Sorry, you need to enable JavaScript to visit this website.

കാര്‍ത്ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത്  ഗുഡ് വില്‍ അംബാസിഡര്‍ 

ആലപ്പുഴ: തൊണ്ണൂറ്റിയേഴാം വയസ്സില്‍ അക്ഷരലക്ഷം തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ് വില്‍ അംബാസിഡര്‍. 53 രാജ്യങ്ങളാണ് കോമണ്‍വെല്‍ത്ത് ലേണിങ്ങിലുള്ളത്. വിദൂരവിദ്യാഭ്യാസ പ്രചാരണത്തിനായാണ് കോമണ്‍വെല്‍ത്ത് ലേണിങ് രൂപീകരിച്ചത്. കോമണ്‍വെല്‍ത്ത് ലേണിങ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം കാര്‍ത്ത്യായനിയമ്മയെ അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗുഡ് വില്‍ അംബാസിഡറായി നിയമിച്ചുള്ള പ്രഖ്യാപനം പുറത്തുവന്നത്.
കാര്‍ത്ത്യായനിയമ്മ ഒന്നാം റാങ്ക് നോടിയ കഥ ഇനി കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പ്രസിദ്ധീകരണങ്ങളില്‍ എത്തിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് മുന്നോടിയായാണ് അക്ഷരലക്ഷം പരീക്ഷ നടത്തുന്നത്. ഇത് വിജയിച്ചാല്‍ നാലാം ക്ലാസ് പരീക്ഷ എഴുതാം. അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനിയമ്മ ഇപ്പോള്‍ നാലാം ക്ലാസ് പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ്. ഏഴ്, പത്ത് ക്ലാസുകളിലെ തുല്യതാ പരീക്ഷകളും വിജയിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് കാര്‍ത്ത്യായനിയമ്മ വ്യക്തമാക്കുന്നു.
അക്ഷരലക്ഷം പരീക്ഷ വിജയിച്ച കാര്‍ത്ത്യായനിയമ്മ ലാപ്‌ടോപ്പ് വേണമെന്ന ആഗ്രഹം പങ്കുവച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നേരിട്ടെത്തി കാര്‍ത്ത്യായനിയമ്മയ്ക്ക് ലാപ് ടോപ് സമ്മാനിച്ചിരുന്നു. ലാപ്‌ടോപ് കിട്ടിയ ഉടന്‍ തന്നെ കാര്‍ത്ത്യായനി അമ്മ ഇംഗ്ലീഷില്‍ തന്റെ പേര് ടൈപ്പ് ചെയ്തു കാണിക്കുകയും ചെയ്തു.ചേപ്പാട് വില്ലേജില്‍ മുട്ടം സ്വദേശിയാണ് കാര്‍ത്ത്യായനിയമ്മ. രണ്ട് വര്‍ഷം മുമ്പ് മകള്‍ അമ്മിണി സാക്ഷരതാ ക്ലാസ്സില്‍ പഠിക്കാനെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ത്ത്യായനിയമ്മയും ക്ലാസിലെത്തിയത്.

Latest News