Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി മോഡിയുടെ വിമര്‍ശം തെറ്റാണെന്ന് കേരളം തെളിയിച്ചു- പിണറായി

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മെമന്റോ സമ്മാനിക്കുന്നു.

കൊല്ലം- കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമര്‍ശനം തെറ്റാണെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ബൈപ്പാസ് ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യഘട്ടത്തില്‍ തന്നെ പ്രധാനമന്ത്രിയെ കാണാന്‍ ചെന്നിരുന്നു. അന്ന് പ്രധാനമന്ത്രി കേരളത്തില്‍ ഒന്നും ശരിയായി നടക്കുന്നില്ല എന്ന വിമര്‍ശനമുന്നയിച്ചു. ഗെയില്‍ പൈപ്പ് ലൈനിനെയാണ് പ്രധാനമന്ത്രി ഉദാഹരണമായി സൂചിപ്പിച്ചത്. എന്നാല്‍ അടുത്ത തവണ തമ്മില്‍ കാണുമ്പോള്‍ അതില്‍ മാറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. കേരളം അദ്ദേഹത്തിന് നല്‍കിയ വാക്ക് പാലിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ ആത്മവിശ്വാസത്തോടെ പറയാനാകും. പ്രളയം വന്നിരുന്നില്ലെങ്കില്‍ ഗെയില്‍ പദ്ധതിയുടെ ഉദ്ഘാടനവും കഴിഞ്ഞിട്ടുണ്ടാകും-മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയ കാര്യം തീര്‍ത്തും മാറ്റിമറിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് അഭിമാനപൂര്‍വം പറയാനാകും. ഇതിനെല്ലാം ഒറ്റക്കെട്ടായാണ് കേരളം നീങ്ങിയത്.
ഗെയില്‍ പോലെ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ദേശീയപാതവികസന പ്രവര്‍ത്തനങ്ങളും നടക്കുന്നു. സംസ്ഥാനത്തിന്റെ വികസനം ഒഴിച്ചുകൂടാനാവാത്തതാണ്. യാത്രാക്കുരുക്കില്‍നിന്ന് മോചനം വേണമെങ്കില്‍ റോഡിന്റെ സൗകര്യം വര്‍ധിക്കണം. ഇക്കാര്യത്തില്‍ അങ്ങേയറ്റം മുന്‍ഗണന നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മലയോര ഹൈവേക്കും തീരദേശ ഹൈവേക്കും കിഫ്ബിയിലൂടെ പണം വകയിരുത്തിക്കഴിഞ്ഞു. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത 2020 ആകുമ്പോഴേക്കും പൂര്‍ണതയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News