Sorry, you need to enable JavaScript to visit this website.

ടേബിൾ ടെന്നീസിൽ വിസ്മയിപ്പിച്ച് ഇരട്ടകൾ 

അങ്കിതയും അനേഘയും

കാഴ്ചയിൽ ഒരുപോലെയാണെന്നതിനാൽ ഇവരെ പരസ്പരം തിരിച്ചറിയാൻ പ്രയാസം. എന്നാൽ കളിക്കളത്തിലിറങ്ങിയാൽ ഇരുവർക്കും അവരവരുടേതായ ശൈലി. പതിനാറുകാരികളായ അനേഘയും അങ്കിതയും ടേബിൾ ടെന്നീസിൽ സ്വന്തം ശൈലിയിലുള്ള കളിമികവിലൂടെ വിജയക്കൊടി പാറിക്കുകയാണ്.
കോഴിക്കോട് കുണ്ടൂപറമ്പിനടുത്ത കോഴിപ്പള്ളി അനിൽകുമാറിന്റെയും പ്രജുഷയുടെയും മക്കളായ ഈ ഇരട്ടകൾ കഴിഞ്ഞ ആറു വർഷമായി ദേശീയതലത്തിലും സംസ്ഥാന തലത്തിലുമായി ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഗുജറാത്തിലെ വഡോദരയിൽ നടക്കുന്ന സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അറുപത്തിനാലാമത് ദേശീയ സ്‌കൂൾ മീറ്റിൽ പങ്കെടുക്കാനുള്ള തീവ്രപരിശീലനത്തിലാണിപ്പോൾ.
പത്താം വയസ്സിലാണ് അനേഘയും അങ്കിതയും ടേബിൾ ടെന്നീസിലേയ്ക്ക് കടന്നുവരുന്നത്. കാരണക്കാരനായതാകട്ടെ അയൽക്കാരനും. വീടിനടുത്ത ക്ലബ്ബിൽ ടേബിൾ ടെന്നീസ് കളിച്ചുകൊണ്ടിരുന്ന അദ്ദേഹമാണ് ഇവരെ ടേബിൾ ടെന്നീസിലേയ്ക്ക് ആകർഷിച്ചത്. ആദ്യം എതിരാളികളായി മത്സരിച്ചു. പിന്നീട് വിദഗ്ധ പരിശീലനത്തിനായി ഇൻഡോർ സ്‌റ്റേഡിയത്തിലെ കോച്ചിംഗ് ക്യാമ്പിലെത്തി. പരിശീലനം തുടങ്ങി ഏകദേശം ഒരു  വർഷത്തിനകംതന്നെ സംസ്ഥാനതല മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചു. അന്ന് എട്ടാം ക്ലാസിലായിരുന്നു. നിരവധി ദേശീയ മത്സരങ്ങളിലും മാറ്റുരക്കാൻ അവസരം ലഭിച്ചു.
2017ൽ നടന്ന അറുപത്തിയൊന്നാമത് ഇ.ഫിലിപ്പോസ് മെമ്മോറിയൽ ആൾ കേരള ഓപ്പൺ പ്രൈസ്മണി ടേബിൾ ടെന്നീസ് ടൂർണ്ണമെന്റിൽ ജൂനിയർ ഗേൾസ് ടൈറ്റിൽ അനേഘ കരസ്ഥമാക്കിയപ്പോൾ 2017-18 ലെ ഡോ. പി.കെ. നാരായണസ്വാമി മെമ്മോറിയൽ ആൾ കേരള ടേബിൾ ടെന്നീസ് ടൂർണ്ണമെന്റിലെ ജൂനിയർ ഗേൾസ് ടൈറ്റിലാണ് അങ്കിത കൈപ്പിടിയിലാക്കിയത്.
നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഈ ഇരട്ടകൾ അറുപത്തിമൂന്നാമത് ദേശീയ സ്‌കൂൾ ടൂർണ്ണമെന്റിലും പങ്കെടുത്തിട്ടുണ്ട്. ആലപ്പുഴയിൽ നടന്ന സ്റ്റാഗ് കേരള സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പിൽ അനേഘയും അങ്കിതയും വിവിധ വിഭാഗങ്ങളിലായി പതിനേഴു മെഡലുകളാണ് സ്വന്തമാക്കിയത്.
2016ലെ രാജീവ് ഗാന്ധി ഖേൽ അഭിയാൻ ടേബിൾ ടെന്നീസ് നാഷണൽ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും ഇവർക്കായിരുന്നു.
ഓരോ സ്‌കൂൾ അവധിക്കാലത്തും വിദഗ്ധ പരിശീലനത്തിനായി ഈ ഇരട്ടകൾ ചെന്നൈയിലെത്താറുണ്ട്. ടേബിൾ ടെന്നീസിൽ വൈദഗ്ധ്യം നേടിയ ഒട്ടേറെ പ്രതിഭകൾ ഇവിടെയുണ്ട്. അവരിൽനിന്നും കളിമികവുകൾ സ്വായത്തമാക്കിയാണ് ഇവർ തിരിച്ചെത്തുന്നത്. 
കൂടാതെ വീടിനടുത്ത എടക്കാട് ഷട്ടിൽ ക്ലബ്ബിൽ ദിവസവും രണ്ടുമൂന്നു മണിക്കൂർ പരിശീലനവും നടത്താറുണ്ട്. ഈ തിരക്കിട്ട കായികമത്സരങ്ങൾക്കിടയിലും പഠനത്തിൽ പിന്നോക്കം പോയില്ല. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ഇരുവരും വിജയിച്ചത്.
സ്വന്തം സഹോദരിക്കെതിരെ മത്സരിക്കുമ്പോൾ എന്തു തോന്നും എന്ന ചോദ്യത്തിന് അനേഘയുടെ മറുപടിയിങ്ങനെ: കളി തുടങ്ങിക്കഴിഞ്ഞാൽ ഞങ്ങൾ സഹോദരിമാരല്ല. മറ്റെല്ലാ മത്സരാർത്ഥികളെയുംപോലെ പരസ്പരം എതിരാളികളായി മാറുകയാണ് ഞങ്ങൾ. കളി കഴിയുമ്പോൾ ഞങ്ങൾ വീണ്ടും സഹോദരങ്ങളാവും.
കമ്പ്യൂട്ടർ സയൻസിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ഈ ഇരട്ടകളുടെ ഏറ്റവും വലിയ ആഗ്രഹം ഒളിമ്പിക്‌സിൽ പങ്കെടുക്കുക എന്നതാണ്. 
ഹരിയാനയിൽ ലെവൽ സ്‌പോർട്‌സ് നടത്തുന്ന എൺപതാമത് ജൂനിയർ ആന്റ് യൂത്ത് നാഷണലിലും ഇന്റർ സ്‌റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിലും ഒറീസയിൽ ലെവൽ സ്‌പോർട്‌സ് നടത്തുന്ന എൺപതാമത് സീനിയർ നാഷണലിലും ഇന്റർ സ്‌റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിവർ.
കൂടാതെ സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അറുപത്തിനാലാമത് ദേശീയ സ്‌കൂൾ ഗെയിസിലും ഈ ഇരട്ടകൾ മാറ്റുരയ്ക്കാനുള്ള ഒരുക്കത്തിലാണ്.
 

Latest News