Sorry, you need to enable JavaScript to visit this website.

സംഘ് പരിവാർ അക്രമം ചെറുത്ത് തോൽപ്പിക്കുക-പ്രവാസി ജിദ്ദ

പ്രവാസി ജിദ്ദ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തിൽ പ്രസിഡന്റ് ഉസ്മാൻ പാണ്ടിക്കാട് സംസാരിക്കുന്നു.

ജിദ്ദ-ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടു കേരളത്തിലുടനീളം നടന്ന അക്രമ പ്രവർത്തനങ്ങൾക്കെതിരെ 'സംഘ് പരിവാർ അക്രമം ചെറുത്ത് തോൽപ്പിക്കുക, സൈ്വര ജീവിതം ഉറപ്പു വരുത്തുക' എന്ന തലക്കെട്ടിൽ പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കേരളത്തിലെ മതേതര വിശ്വാസികൾ കനത്ത ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിതെന്ന് ചടങ്ങിൽ വിഷയമവതരിപ്പിച്ച ഉമറുൽ ഫാറൂഖ് പറഞ്ഞു. കോടതി വിധി നടപ്പാക്കേണ്ടത് തെരെഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ ബാധ്യതയാണ്. എന്നാൽ അതിനു സ്വീകരിക്കുന്ന വഴികൾ ജാതി മത വർഗീയ ശക്തികൾക്ക് വേരൂന്നാനുള്ള അവസരമാകരുത്. അതത് വിശ്വാസി സമൂഹത്തിനകത്തെ നവീകരണ പ്രക്രിയയിലൂടെയാണ് നവോഥാനം സംഭവിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനവും സൈ്വര ജീവിതവും സംരക്ഷിക്കാൻ ഇടതു ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം പറഞ്ഞു. കേരളത്തിന്റെ ജന വികാരം പ്രതിഫലിപ്പിക്കാൻ വനിതാ മതിലിലൂടെ സാധിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി കേരളത്തിൽ നിലം തൊടില്ല. വേറിട്ട നിലപാടുമായി നിൽക്കാതെ കേരളത്തിലെ ഇടതു മനസിനൊപ്പം നിൽക്കാൻ വെൽഫെയർ പാർട്ടിയടക്കം രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസടക്കം പ്രതിപക്ഷം വിശ്വാസികളുടെ കൂടെയാണ്. പിറവം പള്ളിയടക്കം നിരവധി വിഷയങ്ങളിൽ കോടതി വിധി നടപ്പാക്കാത്ത ഇടതു ഗവണ്മെന്റും സീ പീ എമ്മും പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് നേടുക എന്ന ഒറ്റ ലക്ഷ്യം വെച്ച് കലക്ക് വെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് ഒ ഐ സി സി പ്രതിനിധി സാക്കിർ എടവണ്ണ ചൂണ്ടിക്കാട്ടി. കോൺഗ്രസിനെ തകർക്കൽ മാത്രമാണ് ഇടതു ലക്ഷ്യം. കോൺഗ്രസ് തിരിച്ചുവരവിലാണെന്നത്തിന് മൂന്ന് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് വിജയം ഉദാഹരണമാണ്.

കോടതി വിധിയെ അംഗീകരിക്കാൻ തയ്യാറല്ലാത്ത അക്രമി സംഘത്തെ നേരിടാൻ ഗവൺമെന്റിനെക്കൊണ്ട് സാധിച്ചതായി ന്യൂ ഏജ് പ്രതിനിധി പി പി റഹീം പറഞ്ഞു.  നാടിൻറെ സൈ്വര ജീവിതം തകർക്കുന്ന സംഘ പരിവാരം ഒരു സംഘടനയല്ല, കോർപറേറ്റ് മൂലധന ശക്തികളുടെ സഹായത്താൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രവാസി ജിദ്ദ പ്രസിഡന്റ് ഉസ്മാൻ പാണ്ടിക്കാട് പറഞ്ഞു. ആർ എസ് എസിന്റെ ഒന്നാമത്തെ സംഭാവന തന്നെ ഗാന്ധി വദമാണ്. കോടതി വിധി നടപ്പാക്കണമെന്ന് തന്നെയാണ് വെൽഫെയർ പാർട്ടിയുടെ നിലപാട്. എന്നാൽ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തു അവധാനതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നായിരുന്നു ശബരിമല വിഷയം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

ദിലീപ് താമരക്കുളം (പി സി എഫ്),  ഷഹീർ കാളമ്പാട്ടിൽ (ഐ എം സി സി), ഷഫീഖ് പട്ടാമ്പി (ഫോക്കസ് ജിദ്ദ), തമീം മമ്പാട് (യൂത്ത് ഇന്ത്യ), നിസാർ ഇരിട്ടി എന്നിവർ ചർച്ചയിൽ സംസാരിച്ചു. എം പി അഷ്‌റഫ്, വേങ്ങര നാസർ, സലീം എടയൂർ,  ഷഫീഖ് മേലാറ്റൂർ, ഇസ്മയിൽ പാലക്കണ്ടി, അമീൻ ഷറഫുദീൻ, ദാവൂദ് രാമപുരം, അസീസ് കണ്ടോത്ത് തുടങ്ങിയവർ  നേതൃത്വം നൽകി.ഷറഫിയ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ സ്വാഗതവും ഇ പി സിറാജ് നന്ദിയും പറഞ്ഞു.


 

Latest News