പങ്കുള്ളവരെയും ആളുകളെ കൊലപ്പെടുത്തുന്നതിൽ ഉത്തരവാദിത്തമുള്ള ഭീകര സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുന്നവരെയും ഭീകര പ്രവർത്തനങ്ങൾക്കും ഭീകരർക്കും സാമ്പത്തിക സഹായം നൽകുന്നവരെയും ശിക്ഷിക്കൽ നിർബന്ധമാണ്. 
ഭീകരരെ അറസ്റ്റ് ചെയ്ത് നീതിപീഠത്തിനു മുന്നിൽ ഹാജരാക്കണം. ഭീകരാക്രമണങ്ങളിൽ പങ്കുള്ള ആളുകളെ കരിമ്പട്ടികയിൽ പെടുത്തിയാൽ മാത്രം പോരാ, മറിച്ച്, അവരെ വിചാരണ ചെയ്ത് ശിക്ഷിക്കണം. കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ ഏറ്റവുമാദ്യം അപലപിച്ച രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. ഭീകര വിരുദ്ധ പോരാട്ടത്തിൽ സൗദി അറേബ്യക്ക് ഇന്ത്യയുമായി നല്ല ബന്ധമുണ്ടെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 

Latest News