Sorry, you need to enable JavaScript to visit this website.

വിടർന്ന കണ്ണുകളുള്ള കൂട്ടുകാരൻ  

ഓർമയെഴുത്ത്

അലക്ഷ്യമായൊഴുകുന്ന ഓർമപ്പുഴയിലേക്ക് അപ്രതീക്ഷിതമായി ചിലരെല്ലാം തുഴഞ്ഞെത്താറുണ്ട്. ഓർമയുടെ നീല ഞരമ്പുകൾ ഒരിക്കലും തൊടില്ലെന്ന് ആവർത്തിച്ചാലും ദയാദാക്ഷിണ്യമേതും കൂടാതെ അവർ വലിച്ചു കയറ്റി കൂടെ കൂട്ടും. എന്നിട്ട് പതിയെ ചോദിച്ചു കൊണ്ടേയിരിക്കും. ഓർമയില്ലേയെന്ന്. 
ഓർമകളുടെ ഇടവഴിയിൽ അഞ്ചു വയസ്സുകാരായ ആൺകുട്ടിയും പെൺകുട്ടിയുമിരിക്കുന്നു. കളിച്ചും കലഹിച്ചും പങ്കു വെച്ചും ബാല്യം ആരംഭിച്ചത് അവനോടൊപ്പമായിരുന്നു. ഞങ്ങളുടെ വീടുകളെ വേർതിരിച്ചിരുന്നത്, മറ്റൊരാളുടെ വേലി കെട്ടാത്ത ഒഴിഞ്ഞ സ്ഥലമായിരുന്നു. ഒന്നിച്ചു കളിക്കാനായി, ശരവേഗത്തിൽ അതിലൂടെ എത്ര വട്ടം ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടേയിരുന്നു.
അവന്റെ ഉമ്മയുടെ വീടായിരുന്നു അത്. ഞാൻ അങ്ങേലമ്മച്ചി എന്നു വിളിച്ച അവന്റെ ഉമ്മുമ്മയുടെ വീട്. ആ വീട്ടിലാണ് അവൻ വളർന്നത്. അവരുടെ വീടിനു മുമ്പിലെ പഞ്ചാര മാവിൽ കട്ടിയുള്ള മുല്ലവള്ളികൾ പടർന്നുകയറിയിരുന്നു. 
പവിഴം പോൽ മണ്ണോട് ചേർന്നു കിടക്കുന്ന മുല്ലപ്പൂക്കൾ പെറുക്കാനും നേർത്ത തെങ്ങോലനാരിൽ കോർത്തു കുഞ്ഞിത്തലയിൽ ഹെയർ ബാൻഡ് പോലെ ചൂടിക്കാനും അവനു ഉത്സാഹമായിരുന്നു. ഞങ്ങൾക്കിടയിൽ മത്സര ബുദ്ധിയില്ലാത്ത ഒരേയൊരു കാര്യവും അതായിരുന്നു.അന്നൊരിക്കൽ കുട്ടിയും കോലും കളിച്ചപ്പോൾ, അറിയാതെ അവനെന്റെ നെറ്റിയിൽ കോലു കൊണ്ടൊന്നു കോറി. വലിയ വായിൽ കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.. 
ന്റെമ്മനോട് ഞാൻ പറഞ്ഞു കൊടുക്കും..
ഇനി ഞാൻ കാളിക്കാനൂല്യ.  
ഉമ്മനോട് പറയല്ലേ ട്ടോ..
ഇല്ല.. ഞാമ്പറയും. 
ഞാൻ വിട്ടില്ല. 
'ഞാൻ സ്വർഗം തരാ..?അപ്പോ പറയോ?
'സ്വർഗം തരുവോ..? 
ന്നാൽ ഞാമ്പറയൂല.
ഇത് കേട്ടതും അവൻ അടുക്കളയിലേക്കു ഓടിപ്പോയി. പത്തായത്തിന്റെ മേലെ ന്യൂസ് പേപ്പറിൽ നിരത്തി വെച്ചിട്ടുള്ളതിൽ നിന്നും നല്ലൊരു ചുക ചുകപ്പൻ തക്കാളിയുമായി തിരിച്ചു വന്നു.
'ന്നാ... സ്വർശം..
ഇനി പറയൂലല്ലോ ല്ലേ?
തക്കാളി കൊതിച്ചിയായിരുന്ന ഞാൻ തക്കാളിയെ വിളിക്കുന്ന പേരായിരുന്നു സ്വർഗം. കൊതിയോടെ പഴുത്ത തക്കാളി വലിച്ചു കുടിച്ചു, തല ഇടവും വലവും ഇളക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
ഇല്ല, ഞാമ്പറയൂല.
അവന്റെ ആ കണ്ണുകളിൽ അപ്പോഴുണ്ടായിരുന്ന തിളക്കം ഇപ്പോഴും മുന്നിലുണ്ട്. 
