Sorry, you need to enable JavaScript to visit this website.

വസന്തകുമാറിന്റെ വീരമൃത്യു; ഞെട്ടൽ മാറാതെ നാടും വീടും

കൽപറ്റ - കശ്മീരിലെ പുൽവാമയിൽ വ്യാഴാഴ്ച സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരേയുണ്ടായ ചാവേർ ആക്രമണത്തിൽ ഏകമകൻ വസന്തകുമാർ മരിച്ചെന്നറിഞ്ഞപ്പോഴുണ്ടായ ഞെട്ടലിൽനിന്ന് മോചിതയാകാതെ അമ്മ ശാന്ത. വേഗം വരാമെന്നും അമ്മയെ നല്ലപോലെ നോക്കുമെന്നും പറഞ്ഞ് മകൻ വീടിന്റെ പടിയിറങ്ങിയത് ദിവസങ്ങൾ മുമ്പാണ്. ഒന്നര പതിറ്റാണ്ട് മുമ്പ് സി.ആർ.പി.എഫിൽ ചേർന്ന വസന്തകുമാർ ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിച്ചതിന്റെ ആഹ്ലാദവുമായാണ് ഇക്കഴിഞ്ഞ രണ്ടിന് വീട്ടിലെത്തിയത്. ആറു ദിവസം വീട്ടിൽ ചെലവഴിച്ചശേഷമായിരുന്നു കശ്മീരിലേക്കുള്ള യാത്ര. 
മകന്റെ മുഖം ഇനി ജീവനോടെ കാണാനാകില്ലെന്നു ഇന്നലെ പുലർച്ചെ നാലോടെയാണ് ശാന്ത അറിഞ്ഞത്. ചാവേർ ആക്രമണത്തിൽ മരിച്ച ജവാന്മാരുടെ കൂട്ടത്തിൽ വസന്തകുമാറും ഉണ്ടെന്ന സൂചന വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറാവാട്ടിൽ ലഭിച്ചിരുന്നു. എങ്കിലും വിവരം പൂക്കോടുള്ള അമ്മ ശാന്തയെയും ഭാര്യ ഷീനയെയും അറിയിച്ചില്ല. കൊല്ലപ്പെട്ടവരിൽ വസന്തകുമാറും ഉണ്ടെന്നു രാത്രി വൈകിയാണ് സ്ഥിരീകരിച്ചത്. അപ്പോൾത്തന്നെ മുക്കംകുന്നിലെ തറവാട്ടിൽനിന്നു പുറപ്പെട്ട് പുലർച്ചെ രണ്ടോടെ പൂക്കോട് എത്തിയ ബന്ധുക്കൾ മണിക്കൂറുകൾക്കുശേഷമാണ് അമ്മയെയും വീട്ടിലുള്ള മറ്റുള്ളവരെയും ദുഃഖവാർത്ത അറിയിച്ചത്. 
ബന്ധുക്കളുടെ സാന്ത്വന വചനങ്ങൾക്ക് ശാന്തയുടെ തപിക്കുന്ന മനസിനെ ആശ്വസിപ്പിക്കാകുന്നില്ല. കിടക്കയിൽ ഇരുന്നും കിടന്നും കണ്ണീർ വാർക്കുകയാണ് അമ്മ. 
ഭർത്താവിന്റെ വിയോഗ വിവരം അറിഞ്ഞതുമുതൽ തരിച്ചിരിക്കയാണ് ഭാര്യ ഷീന. കണ്ടുനിൽക്കുന്നവരുടെയും കണ്ണു നനയിക്കുകയാണ് ഇവരുടെ തേങ്ങൽ. എട്ടും ആറും വയസാണ് വസന്തകുമാറിന്റെ മക്കൾക്ക്. അച്ഛൻ ഇനി വരില്ലെന്ന് മനസ്സിലാക്കാൻ ആ കുരുന്നുകൾക്കായിട്ടില്ല. വീടിനു മുന്നിൽ പന്തൽ ഉയർന്നതും മുതിർന്നവരുടെ നിലവിളികളും ബന്ധുക്കളും അല്ലാത്തവരും വീട്ടിലേക്ക് വരുന്നതും പോകുന്നതും കുഞ്ഞുങ്ങളുടെ മനസിൽ സൃഷ്ടിക്കുന്നതു അമ്പരപ്പ്. 
ഇന്നലെ പകൽ ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട നൂറുകണക്കിനാളുകളാണ് വസന്തകുമാറിന്റെ വീട്ടിലെത്തിയത്. കോൺഗ്രസ് നേതാവും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ കെ.സി. റോസക്കുട്ടി, എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ തുടങ്ങിയവർ പൂക്കോടെത്തി  സൈനികന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. 
 

Latest News