Sorry, you need to enable JavaScript to visit this website.

തബൂക്കില്‍ നിര്യാതനായ സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

തബൂക്ക്- തബൂക്ക് കിംഗ് ഫഹദ് ആശുപത്രിയില്‍  ചികിത്സയിലിരിക്കെ മരിച്ച കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് ജോലി സ്ഥലമായ ശര്‍മയില്‍ നിന്ന് സുഹൃത്തുക്കള്‍ അല്‍ ബദ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് തബൂക്കിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.  ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള  നടപടികള്‍ തബൂക്ക് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് പൂര്‍ത്തിയാക്കിയത്.  മൂന്നു വര്‍ഷമായി താമസ രേഖയില്ലാതിരുന്ന സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടി സുരേഷ് സഹായനിധിക്ക് തബൂക്ക് വെല്‍ഫെയര്‍ അസോസിയേഷന്‍ ഷാബു ഹബീബ് കണ്‍വീനറും സിറാജ് എറണാകുളം ജോയിന്റ് കണ്‍വീനറായും സിറാജ് കാഞ്ഞിരമുക്ക് ട്രഷര്‍ ആയി ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു.
സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെ കരിപ്പൂരില്‍ എത്തിച്ച മൃതദേഹം റോഡ്മാര്‍ഗം സ്വദേശമായ ചേളന്നൂര്‍ മുതുവട്ട് താഴത്തുള്ള വീട്ടിലെത്തിക്കുകയായിരുന്നു.
നാല് വര്‍ഷമായി തബൂക്കിലും ശര്‍മയിലുമായി വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. അമ്മയും വിവാഹിതയായ ഒരു സാഹോദരിയുമടങ്ങുന്നതാണ് കുടുംബം.

 

Latest News