Sorry, you need to enable JavaScript to visit this website.

ലീഗ് രാഷ്ട്രീയം: ഉയർച്ചയും താഴ്ചയും

മലബാർ രാഷ്ട്രീയം, പ്രത്യേകിച്ച് ലീഗ് രാഷ്ട്രീയം പുതിയ ഉയർച്ചകളും പ്രതിസന്ധികളും കണ്ടാണ് പുതുവർഷത്തിലേക്ക് കാലെടുത്തു വെക്കുന്നത്. ലീഗ് രാഷ്ട്രീയം എന്നു പറയുമ്പോൾ മുസ്‌ലിം ലീഗ് മാത്രമല്ല. 2018 ന്റെ അവസാന ലാപ്പിൽ പുതിയൊരു രാഷ്ട്രീയ മേൽവിലാസമുണ്ടാക്കി തലയുയർത്തി നിൽക്കുന്ന നാഷനൽ ലീഗും അതിൽ ഉൾപ്പെടും. വരാനിരിക്കുന്ന രാഷ്ട്രീയ നാളുകളിൽ മലബാർ രാഷ്ട്രീയത്തിൽ നാഷനൽ ലീഗിന്റെ പേരും കൂടുതൽ ഉയർന്നു കാണുമെന്നതിൽ സംശയിക്കേണ്ടതില്ല. ഇന്ത്യൻ നാഷനൽ ലീഗിനെ (ഐ.എൻ.എൽ) സംബന്ധിച്ച് രാഷ്ട്രീയ നേട്ടങ്ങളുടെ വർഷമാണ് കടന്നു പോയത്. കാൽ നൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിന് ശേഷം ഇടതുമുന്നണി ആ പാർട്ടിയെ അംഗീകരിക്കുകയും മുന്നണിയുടെ ഭാഗമാക്കുകയും ചെയ്തിരിക്കുന്നു. മുസ്‌ലിം ലീഗാകട്ടെ അപ്രതീക്ഷിതമായൊരു പ്രതിസന്ധിയിൽ കുടുങ്ങിയാണ് പുതുവർഷത്തിലേക്ക് കടക്കുന്നത്. പാർലമെന്റിൽ മുത്തലാഖ് ബില്ലിന്മേൽ നടന്ന ചർച്ചയിലും വോട്ടെടുപ്പിലും മുസ്‌ലിം ലീഗ് എം.പിയായ പി.കെ. കുഞ്ഞാലിക്കുട്ടി കാണിച്ച നിസ്സംഗത കടുത്ത വിമർശനത്തിന് കാരണമായിരിക്കുകയാണ്. മുസ്‌ലിം സമുദായത്തിന് ഏറെ സുപ്രധാനമായ മുത്തലാഖ് ബില്ലിൽ ചർച്ചയിൽ പങ്കെടുക്കാൻ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്താതിരുന്നത് ലീഗ് വിരുദ്ധ സംഘടനകളുടെ കടുത്ത വിമർശനമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.
