Sorry, you need to enable JavaScript to visit this website.

'എക്‌സിറ്റ്' വാതിലിൽ മേ

യൂറോപ്യൻ യൂനിയനുമായുള്ള കരാറിനെതിരെ ബ്രിട്ടീഷ് പാർലമെന്റിന് പുറത്തു നടക്കുന്ന പ്രകടനം.


ലണ്ടൻ - യൂറോപ്യൻ യൂനിയനിൽനിന്ന് വേർപെട്ട് പോകുന്നതിന്റെ വ്യവസ്ഥകളടങ്ങിയ കരാർ ബ്രിട്ടീഷ് പാർലമെന്റ് വോട്ടിനിട്ട് തള്ളുമെന്നുറപ്പായതോടെ പ്രധാനമന്ത്രി തെരേസ മേ പുറത്തേക്കെന്ന് സൂചന. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒരുപോലെ ഈ കരാറിനെ എതിർക്കുന്നതായതിനാൽ കരാറിനു വേണ്ടി നിലകൊള്ളുന്ന തെരേസ മേ ഏതാണ്ട് ഒറ്റപ്പെട്ടു. പലരുടെയും എതിർപ്പ് വ്യത്യസ്ത കാരണങ്ങളാലാണെന്ന് മാത്രം. 
സ്വന്തം പാർട്ടിയായ യാഥാസ്ഥിതിക കക്ഷിയിലെ നൂറോളം എം.പിമാർ പോലും കരാറിനെ ശക്തിയായി എതിർക്കുകയാണ്. കരാറിനെ പിന്തുണക്കണമെന്ന പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള അഭ്യർഥനകൾ ബധിരകർണങ്ങളിലാണ് പതിച്ചത്.
പാർലമെന്റിൽ നടന്ന കരാർ ചർച്ചയിൽ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങൾ ഉയരുമ്പോൾ, പുറത്ത് പൊതുജനവും രണ്ട് ചേരികളിലായി പ്ലക്കാർഡുകളുയർത്തി പ്രകടനം നടത്തുകയായിരുന്നു. ഇ.യു അംഗത്വമാണ് ഏറ്റവും മികച്ച കരാറെന്ന് ബ്രെക്‌സിറ്റിനെ എതിർക്കുന്നവർ ഇപ്പോഴും വാദിക്കുമ്പോൾ നോ ഡീൽ, നോ പ്രോബ്ലം എന്നാണ് മറുവിഭാഗം പറയുന്നത്. 'പുറത്ത് എന്നാൽ പുറത്തുതന്നെ' എന്നുള്ള പ്ലക്കാർഡുകളും അവർ ഉയർത്തി.
ഇന്നലെ അർധരാത്രിയാണ് വോട്ടെടുപ്പ് നടന്നത്. അതിനു മുമ്പ് തന്റെ പാർട്ടിയിലുള്ള പരമാവധി അംഗങ്ങളെ കരാറിന് അനുകൂലമാക്കാൻ തെരേസ മേ വൈകാരിക പ്രസംഗത്തിലൂടെ ശ്രമിച്ചിരുന്നു. നാളെ ചരിത്ര പുസ്തകം മറിച്ചുനോക്കുന്ന ജനങ്ങൾ, ഇക്കാര്യത്തിൽ നമ്മൾ എന്തു ചെയ്തുവെന്ന് പരതും, യൂറോപ്യൻ യൂനിയനിൽനിന്ന് വിട്ടു പോകുമ്പോൾ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ എന്ന് അന്വേഷിക്കും -അവർ പറഞ്ഞു. 
വോട്ടെടുപ്പിലെ തോൽവിയുടെ ആഘാതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരേസ മേ രാജിവെക്കണോ, ഒരിക്കൽ കൂടി വോട്ടെടുപ്പിന് ശ്രമിക്കണോ എന്നെല്ലാമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാവുക.
കരാർ ബ്രിട്ടന് ഗുണകരമല്ലെന്ന് പറഞ്ഞാണ് ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒരുപോലെ അതിനെതിരെ രംഗത്തെത്തിയത്. ബ്രിട്ടനും പുറം രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളെ കരാർ പ്രതികൂലമായി ബാധുക്കുമെന്നാണ് പ്രധാന വിമർശനം. എതിർപ്പിനെ തുടർന്ന് കരാറിൽ മാറ്റം വരുത്താൻ തെരേസ മേ, യൂറോപ്യൻ യൂനിയനെ വീണ്ടും സമീപിച്ചെങ്കിലും, ഇനിയൊരു അനുരഞ്ജനം സാധ്യമല്ലെന്നായിരുന്നു ഇ.യു നേതാക്കളുടെ പ്രതികരണം.

 

 

Latest News