Sorry, you need to enable JavaScript to visit this website.

ഒരു കിളിനക്കോടൻ വീരഗാഥ 

മലപ്പുറം ജില്ലയിലെ ഉൾനാടൻ ഗ്രാമമായ കിളിനക്കോട് വാർത്തകളിൽ ഇടം പിടിച്ചത് സോഷ്യൽ മീഡിയയിലൂടെയാണ്. വഴിയിൽ തടഞ്ഞിട്ട് തല്ലുന്ന സദാചാര പോലീസിംഗ് രൂപം മാറി സോഷ്യൽ മീഡിയയിലേക്ക് വളർന്നപ്പോൾ ഒരു പറ്റം പെൺകുട്ടികൾ രംഗത്തു വന്നതാണ് വേങ്ങരക്കടുത്തുള്ള കിളിനക്കോടിനെ വാർത്താ കേന്ദ്രമാക്കിയത്. പെൺകുട്ടികളും ആൺകുട്ടികളും സമൂഹത്തിൽ ഏത് രീതിയിൽ ഇടപഴകണമെന്നത് സംബന്ധിച്ച ഒരു സംവാദം കൂടി ഇതോടൊപ്പം ഉയർന്നു വരുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് ആൺ-പെൺ കുട്ടായ്മകളുടെ പെരുമാറ്റ രീതികളിൽ വരുന്ന മാറ്റങ്ങളെ കാണാതെ പഴയ കുപ്പിസോഡ കണ്ണാടി വെച്ച് വിമർശിക്കാനെത്തുന്നവർക്ക് മാപ്പ് പറഞ്ഞു പിൻമാറേണ്ടി വരുമെന്ന പാഠവും ഇതോടൊപ്പമുണ്ട്. സദാചാരത്തിന്റെ അതിർവരമ്പുകളെ കുറെ കൂടി സുതാര്യമായി കാണാൻ സമൂഹത്തിന് കഴിയണമെന്ന സൂചനകളും കിളിനക്കോട് നൽകുന്നു. നവോത്ഥാനം വീണ്ടു ചർച്ചയാകുന്ന കേരളത്തിൽ ഈ സൂചന ഏറെ പ്രധാനമാണ്.
സഹപാഠിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കിളിനക്കോട് ഗ്രാമത്തിൽ കോളേജ് വിദ്യാർഥികളായ ഒരു കൂട്ടം ആൺകുട്ടികളും പെൺകുട്ടികളും എത്തുന്നതോടെയാണ് കഥയാരംഭിക്കുന്നത്. വിവാഹം കഴിഞ്ഞ് മടങ്ങുമ്പോൾ അവർ ഒന്നിച്ചു നിന്ന് ഒരു സെൽഫിയെടുക്കുന്നു. സെൽഫിയില്ലാത്ത വിവാഹങ്ങളില്ല എന്ന നാട്ടുനടപ്പനുസരിച്ചാണ് അവർ അതിനു തുനിഞ്ഞത്. എന്നാൽ ഇതു കണ്ടു നിന്ന കിളിനക്കോട്ടെ ഒരു സംഘം ചെറുപ്പക്കർ അവരെ കളിയാക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു നിന്ന് സെൽഫിയെടുത്തതിലെ സദാചാര ലംഘനമാണ് അവർ ചോദ്യം ചെയ്തത്. രംഗം ശാന്തമായി വിദ്യാർഥികളും നാട്ടുകാരും വഴിപിരിഞ്ഞു പോയി. മണിക്കൂറുകൾക്കു ശേഷം ആ പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് പിന്നീട് വിവാദങ്ങൾക്ക് വഴിമരുന്നിട്ടത്.  