Sorry, you need to enable JavaScript to visit this website.

രോഗവിമുക്തി  അകലെ, അകലെ..

നേരത്തെ കേട്ടുകേൾവിയില്ലാത്ത പുതിയ പുതിയ രോഗങ്ങളുടെ താവളമായി മലയാളനാട് മാറുകയാണോ? ആരോഗ്യമേഖലയിൽ ഏറെ വികസനം നേടിയെന്ന് ഊറ്റം കൊള്ളുന്ന കേരളം പൊടുന്നനെയെത്തുന്ന രോഗങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുന്നു. പുതിയ തരം വൈറസുകളും ബാക്ടീരിയകളും മലയാളിയുടെ ശരീരത്തിലേക്ക് നുഴഞ്ഞു കയറുന്നു. മരുന്നെന്തെന്ന് പോലുമറിയാതെ ആരോഗ്യമേഖല നട്ടം തിരിയുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മലബാർ മേഖലയിലാണ് രോഗങ്ങളുടെ വ്യാപനം കൂടുതലായി കണ്ടു വരുന്നത്. അടുത്തിടെ കേരളത്തെ വിറപ്പിച്ച നിപ വൈറസ് ബാധ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞെങ്കിലും വീണ്ടും രോഗമെത്തുമെന്ന ഭീതി ഇപ്പോഴും മലബാറിൽ നിലനിൽക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ ഒട്ടെറെ സ്ഥാപനങ്ങളും സൗകര്യങ്ങളുമൊക്കെ ഉണ്ടാക്കിയെങ്കിലും രോഗങ്ങൾക്ക് മുന്നിൽ പ്രതിരോധ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹമായി നാം ഇപ്പോഴും കഴിയുകയാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
പോളിയോ മുതൽ നിപ വരെ ഒട്ടേറെ രോഗങ്ങളാണ് മലബാറിനെ അടുത്ത കാലങ്ങളിലായി വിറപ്പിച്ചു നിർത്തുന്നത്.ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം ഇപ്പോൾ വർഷത്തിൽ എല്ലാ സമയത്തും കടന്നെത്തുന്ന വില്ലനായി മാറിയിരിക്കുന്നു. മലേരിയ,ടി.ബി,മുണ്ടിനീര് തുടങ്ങിയ മുൻ കാലങ്ങളിൽ നിർമാർജനം ചെയ്യപ്പെട്ട രോഗങ്ങൾ വീണ്ടും തിരിച്ചെത്തുകയാണ്. അടുത്ത കാലത്തായി ത്വക്ക് രോഗങ്ങളും വ്യാപകമായി കണ്ടുവരുന്നു. കുഷ്ഠരോഗത്തിന്റെ വ്യാപനം കൂടുകയാണെന്നും മലബാർ മേഖല ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകളുള്ളത്.
വൈറസുകൾക്കും ബാക്ടീരിയകൾക്കും ശക്തിപ്രാപിക്കാനുതകുന്ന അന്തരീക്ഷം നാം തന്നെ സൃഷ്ടിച്ചിരിക്കുന്നുവെന്നതാണ് രോഗ വ്യാപനത്തിന്റെ പ്രധാന കാരണം. വിവിധ സ്രോതസുകളിൽ നിന്നുള്ള മാലിന്യങ്ങൾ വർധിച്ചു വരുന്നതും അവ സംസ്‌കരിക്കുന്നതിലുള്ള അലംഭാവവും ഈ വിപത്തിന് പ്രധാന കാരണമാണ്. നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ ഇന്ന് മാലിന്യ കൂമ്പാരമാണ്. ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങൾ നഗര വീഥികളിൽ പോലും ഒഴുകുന്നു. നദികൾ ഈ മലിനജലം കൊണ്ട് നിറയുന്നു.അറവുശാലകളിൽ നിന്നുള്ള മാലിന്യം നഗര,ഗ്രാമവ്യത്യാസമില്ലാതെ പൊതുസ്ഥലങ്ങളിൽ പോലും രോഗഭീഷണി ഉയർത്തുന്നു. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ഫലവത്തായ സംവിധാനങ്ങൾ നടപ്പാക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. പൊതുസ്ഥലങ്ങളിലെ ശുചിത്വത്തെ അവഗണിക്കുന്ന ജനങ്ങൾ വ്യക്തിശുചിത്വത്തിലും ശ്രദ്ധാലുക്കളല്ല. സമൂഹത്തിന്റെ ഈ മനോഭാവം രോഗവ്യാപനത്തിൽ ചെറിയ പങ്കല്ല വഹിക്കുന്നത്.
അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. പലപ്പോഴും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗങ്ങളുടെ വാഹകരായി അവർ മാറുന്നു. കേരളത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ട അസുഖങ്ങളുടെ വൈറസുകളെ കൊണ്ടു വരുന്നതിൽ അവർക്ക് പ്രധാന പങ്കുണ്ട്. മാത്രമല്ല, ഇത്തരം തൊളിലാളികളുടെ താമസ സ്ഥലങ്ങൾ ഏറെ വൃത്തിഹീനവുമാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ വിഭാഗത്തെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെങ്കിലും രോഗവ്യാപനത്തിന്റെ ഗൗരവം പലപ്പോഴും ഈ തൊഴിലാളികൾ മനസിലാക്കുന്നില്ല.മാത്രമല്ല, ഇവർ സ്ഥിരമായി ഒരിടത്തു താമസിക്കാതെ ജില്ലകൾ തോറും തൊഴിലാവശ്യാർഥം സഞ്ചരിക്കുന്നതിനാൽ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഫലവത്താകാറുമില്ല.
ആരോഗ്യ വകുപ്പിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങളോട് മലബാറിലെ ഒരു വിഭാഗം ജനങ്ങൾ പുറം തിരിഞ്ഞു നിൽക്കുന്നത് ഇപ്പോഴും ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. പോളിയോ രോഗം നിർമാർജനം ചെയ്യുന്നതിന് ലോകാരോഗ്യസംഘടനയുടെ സഹായത്തോടെ സർക്കാർ നടപ്പാക്കിയ പൾസ്‌പോളിയോ യജ്ഞം ഈ നിസ്സഹകരണം കൊണ്ട് ലക്ഷ്യം നേടാതെ പോകുന്നതാണ് പതിവ്. മീസിൽസ്, ടി.ബി., കുഷ്ഠരോഗം എന്നിവക്കെതിരെ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെയും ഈ വിരുദ്ധമനോഭാവം പ്രതിസന്ധിയിലാക്കുന്നുണ്ട്. മതപരമായ വിലക്കുകൾ ചൂണ്ടിക്കാട്ടിയാണ് പലരും ഇത്തരം സർക്കാർ പദ്ധതികളോട് നിസ്സഹകരിക്കുന്നത്. എന്നാൽ മതപുരോഹിതൻമാരെ രംഗത്തിറക്കിയും വ്യാപകമായ ബോധവൽക്കരണ പരിപാടികളിലൂടെയും ഈ പ്രതിസന്ധിയെ മറികടക്കാൻ ഒരു പരിധി വരെ അടുത്ത കാലത്ത് കഴിഞ്ഞിട്ടുണ്ട്.
കേരളത്തെയൊട്ടാകെ ഭീതിയിലാഴ്ത്തി കോഴിക്കോട് കണ്ടെത്തിയ നിപ വൈറസ് ബാധ മലയാളിയുടെ ആരോഗ്യരംഗത്തെ അഹങ്കാരങ്ങളെ തച്ചുടക്കുന്നതായിരുന്നു. വവ്വാലുകളിൽ നിന്ന് ജനിക്കുന്ന നിപ വൈറസുകൾ അതിവേഗമാണ് മനുഷ്യശരീരത്തിലേക്ക് പടർന്നത്. ഏറെ ശാസ്ത്രീയവും ചിട്ടയോടെയുമുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സംസ്ഥാന ആരോഗ്യ വകുപ്പിന് ഈ രോഗവ്യാപനത്തെ ചെറുക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. കേരളത്തിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും മികവും പ്രതിജ്ഞാബദ്ധതയും ഒരിക്കൽ കൂടി തെളിയിക്കപ്പെട്ട സന്ദർഭമായിരുന്നു അത്. എന്നാൽ നിപ വീണ്ടുമെത്തിയേക്കുമെന്ന ആശങ്കകൾ ഇപ്പോഴും ബാക്കി നിൽക്കുന്നു. ലോകത്ത് തന്നെ വളരെ അപുർവ്വമായി മാത്രം കണ്ടെത്തിയിട്ടുള്ള നിപ വൈറസ് ബാധയെ ചെറുക്കുന്നതിന് യഥാർഥത്തിൽ കേരളത്തിലുള്ള പരിമിതമായ സംവിധാനങ്ങൾ അപര്യാപ്തമാണ്. 
