Sorry, you need to enable JavaScript to visit this website.

സൗദിയിൽ റോഡ് ടോൾ വരുന്നു

ദമാം - സൗദിയിലെ റോഡുകളിൽ ടോൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഗതാഗത മന്ത്രാലയം പഠിച്ചുവരികയാണെന്നും 2020 ൽ ടോൾ ഏർപ്പെടുത്തി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി പറഞ്ഞു. ടോൾ ഏർപ്പെടുത്തുന്നതിന് രാജ്യത്തെ ആറു റോഡുകൾ നിർണയിച്ചിട്ടുണ്ട്. പഠനം പൂർത്തിയായ ശേഷം റോഡുകളിൽ ടോൾ ഏർപ്പെടുത്തുന്നതിനുള്ള ശുപാർശ അനുമതിക്കായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് സമർപ്പിക്കും. 
കിംഗ് ഫഹദ് കോസ്‌വേക്ക് സമാന്തരമായി സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിച്ച് പുതിയ പാലം നിർമിക്കുന്നതിനുള്ള പദ്ധതിക്ക് സാങ്കേതിക, നിയമ, ധന കൺസൾട്ടൻസി സേവനം നൽകുന്നതിനുള്ള കരാറിനുള്ള ടെണ്ടറുകൾ രണ്ടാഴ്ച മുമ്പ് ക്ഷണിച്ചിട്ടുണ്ട്. കൺസൾട്ടൻസി കരാർ നൽകിയ ശേഷം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠനം നടത്തും. 
നിർദിഷ്ട പദ്ധതിയുടെ സാങ്കേതിക, വാണിജ്യ പഠന റിപ്പോർട്ട് അടുത്തയാഴ്ച ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിനുള്ള അനുയോജ്യമായ രീതികൾ കൺസൾട്ടൻസി പഠനം നിർണയിക്കും. പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്നതിന് വിദേശ നിക്ഷേപകർക്കും അവസരമുണ്ടാകും. പഠനാനന്തര നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. അടുത്ത വർഷം മധ്യത്തോടെ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ജോലികൾ ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്നും ഡോ. നബീൽ അൽആമൂദി പറഞ്ഞു. 

Latest News