സ്‌കൂൾ കാലത്തും ഞങ്ങളുടെ സൗഹൃദത്തിൽ നറുതേൻ ബാക്കിയുണ്ടായിരുന്നു. എങ്കിലും പഠന കാര്യങ്ങളിൽ ഞങ്ങൾ മത്സരിച്ചുകൊണ്ടേയിരുന്നു. പതിയെ പതിയെ വാക്കുകളും സംസാരങ്ങളും കുറഞ്ഞുവന്നു. പെൺസുഹൃത്തുക്കൾക്കൊപ്പമായി എന്റെ സമയങ്ങൾ. പൊതുവെ സുഹൃത്തുക്കൾ കുറവായിരുന്ന അവൻ, വിടർന്ന കണ്ണുകളോടെ, എന്നെ നഷ്ടപ്പെടുന്നത് നോക്കിയിരിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. 
ഹൈസ്‌കൂൾ കാലമായപ്പോഴേക്കും ഞങ്ങളുടെ സൗഹൃദം മരണം പൂകിയിരുന്നു. ഉത്തരക്കടലാസിലെ മാർക്കുകൾ അറിയാൻ മാത്രമായിരുന്നു പിന്നെ സംസാരം. അത്ഭുതമെന്നു പറയട്ടെ, ഞങ്ങളുടെ മത്സര ബുദ്ധിക്ക് അന്നും ജീവനുണ്ടായിരുന്നു, സൗഹൃദം ചത്തു മണ്ണടിഞ്ഞിട്ടും!
അന്നത്തെ, പത്താം തരത്തിലെ പരീക്ഷാകാലം. 
മാത്സര്യം അതിന്റെ ഉച്ചസ്ഥായിയിൽ. പരസ്പരം അറിവുകൾ പങ്കു വെക്കാതെ, മിണ്ടാതെ, വീറോടെ, വാശിയോടെ ഞങ്ങൾ പഠിച്ചു. രണ്ടാമതാകുമോയെന്ന ഭീതി ഞങ്ങളുടെ കണ്ണുകളിൽ കാണാമായിരുന്നു. അവസാനം, ചുരുങ്ങിയ മാർക്കുകൾക്ക് അവൻ രണ്ടാമനായെന്നറിഞ്ഞപ്പോഴായിരുന്നു വിജയം എനിക്കാഘോഷിക്കാനായതു പോലും. സ്വന്തം വിജയത്തേക്കാളും അവന്റെ പരാജയമായിരുന്നു എന്നെ ത്രസിപ്പിച്ചിരുന്നത്. വലിയ കണ്ണുകളുള്ള, നിറഞ്ഞ ചിരിയുള്ള ആ കൂട്ടുകാരൻ അപ്പോഴേക്കും എതിരാളിയായി മാറിക്കഴിഞ്ഞിരുന്നു. മനോഹരമായിരുന്ന ഞങ്ങളുടെ കുഞ്ഞു ബാല്യം ഞങ്ങൾ പാടെ മറന്നു. ഓർമിപ്പിക്കാൻ ആരുമുണ്ടായതുമില്ല. 
പഠനത്തിന്റെയും ജീവിതത്തിന്റെയും തിരക്കുകൾക്കിടയിൽ ഞങ്ങൾ പരസ്പരം മറന്നു. പുതിയ താമസ സ്ഥലത്തേക്ക് മാറിയതോടെ എത്തി നോക്കാൻ പോലും കഴിയാത്തത്ര അകലത്തിലായി ഞങ്ങൾ.
പ്രവാസ ജീവിതത്തിന്റെ തിരക്കുകളിലേക്കും ശൈലികളിലേക്കും ജീവിതം പറിച്ചെറിയപ്പെട്ടു. ഗൃഹാതുരത്വമുണരുമ്പോൾ, നല്ലൊരു മഴ കാണുമ്പോൾ, കുട്ടിക്കാലമോർക്കുമ്പോൾ, വിടർന്ന കുസൃതി നിറഞ്ഞ കണ്ണുകൾ കാണുമ്പോഴെല്ലാം ഞാനവനെ ഓർത്തിരുന്നു. ഒരിക്കലും അവനെ കാണാനോ, വീണ്ടും അറിയാനോ ശ്രമിച്ചില്ല.
വയനാട്ടിൽ അവൻ എഞ്ചിനീയറിങിനു പഠിക്കുന്ന കാര്യമറിഞ്ഞപ്പോൾ സന്തോഷിച്ചു. കണക്കിൽ എന്നും അസാമാന്യ മികവു കാണിച്ചിരുന്ന അവൻ നല്ലൊരു ജീവിതം കെട്ടിപ്പടുക്കുമെന്ന് കണക്കുകൂട്ടി. 
ആ കണക്ക് പക്ഷേ ശരിയായില്ല. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവനെ പറ്റിയാണ് പിന്നീട് കേട്ടത്. അകാല നര കടന്നാക്രമിച്ച അവന്റെ മുടിയെയും സദാ ചുണ്ടിലെരിഞ്ഞമരുന്ന സിഗരറ്റിനെ പറ്റിയും കേട്ടു. ഒരു മുറിയുടെ കോണിലേക്കു ഒതുങ്ങിക്കൂടിയ അവന്റെ പെട്ടെന്നുള്ള മാറ്റത്തെയും അവനെ പിടികൂടിയ മൗനത്തെയും ഞെട്ടലോടു കൂടിയേ എനിക്കു കേൾക്കാനായുള്ളൂ.