കിളിനക്കോട്ടുകാർ സംസ്‌കാരമില്ലാത്തവരാണെന്ന രീതിയിലുള്ള പെൺകുട്ടികളുടെ സ്വന്തം വീഡിയോ ക്ലിപ്പ് പ്രാദേശിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും വൈറലായി. ഇതിനിടെ മറു വീഡിയോയുമായി കിളിനക്കോട്ടെ യൂത്ത് ലീഗ് നേതാവും കൂട്ടുകാരും രംഗത്തെത്തി. ആ വീഡിയോയിൽ തങ്ങളെ അപമാനിച്ചെന്ന് കാണിച്ച് പെൺകുട്ടികൾ വേങ്ങര പോലീസിൽ പരാതി നൽകിയതോടെയാണ് കാര്യങ്ങൾ സീരിയസായത്. യൂത്ത് ലീഗ് നേതാവ് സോഷ്യൽ മീഡിയയിലൂടെ തന്നെ മാപ്പു പറഞ്ഞെങ്കിലും പോലീസ് നിയമ നടപടികളുമായി മുന്നോട്ടു പോയി. സ്ത്രീത്വത്തെ അപമാനിക്കുന്നതിനടക്കമുള്ള കേസെടുക്കലും അറസ്റ്റും നടന്നു. നിയമ നടപടികൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയ കാലത്ത് സദാചാരത്തിന്റെ അളവുകോലുകളിൽ മാറ്റം വന്നിരിക്കുന്നുവെന്നതാണ് കിളിനക്കോട് നൽകുന്ന പ്രധാന പാഠം. സ്വാതന്ത്ര്യത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകപ്പെടുന്ന കാലമാണിത്. ഈ വ്യാഖ്യാനങ്ങൾ ഏറ്റവുമധികം പരിഷ്‌കരിക്കപ്പെടുന്നത് കോളേജ് കാമ്പസുകളിലാണ് എന്ന യാഥാർഥ്യവും തിരിച്ചറിയേണ്ടതുണ്ട്. ലിംഗഭേദമില്ലാതെ ജീവിതാവസ്ഥകൾ തുറന്ന മനസ്സോടെ പങ്കുവക്കുന്ന ഒരു തലമറക്ക് മുന്നിലാണ് ഇന്നു ലോകമുള്ളത്. ആൺകുട്ടിയെ കാണുമ്പോൾ വഴിമാറി നടക്കുകയോ അവനു മുന്നിൽ തലതാഴ്ത്തി കാൽവിരലു കൊണ്ട് കളം വരക്കുകയോ ചെയ്യുന്ന പെൺകുട്ടികളല്ല ഇന്നുള്ളത്. സൗഹാർദ്ദങ്ങളെ കുറെ കൂടി സുതാര്യവും സുരക്ഷിതവുമായ സംവാദ വേദിയാക്കി മാറ്റാൻ അവർ പഠിച്ചുകഴിഞ്ഞിരിക്കുന്നു. അത് തിരിച്ചറിയാൻ കാഴ്ചക്കാരന് കഴിയൊതെ പോകുന്നതിന്റെ അപകടങ്ങൾ കിളിനക്കോട്ട് നിന്ന് ഉയർന്നു കാണുന്നുണ്ട്. സദാചാരത്തിന്റെ അതിർവരമ്പുകൾ ലംഘിക്കപ്പെടുന്നത് പൊതുസ്ഥലങ്ങളിൽ വെച്ചെടുക്കുന്ന  സെൽഫിയിലൂടെയല്ല എന്നത് തിരിച്ചറിവാകണം. ആ സെൽഫി ദുരുപയോഗം ചെയ്യുമ്പോഴാണ് സദാചാരം ലംഘിക്കപ്പെടുന്നത്.  
പുരുഷ മേധാവിത്വത്തിന്റെ ഇരുമ്പുമറയിൽ നിന്ന് മനസ്സുകൾക്ക് അത്ര വേഗം പുറത്തു ചാടാനാകില്ല. അത് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന മനോനിലയാണ് എന്നതാണ് പ്രധാന കാരണം. എന്നാൽ മാറുന്ന ലോകവും അതിനനുസരിച്ച് മാറുന്ന സ്ത്രീപക്ഷ ചിന്തകളും പുരുഷ മേധാവിത്വത്തിന് പൊളിച്ചെഴുത്താവശ്യമാണെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രത്യേകിച്ച് നിയമം കൂടുതൽ കൂടുതൽ സ്ത്രീകളിലേക്ക് അടുക്കുമ്പോൾ.
