Sorry, you need to enable JavaScript to visit this website.

ഹജ് അപേക്ഷകരിൽ  കേരളം നാലാം സ്ഥാനത്ത് 

കൊണ്ടോട്ടി - ഇന്ത്യയിൽ വർഷങ്ങളായി ഏറ്റവും കൂടുതൽ ഹജ് അപേക്ഷകരുണ്ടാവുന്ന കേരളം ഇത്തവണ നാലാം സ്ഥാനത്ത്. ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഈ വർഷം ഹജ് അപേക്ഷകർ കേരളത്തേക്കാൾ കൂടുതലുളളത്. ഹജ് അപേക്ഷ സ്വീകരണം 12 ന് ബുധനാഴ്ച അവസാനിക്കും.
സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴിൽ ഇതുവരെയായി 36,800 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം അപേക്ഷകരുടെ എണ്ണം 76,000 വും തൊട്ടുമുമ്പുളള വർഷം 95,000 വുമായിരുന്നു. കഴിഞ്ഞ വർഷം വരെ അപേക്ഷകരിൽ കേരളത്തിന് പിറകെയുണ്ടായിരുന്ന ഉത്തർപ്രദേശിൽ ഇത്തവണ അപേക്ഷകർ 40,000 കവിഞ്ഞു. ഗുജറാത്തിൽ 38,500, മഹാരാഷ്ട്രയിൽ 37,400 അപേക്ഷകരുമുണ്ട്.
 ഹജ് പോളിസിയിൽ വരുത്തിയ മാറ്റങ്ങളാണ് കേരളത്തിൽ അപേക്ഷകർ കുറയാൻ കാരണം.തുടർച്ചയായ അഞ്ചാം വർഷക്കാർക്ക് നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം നൽകുന്നത് കഴിഞ്ഞ വർഷം മുതൽ നിർത്തലാക്കിയിരുന്നു.കേരളത്തിലായിരുന്നു ഏറ്റവും കൂടുതൽ അഞ്ചാം വർഷ അപേക്ഷകരുണ്ടായിരുന്നത്.ആയതിനാൽ തന്നെ അപേക്ഷ നൽകി അഞ്ച് വർഷം വരെ കാത്തിരുന്ന് ഹജിന് പോകാൻ കഴിഞ്ഞിരുന്നു. എന്നാൽ 2018-22 ഹജ് പോളിസിയിൽ കേന്ദ്രസർക്കാർ അഞ്ചാം വർഷക്കാരുടെ ആനുകൂല്യം എടുത്തുകളഞ്ഞു. 
കഴിഞ്ഞ വർഷമുണ്ടായിരുന്ന 45 വയസ്സിന് മുകളിൽ പ്രായമുളള മെഹ്‌റമില്ലാതെ അപേക്ഷിക്കുന്ന സ്ത്രീകൾക്കും ഇത്തവണ നേരിട്ട് അവസരം നൽകുന്നില്ല. 70 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് മാത്രമാണ് ഹജിന് നേരിട്ട് അവസരം നൽകുന്നത്. കേരളത്തിൽ നിന്ന് 70 വയസ്സിന് മുകളിൽ പ്രായമുളളവരുടെ കാറ്റഗറിയിൽ 1035 പേർ അപേക്ഷ നൽകിയിട്ടുണ്ട്.
മുസ്‌ലിം ജനസംഖ്യാനുപാതത്തിൽ കേരളത്തിന് ആകെ ലഭിക്കുന്ന ഹജ് ക്വാട്ട 6389 ആണ്. എന്നാൽ അഞ്ചാം വർഷക്കാർക്ക് അനുമതിയുളള സമയത്ത് ഇവർക്ക് കൂടി സീറ്റ് ലഭിക്കുന്നതോടെ 12,000 പേർക്ക് വരെ കേരളത്തിൽ നിന്ന് ഹജിന് പോകാൻ കഴിഞ്ഞിരുന്നു. ഹജിന് ചെലവേറിയതും അപേക്ഷകർ കുറയാൻ ഇടയാക്കിയിട്ടുണ്ട്. 
ഹജ് അപേക്ഷ സ്വീകരണം കഴിഞ്ഞ നവംബർ 17 ന് അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കേരളം ഉൾപ്പടെ മുഴുവൻ സംസ്ഥാനങ്ങളിലും അപേക്ഷകർ കുറഞ്ഞതോടെ തിയതി ഡിസംബർ 21 ലേക്ക് നീട്ടുകയായിരുന്നു. ഇന്ത്യയിൽ ആകെ രണ്ട്‌ലക്ഷം ഹജ് അപേക്ഷകളാണ് ലഭിച്ചത്.   കഴിഞ്ഞ വർഷം മൂന്നരലക്ഷം അപേക്ഷകൾ ലഭിച്ചിരുന്നു.
 

Latest News