Sorry, you need to enable JavaScript to visit this website.

അവിശ്വാസം അതിജീവിച്ച് തേരസ മേ; ബ്രെക്‌സിറ്റില്‍ വീണ്ടും പിന്തുണ തേടി

ലണ്ടന്‍- ബ്രിട്ടനില്‍ അവിശ്വാസ പ്രമേയം അതിജീവിച്ച പ്രധാനമന്ത്രി തെരേസാ മേ ബ്രെക്‌സിറ്റ് വിഷയത്തില്‍ എം.പിമാര്‍ സ്വാര്‍ഥത വെടിയണമെന്നും ക്രിയാത്മകമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു.
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിനു പിന്നാലെ തെരേസ മേ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 306 പേര്‍ വോട്ട് ചെയ്തപ്പോള്‍ 325 പേര്‍ എതിര്‍ത്തു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കുപുറമേ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയിലെ ( ഡി.യു.പി.)അംഗങ്ങളും മേയെ പിന്തുണച്ചു. 650 അംഗ പാര്‍ലമെന്റില്‍ 317 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ലേബര്‍ പാര്‍ട്ടിക്ക് 256-ഉം. പ്രമേയം വിജയിച്ചാല്‍ മേയ്ക്ക് രാജിവെക്കേണ്ടിവരുമായിരുന്നു.

ബ്രിട്ടീഷ് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ട മേയ്ക്ക് ഇനി ബ്രെക്‌സിറ്റ് എങ്ങനെ നടപ്പാക്കാനാവുമെന്നു വ്യക്തമല്ല. ഹൗസ് ഓഫ് കോമണ്‍സില്‍ എട്ടുദിവസത്തെ ചര്‍ച്ചയ്ക്കുശേഷം ചൊവ്വാഴ്ച നടന്ന ബ്രെക്‌സിറ്റ് വോട്ടിംഗില്‍ 432 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ 202 പേര്‍ മാത്രമാണ് കരാറിനെ അനുകൂലിച്ചത്. പ്രതിപക്ഷത്തിനു പുറമേ മേയുടെ പാര്‍ട്ടിയിലെ നിരവധി എം.പിമാര്‍ എതിര്‍ത്തു വോട്ടുചെയ്തു.
മാര്‍ച്ച് 29-ന് അര്‍ധരാത്രി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനാണു നിലവിലുള്ള ധാരണ.

 

Latest News