Sorry, you need to enable JavaScript to visit this website.

ഷുക്കൂർ വധക്കേസ്: വിചാരണക്കോടതി ഏതെന്ന് ചൊവ്വാഴ്ച തീരുമാനിക്കും 


തലശ്ശേരി - യൂത്ത്‌ലീഗ്  പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ കോടതി എതെന്ന് ചൊവ്വാഴ്ച തലശ്ശേരി ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതി ഉത്തരവിടും. കേസ് നടപടികൾ സി.ബി.ഐ കേസുകൾ പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയിലേക്ക് മാറ്റണമെന്ന് സി.ബി.ഐ വാദിച്ചിരുന്നു. 
എന്നാൽ തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽതന്നെ കേസ് പരിഗണിക്കണമെന്ന് പ്രതിഭാഗവും കഴിഞ്ഞ ദിവസം കോടതിയിൽ വാദം നിരത്തിയിരുന്നു. ഇരു ഭാഗത്തിന്റേയും വാദം കേട്ട സെഷൻസ് ജഡ്ജി ടി. ഇന്ദിര കോടതി ഏതെന്ന കാര്യത്തിൽ വിധി പറയാൻ കേസ് ഈ മാസം 19 ലേക്ക് മാറ്റുകയായിരുന്നു.
പി.ജയരാജനും ടി.വി രാജേഷ് എം.എൽഎക്കുമെതിരെ 120(ബി) പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന വകുപ്പ് ചേർത്ത കുറ്റപത്രം സമർപ്പിച്ച ശേഷം   തലശ്ശേരി കോടതിയിലാണ് കേസ് പരഗണിച്ചിരുന്നത്. എന്നാൽ സി.ബി.ഐ കേസുകൾ പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലേക്ക് കേസ് മാറ്റണമെന്നും വിചാരണ നടപടികളുൾപ്പെടെ അവിടെ നടത്തണമെന്നുമാണ് സി.ബി.ഐ വാദം. കേസിലെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി തരണമെന്നാവശ്യപ്പെട്ട് പി.ജയരാജൻ, ടി.വി രാജേഷ് എന്നിവർ ഒന്നിച്ചും കേസിലെ 28, 29 പ്രതികളായ പി.പി സുരേശൻ, കെ,ബാബു എന്നിവർ ഒന്നിച്ചും 30,31 പ്രതികളായ യു.വി വേണു, എ.വി ബാബു എന്നിവർ ഒന്നിച്ചും മൂന്ന് സെറ്റ് വിടുതൽ ഹരജികൾ തലശ്ശേരി  കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ കെ.വിശ്വൻ മുഖേന കഴിഞ്ഞ ദിവസം  സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ സി.ബി.ഐയുടെ നിലപാട് അറിയിക്കാൻ കോടതി സമയം അനുവദിച്ചിരുന്നു.  എന്നാൽ കേസിന്റെ കോടതി മാറ്റം സംബന്ധിച്ച വിധിക്ക് ശേഷമെ ഇത് പരിഗണിക്കാനിടയുള്ളൂ.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ നേരത്തെ ഇന്ത്യൻ ശിക്ഷാനിയമം 118 പ്രകാരം വെറും ഗൂഢാലോചന മാത്രമാണ് നേരത്തെ  സി.ബി. ഐ കുറ്റം ചുമത്തിയിരുന്നത്. ക്രിമിനൽ ഗൂഢാലോചന കുറ്റമായ ഇന്ത്യൻ ശിക്ഷാനിയമം 120 (ബി) പ്രകാരവും കൊലക്കുറ്റമായ 302 ഉൂം കേസിലെ പ്രതികളായ പി. ജയരാജനും ടി.വി രാജേഷിനുമെതിരെ സി.ബി.ഐ കഴിഞ്ഞ ദിവസം  ചുമത്തുകയായിരുന്നു. ഇരു പ്രതികൾക്കുമെതിരെ ഷുക്കൂർ വധക്കേസിൽ ശക്തമായ തെളിവുകളുണ്ടെന്ന വാദമാണ്  അനുബന്ധ കുറ്റപത്രത്തിൽ സി.ബി.ഐ എടുത്തുപറഞ്ഞിരുന്നത്. തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലെ 315 -ാം നമ്പർ മുറിയിൽ വെച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത്. ഈ സമയം പി.ജയരാജനും ടി.വി രാജേഷും ആ മുറിയിൽ ഉണ്ടായിരുന്നുവെന്നതിനും തെളിവുകൾ സി.ബി.ഐ നിരത്തുകയാണ്.
2012 ഫെബ്രുവരി 20 നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എൽ.എയും സഞ്ചരിച്ച കാറിന് നേരെ മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയെന്നാരോപിച്ച് ഷുക്കൂറിനെ സി.പി.എം പ്രവർത്തകർ രണ്ട് മണിക്കൂറോളം പൂട്ടിക്കിടക്കുന്ന വീട്ടിൽ തടഞ്ഞ് വെച്ച് വിചാരണക്ക് വിധേയമാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ  പി. ജയരാജനുൾപ്പെടെയുള്ള പ്രതികൾ  സുപ്രീം കോടതി വരെ സമീപിച്ചിരുന്നു. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിക്കിട്ടാൻ ഇനിയും പ്രതികളായ ജയരാജനും ടി.വി  രാജേഷ് എം.എൽ.എയും നിയമ പോരാട്ടം തന്നെ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

 

Latest News