ഐ.എൻ.എല്ലിന്റെ ഇടതുമുന്നണി പ്രവേശനത്തോടെ മലബാർ രാഷ്ട്രീയത്തിൽ ചില ചലനങ്ങൾ ഉണ്ടാകുമെന്നാണ് മുന്നണി നേതൃത്വം പ്രതീക്ഷിക്കുന്നത്. മുസ്‌ലിം ലീഗിനെ നേരിടാൻ ഒരു കൂട്ടാളിയെ കൂടി ഒപ്പം നിർത്തുകയാണ് ഇടതുമുന്നണി ചെയ്തിരിക്കുന്നത്. മലബാർ രാഷ്ട്രീയം, പ്രത്യേകിച്ച് മലപ്പുറം രാഷ്ട്രീയം മനപ്പാഠമാക്കിയ എ. വിജയരാഘവൻ ഇടതുമുന്നണി കൺവീനറായതു മുതൽ ഐ.എൻ.എല്ലിനോടുള്ള സമീപനത്തിൽ മുന്നണിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയതാണ്. മലപ്പുറത്ത് മുസ്‌ലിം ലീഗിനെ തറപറ്റിക്കാൻ മുസ്‌ലിം സംഘടനകളുടെയും നേതാക്കളുടെയും പിന്തുണ തന്നെ വേണമെന്ന് കൃത്യമായി അറിയാവുന്ന നേതാവാണ് വിജയരാഘവൻ. ഐ.എൻ.എൽ ആകട്ടെ പേരിൽ മുസ്‌ലിം എന്നില്ലെങ്കിലും കർമം കൊണ്ട് മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധിയാണ്. മാത്രമല്ല, മുസ്‌ലിം ലീഗിന്റെ നിലപാടുകളെ കഠിനമായി വിമർശിച്ച് ഇറങ്ങിപ്പോന്ന പൂർവ സൂരികളുടെ പാർട്ടിയാണ്. അതു കൊണ്ടു തന്നെ മുസ്‌ലിം ലീഗിന്റെ ബലഹീനതകൾ എന്തൊക്കെയാണെന്ന് കൃത്യമായി അറിയുന്നതും അത് മുതലെടുക്കാൻ കഴിയുന്നതും നാഷനൽ ലീഗിന് തന്നെ. മാത്രമല്ല, മുസ്‌ലിം രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ സി.പി.എമ്മിനുള്ള പരിമിതികളെ മറികടക്കാൻ നാഷനൽ ലീഗിന്റെ സാന്നിധ്യം ഇടതുമുന്നണിയെ സഹായിക്കുകയും ചെയ്യും.
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇടതുമുന്നണി നാഷനൽ ലീഗിനെ കൂടെ കൂട്ടിയിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്ന പഴയ മുസ്‌ലിം ലീഗ് നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ 1994 ൽ രൂപീകരിച്ച ഈ പാർട്ടിക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വാദമുഖങ്ങളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയും. ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് മുസ്‌ലിം ലീഗ് സ്വീകരിച്ച നിസ്സംഗ നിലപാടുകളാണ് ഐ.എൻ.എല്ലിന് രൂപം നൽകിയത്. സമുദായ രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗിന്റെ നിസ്സംഗത ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന വിമർശനവുമായാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലം നാഷനൽ ലീഗ് കേരള രാഷ്ട്രീയത്തിൽ നിലനിന്നു പോന്നത്. ഇടതുമുന്നണിയിലേക്കുള്ള പ്രവേശം ഐ.എൻ.എല്ലിന് രാഷ്ട്രീയമായി ഏറെ നേട്ടങ്ങളുണ്ടാക്കുന്നതാണ്. പാർലമെന്ററി രാഷ്ട്രീയത്തിൽ പെട്ടെന്ന് ഉയരാനാകില്ലെങ്കിലും പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള മേൽവിലാസമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. അത് ഉപയോഗപ്പെടുത്തുന്നതിൽ നേതൃത്വം കാട്ടുന്ന മികവായിരിക്കും നാഷനൽ ലീഗിന്റെ ഭാവി തീരുമാനിക്കുന്നത്.
ഐ.എൻ.എല്ലിനെ കൂടെ കൂട്ടുമ്പോൾ ഇടതുമുന്നണി പ്രതീക്ഷിക്കുന്നത് കൂടുതൽ സീറ്റുകൾ തന്നെയാണ്. മലബാറിലെ ഭൂരിഭാഗം ജില്ലകളിലും ഐ.എൻ.എല്ലിന്റെ സാന്നിധ്യം ഇടതുപക്ഷത്തിന് ചെറിയ രീതിയിലെങ്കിലും ഗുണം ചെയ്യുമെന്നാണ് മുന്നണി നേതൃത്വം വിശ്വസിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെല്ലാം നാഷനൽ ലീഗ് ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിന്നിട്ടുണ്ടെങ്കിലും മുന്നണിയുടെ ഭാഗമല്ലെന്നത് അവരുടെ തന്നെ ആത്മവിശ്വാസത്തെ ദുർബലപ്പെടുത്തിയിരുന്നു. മാത്രമല്ല, നിങ്ങളിപ്പോൾ ഏത് മുന്നണിയിലാണെന്ന എതിരാളികളുടെ ചോദ്യം ഓരോ നാഷനൽ ലീഗ് പ്രവർത്തകന്റെയും ആത്മവീര്യം കെടുത്തിയിരുന്നു. ഇത്തരം മനഃശാസ്തപരമായ പ്രതിസന്ധികൾക്ക് ഇടതുമുന്നണിയിലെ അംഗത്വം അവർക്ക് പരിഹാരമാകും.
