Sorry, you need to enable JavaScript to visit this website.

കുട്ടികളോട് കളി പഠിച്ചു, ചര്‍ച്ചില്‍ അവസരം തുലച്ചു

ഐ-ലീഗ് ഫുട്‌ബോളില്‍ ഇരട്ട അട്ടിമറികളുടെ ദിനം. നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ ഭുവനേശ്വറില്‍ ഇന്ത്യന്‍ യൂത്ത് ടീമായ ആരോസ് 2-1 ന് തോല്‍പിച്ചപ്പോള്‍ ഒന്നാം സ്ഥാനത്തിനായി പൊരുതിയ ചര്‍ച്ചില്‍ ബ്രദേഴ്‌സിന് അവസാന സ്ഥാനക്കാരായ ഷില്ലോംഗ് ലജോംഗില്‍ നിന്ന് തിരിച്ചടിയേറ്റു (2-3). ചര്‍ച്ചില്‍ (16 കളികളില്‍ 29 പോയന്റ്) തോറ്റതോടെ ചെന്നൈ സിറ്റി (14 കളികളില്‍ 30) ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജയിച്ചെങ്കിലും ലജോംഗ് അവസാന സ്ഥാനത്തു തുടരുന്നു, 15 കളികളില്‍ 10 പോയന്റ്. ഗോകുലം കേരള എഫ്.സിയാണ് (14 കളികളില്‍ 12) ലജോംഗിന് തൊട്ടുമുന്നില്‍.
ആദ്യ പകുതിയില്‍ രോഹിത് ധനുവും രണ്ടാം പകുതിയില്‍ റഹീം അലിയുമാണ് മിനര്‍വക്കെതിരെ ആരോസിന്റെ ഗോളടിച്ചത്. മൊയ്‌നുദ്ദീന്‍ മിനര്‍വയുടെ ഏക ഗോള്‍ നേടി. ഈ സീസണില്‍ ആരോസിന്റെ അഞ്ചാം ജയമാണ് ഇത്. 16 കളികൡല്‍ 16 പോയന്റുമായി അവര്‍ ഏഴാം സ്ഥാനത്താണ്. മിനര്‍വ (14 പോയന്റ്) ഒമ്പതാം സ്ഥാനത്തും. 
ആരോസിനു വേണ്ടി മലയാളി മിഡ്ഫീല്‍ഡര്‍ കെ.പി. രാഹുല്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. മുപ്പത്തെട്ടാം മിനിറ്റില്‍ ആരോസ് ക്യാപ്റ്റന്‍ അമര്‍ജീത് കിയാമിന്റെ ഷോട്ട് മിനര്‍വ ക്രോസ്ബാറിനിടിച്ച് തെറിച്ചതാണ് ഗോളിന് വഴിയൊരുക്കിയത്. റീബൗണ്ട് പതിനാറുകാരന്‍ ധനു വലയിലേക്ക് ഹെഡ് ചെയ്തു. ലീഗില്‍ ധനുവിന്റെ മൂന്നാം ഗോളാണ് ഇത്. രണ്ടാം പകുതിയില്‍ ധനു തുടങ്ങിവെച്ച മനോഹരമായ നീക്കത്തിനൊടുവിലാണ് അന്‍വര്‍അലി രണ്ടാം ഗോള്‍ നേടിയത്. അതോടെ മിനര്‍വ ഉണര്‍ന്നു. മൊയ്‌നുദ്ദീന്റെ ഗോള്‍ അത്യുജ്വലമായിരുന്നു. പിന്നീട് മിനര്‍വ സമനില ഗോളിനായി ആക്രമിച്ചതോടെ കളിക്കാര്‍ തമ്മില്‍ കൈയാങ്കളി അരങ്ങേറി. 
കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കെ നവോറം മഹേഷ് സിംഗാണ് ചര്‍ച്ചിലിനെതിരെ ലജോംഗിന് വിജയം സമ്മാനിച്ചത്. സീസണില്‍ ലജോംഗിന്റെ മൂന്നാം വിജയമാണ് ഇത്. സാമുവേല്‍ കിന്‍ഷി ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ നേടി. ഇടവേളക്കു ശേഷം ലീഗിലെ ടോപ്‌സ്‌കോറര്‍ വിലിസ് പ്ലാസയും ആന്റണി വുള്‍ഫും ചര്‍ച്ചിലിനു വേണ്ടി തിരിച്ചടിച്ചു. 

Latest News