Sorry, you need to enable JavaScript to visit this website.

ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്നു സ്ഥിരീകരിച്ചു

മലപ്പുറം- പനി ബാധിച്ച് യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് കോംഗോ പനിബാധയില്ലെന്നു സ്ഥിരീകരിച്ചു. മൂത്രാശയ അണുബാധയെ തുടര്‍ന്ന് തൃശൂരില്‍ സ്വകാര്യ മെഡിക്കള്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ സാംപിള്‍ നേരത്തെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം നെഗറ്റീവ് ആണെന്നു തെളിഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അനുമതി നല്‍കി. ചികിത്സയ്ക്കായി തിങ്കളാഴ്ചയാണ് ഇദ്ദേഹം ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. ചികിത്സയിലുള്ള മലപ്പുറം സ്വദേശിക്ക് കോംഗോ പനി ബാധയാണെന്ന സംശയം സംസ്ഥാനത്ത് ആശങ്കയ്ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പും ജാഗ്രതയിലായിരുന്നു. 

എന്താണ് കോംഗോ പനി? 
ക്രിമിയന്‍ കോംഗോ ഹെമറെജിക് ഫീവര്‍ ആണ് കോംഗോ പനി എന്ന പേരില്‍ അറിയപ്പെടുന്നത്. വളര്‍ത്തു മൃഗങ്ങളിലും വന്യ മൃഗങ്ങളിലും കാണപ്പെടുന്ന ചെള്ളാണ് ഈ പനിക്കു കാരണമാകുന്ന വൈറസ് വാഹകര്‍. ഈ ചെള്ളുവഴിയാണ് മനുഷ്യരിലേക്ക് പടരുന്നത്. ഇത് വായുവിലൂടെ പകരില്ല. ചെള്ള് മനുഷ്യനെ കടിക്കുന്നതിലൂടെ മൂന്ന് ദിവസം കൊണ്ട് ലക്ഷണങ്ങള്‍് കണ്ടു തുടങ്ങും. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന കടുത്ത പനി, വയര്‍ വേദന, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ഇത് തലച്ചോറിനേയും വേഗത്തില്‍ ബാധിക്കും. രോഗ ബാധയേല്‍ക്കുന്ന പത്തില്‍ നാലു പേരും മരിക്കുമെന്നാണ് കണക്ക്.
 

Latest News