Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍- രാജ്യത്തെ വീണ്ടും അനിശ്ചിതമായ നിയമ, രാഷ്ട്രീയ പോരിലേക്ക് തള്ളിവിട്ട് യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിന് പണം കണ്ടെത്താനാണ് നടപടി. വന്‍ ചെലവ് വരുന്ന ഈ മതില്‍ നിര്‍മാണത്തിന് പണം അനുവദിക്കാന്‍ യുഎസ് കോണ്‍ഗ്രസ് വിസമ്മതിച്ചതോടെയാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പണം സമാഹരണം നടത്താനിറങ്ങിയിരിക്കുന്നത്. ഇതിനെതിരെ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരടക്കം രംഗത്തു വന്നിട്ടുണ്ട്. 

കുടിയേറ്റം തടയുന്നതിനാണ് മെക്‌സിക്കന്‍ മതില്‍ നിര്‍മ്മിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് കുറ്റവാളികളും ലഹരിക്കടത്തും കുറ്റവാളികള്‍ വരുന്നതും തടയാന്‍ മതില്‍ അത്യാവശ്യമാണെന്ന് ട്രംപ് വാദിക്കുന്നു. മതില്‍ നിര്‍മാണത്തിനായി പ്രത്യേക അധികാരം ഉപയാഗിച്ച് നികുതിദായകരുടെ പണം മറ്റ് അക്കൗണ്ടുകളില്‍ നിന്ന് വകമാറ്റി  എടുത്ത് 5.7 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ട്രംപിന്റെ ശ്രമം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ മതില്‍ നിര്‍മ്മാണം. ഏതാണ്ട് 20 ബില്യണ്‍ ഡോറാണ് ഈ മതില്‍ നിര്‍മ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ 230 മൈല്‍ ദൂരമാണ് മതില്‍ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ നിയമപരമായ പല തടസ്സങ്ങളും ഇതിനെതിരെ ട്രംപ് മുന്നില്‍ കാണുന്നുണ്ട്. അന്തിമ തീരുമാനം സുപ്രീം കോടതിയുടേതായിരിക്കും. 

വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ 50 മിനിറ്റ് നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ വ്യക്തമായ തെളിവുകളൊന്നും നല്‍കിയില്ലെന്നും യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തി മേഖലയില്‍ അസാധാരണ നടപടികള്‍ ആവശ്യമായ സംഘര്‍ഷാവസ്ഥയോ പ്രതിസന്ധിയോ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ട്രംപിനായിട്ടില്ല.
 

Latest News