പകർച്ച വ്യാധികളെ മുൻകൂട്ടി കണ്ടെത്തുന്നതിനും യഥാസമയത്തുള്ള ചികിൽസ നൽകുന്നതിനുമുള്ള സംവിധാനങ്ങൾ ഇപ്പോഴും മലബാർ മേഖലയിൽ ഇല്ല എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. അപൂർവ്വ ഇനം വൈറസുമായി ബന്ധപ്പെട്ട രോഗങ്ങൾ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ മലബാറിൽ പൊതുമേഖലയിലെ ഏറ്റവും വലിയ ആതുരാലയമായ കോഴിക്കോട് മെഡിക്കൽ കോളേജിലുമില്ല. വൈറോളജി ലാബുകളിൽ നടത്തേണ്ട പരിശോധനക്ക് ഇപ്പോഴും ആലപ്പുഴയിലെയോ പൂനെയിലേയൊ ലാബുകളെയാണ് ആശ്രയിക്കുന്നത്.പലപ്പോഴും ഇത്തരം പരിശോധനകൾക്കായി രക്തസാമ്പിളുകൾ അയച്ച് റിസൾട്ട് ലഭിക്കാൻ ദിവസങ്ങളെടുക്കും. പലപ്പോഴും രോഗ വ്യാപനത്തിന് ആ കാലതാമസം കാരണമാകും. മലബാറിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെങ്കിലും വൈറോളജി ലാബുകൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പകർച്ചപ്പനികളും വൈറസ് ബാധകളും മലബാറിന്റെ വാണിജ്യ,ടൂറിസം മേഖലകളെ പ്രതികൂലമായാണ് ബാധിക്കുന്നത്. നിപ വൈറസ് ബാധ പടർന്നു പിടിച്ചപ്പോൾ കോഴിക്കോട് നഗരം ഒറ്റപ്പെട്ടിരുന്നു. മറ്റു സ്ഥലങ്ങളിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് ദിവസങ്ങളോളം ജനങ്ങൾ പോകാൻ മടിച്ചു. ഇത് നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളെ പ്രതികൂലമായി ബാധിച്ചു. വിദേശത്തു നിന്നടക്കമുള്ള ടൂറിസ്റ്റുകളുടെ വരവിനെയും ഇത്തരം രോഗ വ്യാപനം തടയുന്നു. ഗൾഫ് നാടുകളിലേക്കുള്ള യാത്രകളെയും ഇത് ബാധിക്കാറുണ്ട്.പലപ്പോഴും കേരളത്തിലേക്കുള്ള യാത്ര വിലക്കികൊണ്ടു വിദേശ സർക്കാരുകൾ നടപടികളെടുക്കാറുമുണ്ട്.
രോഗ വ്യാപനം തടയുന്നതിന് സുസ്ഥിരമായ സംവിധാനങ്ങളാണ് ആവശ്യം. രോഗാണുക്കളുടെ വളർച്ച തുടക്കത്തിലെ തടയുന്നതിന് സർക്കാർ തലത്തിൽ സംവിധാനങ്ങളൊരുക്കേണ്ടതുണ്ട്. ഏത് തരത്തിലുള്ള അണുബാധകളെയും കണ്ടെത്തുന്നതിനും തടയുന്നതിനും സർക്കാർ ആശുപത്രികളിൽ സ്ഥിരം സംവിധാനങ്ങൾ വേണം. രോഗങ്ങൾക്ക് കാരണമാകാവുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് പൊതു സംവിധാനങ്ങൾ ഒരുക്കുന്നതോടൊപ്പം ജനങ്ങളിൽ മാലിന്യത്തിനെതിരെ ശക്തമായ അവബോധം വളർന്നു വരേണ്ടതുമുണ്ട്. 

Latest News