സ്ത്രീകളോടുള്ള സമീപനത്തിൽ കാലത്തിന്റെ ചുവരെഴുത്ത് വായിക്കപ്പെടേണ്ടതുണ്ട്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് ഈ ചുവരെഴുത്ത് കൂടുതൽ വ്യക്തമാകേണ്ടത്.
ലൈസൻസില്ലാതെ ആർക്കും കയറി മേയാനുള്ള വേദിയാണ് സോഷ്യൽ മീഡിയ എന്ന ചിന്തയിലും മാറ്റം വരേണ്ടതുണ്ട്. ഒരാളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നത് മറ്റൊരാളുടെ സ്വാതന്ത്ര്യം ആരംഭിക്കുന്നിടത്താണെന്ന മഹദ്വചനങ്ങൾ നമുക്ക് മുന്നിലുണ്ട്.
മറ്റുള്ളവരെ കുറിച്ച് നമുക്ക് പറയാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ തിരിച്ചുപറയാൻ അവർക്കും അതുണ്ട്. പോസ്റ്റുകൾ അതിവേഗം കൈമാറ്റം ചെയ്യപ്പെടുന്ന ഇടമാണ് നവ മാധ്യമങ്ങൾ. സ്വന്തം പോസ്റ്റ് തിരിച്ചെടുക്കം മുമ്പ് അത് നാമറിയാത്ത ഇടങ്ങളിലെത്തിക്കാണും -കൈവിട്ട കല്ലും വാവിട്ട വാക്കും പോലെ. വിമർശനങ്ങളിൽ പക്വത കൈവരിക്കാൻ സോഷ്യൽ മീഡിയിലേക്കിറങ്ങുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. നവമാധ്യമ രംഗത്ത് സാക്ഷരത ഇനിയും യാഥാർഥ്യമായിട്ടില്ല.  
കിളിനക്കോട് സംഭവത്തിൽ പോലീസ് നിലപാട് കടുത്തതാണ്. നിയമം ഇത്തരം കാര്യങ്ങളിൽ ഇരകൾക്ക് കൂടുതൽ പരിഗണന നൽകുന്നുണ്ട്, സ്ത്രീകളാണെങ്കിൽ പ്രത്യേകിച്ചും. തങ്ങളെ സോഷ്യൽ മീഡിയയിൽ അപമാനിച്ചവർക്കെതിരെ പോലീസിൽ പരാതിപ്പെടാൻ ആ പെൺകുട്ടികൾ കാണിച്ച ധൈര്യമാണ് മാറുന്ന സ്ത്രീത്വത്തിന്റെ മുഖം. അതിനു മുന്നിൽ തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാം. കൂടുതൽ പേർക്ക് തെറ്റുകൾ എന്താണെന്ന് തിരിച്ചറിയുന്നതിനും അത് ചെയ്യാതിരിക്കുന്നതിനുള്ള മുന്നറിയിപ്പുമാകാം.
സദാചാരത്തിന്റെ ആദ്യപാഠങ്ങൾ തുടങ്ങേണ്ടത് സോഷ്യൽ മീഡിയയിൽ നിന്നല്ല. ഓരോ കുടുംബങ്ങളിൽ നിന്നുമാണ്. വിദ്യാർഥി സമൂഹം, ആൺകുട്ടികളായാലും പെൺകുട്ടികളായാലും പരുവപ്പെടുത്തലുകൾക്ക് തയ്യാറുള്ള ഒരു സമൂഹമാണ്. ഈ പരുവപ്പെടുത്തൽ സദാചാരത്തെ കുറിച്ചുള്ള തിരിച്ചറിവുകളുടേതാക്കി മാറ്റാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും കഴിയണം. അവർ അതിൽ വിജയിച്ചാൽ കവലകളിൽ തൊഴിലില്ലാതെയിരിക്കുന്ന ചെറുപ്പക്കാർ സദാചാര പോലീസ് ചമഞ്ഞ് വിചാരണക്കോടതികൾ ആരംഭിക്കില്ല. 

Latest News