മലബാർ മേഖലയിൽ മുസ്‌ലിം സമുദായത്തിനിടയിൽ സ്വാധീനമുറപ്പിക്കുന്നതിന് ഇടതുമുന്നണിയുടെ ഇപ്പോഴത്തെ തുരുപ്പു ചീട്ട് മന്ത്രി കെ.ടി. ജലീലാണ്. ജലീലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രാഷ്ട്രീയ തന്ത്രം മുസ്‌ലിം ലീഗ് പയറ്റിത്തുടങ്ങിയതോടെ ജലീലിന് കവചമൊരുക്കാൻ ഐ.എൻ.എല്ലിന് കഴിയുമെന്നും ഇടതു നേതൃത്വം കരുതുന്നുണ്ട്. മലബാറിൽ മുസ്‌ലിം സമുദായത്തിനുള്ളിൽ ജലീലിനും മുന്നണിക്കും പിന്തുണ വർധിപ്പിക്കാൻ നാഷനൽ ലീഗിന്റെ പ്രവർത്തനത്തിനാകുമെന്ന കണക്കു കൂട്ടലിലാണ് ഇടതുപക്ഷം. നാഷനൽ ലീഗ് നേതൃത്വവും കെ.ടി. ജലീലിലും തമ്മിൽ മികച്ച ബന്ധവും ധാരണയും കാലങ്ങളായി നിലനിർത്തിപ്പോരുന്നുണ്ട്. സംസ്ഥാന ന്യൂനപക്ഷ കോർപറേഷനിൽ നടന്ന വിവാദ ബന്ധു നിയമനം ഐ.എൻ.എല്ലിന്റെ കൂടി അറിവോടെയായിരുന്നു. നിയമനത്തിന്റെ പേരിൽ മുസ്‌ലിം യൂത്ത് ലീഗ് മന്ത്രി ജലീലിനെ പ്രതികൂട്ടിലാക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിക്ക് ധാർമിക പിന്തുണയുമായി ഐ.എൻ.എല്ലും ഒപ്പുമുണ്ടായിരുന്നു. 
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ വിജയിക്കുന്നതിനുള്ള സർവ തന്ത്രങ്ങളും പയറ്റുന്ന തിരിക്കിലാണ് ഇടതുപക്ഷം. 
ഐ.എൻ.എല്ലിന്റെ മുന്നണി പ്രവേശം ഇക്കാര്യത്തിൽ മുസ്‌ലിം ലീഗിന് കടുത്ത വെല്ലിവിളിയാണ്. മുസ്‌ലിം ലീഗിന്റെ മലപ്പുറത്തെ രാഷ്ട്രീയ അടിത്തറക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ചിലപ്പോഴെല്ലാം തെരഞ്ഞെടുപ്പുകളിലുണ്ടാകുന്ന വീഴ്ചകൾ മുസ്‌ലിം ലീഗിനെ അലോസരപ്പെടുത്തുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലീഗിന്റെ ഉരുക്കു കോട്ടകളായ മങ്കടയും പഴയ കുറ്റിപ്പുറവും തിരൂരും താനൂരുമൊക്കെ ഒരിക്കലെങ്കിലും കൈവിട്ടു പോയതും മഞ്ചേരി മണ്ഡലം മുമ്പ് കൈവിട്ടു പോയതുമൊക്കെ ലീഗിനെ ഭയപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ്. ലീഗ് വിരുദ്ധമായ പല ഘടകങ്ങളും ഒന്നിച്ചു ചേർന്നാൽ മലപ്പുറത്തെ ഏത് മണ്ഡലത്തിലും ലീഗിന് അടിതെറ്റാം എന്ന രാഷ്ട്രീയ പാഠം മുന്നിലുണ്ട്. എതിരാളികളുടെ ഐക്യമാണ് ഇപ്പോൾ ഇടതുമുന്നണി വിപുലീകരണത്തിലൂടെ മുസ്‌ലിം ലീഗിന് മുന്നിൽ ആശങ്കയായി ഉയരുന്നത്. 
മുസ്‌ലിം ലീഗിനെ ഇപ്പോൾ ഗ്രസിച്ചിരിക്കുന്ന മുത്തലാഖ് പ്രതിസന്ധി രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻഐ. എൻ.എൽ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി അവർ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുസ്‌ലിം ലീഗ് ആകട്ടെ, അപ്രതീക്ഷിതമായി ഉയർന്നു വന്ന വിവാദത്തിൽ ആശയക്കുഴപ്പത്തിലാണ്. 
മുത്തലാഖ് ബിൽ ചർച്ചയിൽ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് മുസ്‌ലിം ലീഗിന്റെ സംഘടനാ ദൗർബല്യം കൂടിയായാണ് കാണേണ്ടത്. മുസ്‌ലിം സമുദായത്തെ സംബന്ധിക്കുന്ന സുപ്രധാനമായ വിഷയങ്ങളിൽ മുസ്‌ലിം ലീഗിനകത്ത് വേണ്ടത്ര ചർച്ചകൾ നടക്കുന്നില്ലെന്നും തന്ത്രങ്ങൾ രൂപപ്പെടുന്നില്ലെന്നുമാണ് ഈ പ്രശ്‌നത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്. ദേശീയ തലത്തിൽ യു.പി.എ നേതൃത്വവുമായുള്ള ആശയ വിനിമയത്തിലും മുസ്‌ലിം ലീഗ് നേതാക്കൾ പിറകോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസുമായും മറ്റ് യു.പി.എ ഘടക കക്ഷികളുമായും മുൻ നേതാവ് ഇ.അഹമ്മദ് പുലർത്തിയിരുന്ന നയതന്ത്ര ബന്ധം ഊഷ്മളമായി നിലനിർത്താൻ പി.കെ. കുഞ്ഞാലിക്കുട്ടിക്കോ ഇ.ടി. മുഹമ്മദ് ബഷീറിനോ ഖാദർ മൊയ്തീനോ കഴിയുന്നില്ലെന്ന് തെളിഞ്ഞു വരികയാണ്. ഇത്തരം സംഘടനാപരമായ പ്രതിസന്ധികളെ കൂടുതൽ ഗൗരവത്തോടെ മുസ്‌ലിം ലീഗ് സമീപിക്കേണ്ടി വരും.
മുത്തലാഖ് വിവാദം ഏതാനും നാളുകൾക്കകം അവസാനിച്ചേക്കാം. എന്നാൽ മുസ്‌ലിം സാമുദായിക വിഷയങ്ങളിൽ മുസ്‌ലിം ലീഗ് ഇപ്പോഴും അലംഭാവ നിലപാടുമായാണ് മുന്നോട്ടു പോകുന്നതെന്ന വിമർശനം വീണ്ടും സജീവമായി നിലനിർത്താൻ ഈ വിവാദം ഇടയാക്കും. ദേശീയ ന്യൂനപക്ഷ വിഷയങ്ങളിൽ മുസ്‌ലിം സമുദായ സംഘടനകളുടെ നിലപാടുകളും മുസ്‌ലിം ലീഗിന്റെ നിലപാടും രണ്ടു വഴിക്ക് നീങ്ങുമ്പോൾ അത് മുസ്‌ലിം ലീഗിന് രാഷ്ട്രീയമായി ദോഷം ചെയ്യും. ഇടതുമുന്നണിയുടെ മേൽവിലാസവുമായി വരുന്ന നാഷനൽ ലീഗിന് നേട്ടമുണ്ടാക്കുന്നതും ലീഗിന്റെ ഈ ദുർബലമായ നിലപാടുകളായിരിക്കും.
 

Latest News