അതിന്റെ കാരണമായി ആൾക്കാർ പറഞ്ഞു പരത്തിയ കഥകളിലൊന്നു പോലും വിശ്വസിക്കാൻ എന്റെ മനസ്സ് കൂട്ടാക്കിയില്ല. അവനെന്നുമെന്റെ മനസ്സിൽ കൊച്ചുകുട്ടിയായിരുന്നു.  ഞെരിയാണി മറയാത്ത നീല പാന്റ്‌സും, ഓവർ സൈസിലുള്ള ചന്ദന നിറത്തിലുള്ള ഷർട്ടുമിട്ട്, ഇടത്തേ കൈയിൽ പുസ്തകക്കെട്ട് ചുരുട്ടിപ്പിടിച്ച്, വിടർന്ന കണ്ണുകളുമായി ചിരി തൂകുന്നവൻ. കേട്ടതെല്ലാം ഞാൻ പുഛിച്ചു തള്ളി, കൂടെ അവനെയും മറവിയുടെ കരിമ്പടത്തിനുള്ളിൽ പുതപ്പിച്ചുറക്കി. നാട്ടിലെത്തിയപ്പോഴും അവനെ കാണാൻ ശ്രമിച്ചില്ല.
ഒരു സന്ധ്യാനേരത്ത് ഓർമകളും മറവികളും ചുറ്റിപ്പിണഞ്ഞ മനസ്സുമായി ഇരിക്കുമ്പോഴായിരുന്നു മെസേജ് വന്നത്. 
കുഞ്ഞുമോൻ മരിച്ചു.  
എനിക്കറിയാവുന്ന ഒരേയൊരു കുഞ്ഞുമോൻ അവനായിരുന്നിട്ടും ഞാൻ ചോദിച്ചു,
ഏതു കുഞ്ഞുമോൻ?
അങ്ങേലെമ്മച്ചിയുടെ കുഞ്ഞുമോൻ, ആത്മഹത്യ ആയിരുന്നു.. 
അവനീ ലോകം വിട്ടുപോയെന്ന്...
അവൻ സ്വയം മടങ്ങിയെന്ന്
എത്ര തവണ ആ സന്ദേശം വീണ്ടും വീണ്ടും വായിച്ചെന്നറിയില്ല..  
ഓരോരോ അക്ഷരങ്ങളും വേർതിരിച്ചെടുത്തു വായിച്ചു, എനിക്കെന്തോ തെറ്റു പറ്റുന്നുണ്ടല്ലോ വായിക്കുമ്പോൾ എന്നോർത്തു.
പലപ്പോഴും കണ്ണുനീർ കൊണ്ടു കാഴ്ച മങ്ങി.... 
ശ്വാസം തിങ്ങി... 
ശരീരം വിയർത്തു..
ഹൃദയം ഭയപ്പാടോടെ പെരുമ്പറ കൊട്ടി...
സത്യമാവരുതേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. പക്ഷേ, സത്യമായിരുന്നു, ഒരു മുഴം കയറിൽ ഈ ഭൂമിയുമായുള്ള കരാർ അവൻ എന്നെന്നേക്കുമായി അവസാനിപ്പിച്ചിരുന്നു.ആർക്കോ വേണ്ടി കരയുമ്പോഴാണ് നാം നല്ലൊരു മനുഷ്യനാവുക. അവനെയും ഓർത്ത് ആ രാത്രി മുഴുവൻ നെഞ്ച് വിങ്ങുന്ന വേദനയോടെ വിതുമ്പിക്കൊണ്ട് ഞാൻ കഴിച്ചുകൂട്ടി. പൊടിയും കരിയും പിടിച്ചുകിടന്നിരുന്ന പല ഓർമകളും എനിക്കു മുമ്പിൽ നിറഞ്ഞാടിക്കൊണ്ടേയിരുന്നു. അവന്റെ ആദ്യത്തെ മത്സരം എന്നോടായിരുന്നല്ലോ. ഒരു പക്ഷേ, ജീവിതം എന്ന മത്സരത്തിനു മുമ്പിൽ തോറ്റു പോയാലോ എന്നു ഭയന്നാവും സ്വയം ജീവിതമവസാനിപ്പിച്ച് അവൻ മടങ്ങിയത്.  
ആ അവധിക്കാലത്ത് അവന്റെ ഉമ്മയെ കണ്ടു. എത്രയോ വട്ടം ഞങ്ങൾ ഓടിക്കളിച്ച ആ മുറി. അവൻ മരണത്തെ കുരുക്കിട്ട് പിടിച്ച ആ മുറി. അതൊന്നു കാണണമായിരുന്നു എനിക്ക്.
മരണത്തിനു പിന്നിലെ പൊടിപ്പും തൊങ്ങലും വെച്ച കഥകൾ കേൾക്കാനിരുന്നില്ല. 
'അതേയ്.. ഇത്ര സ്‌നേഹം എന്നോട് ഉണ്ടായിരുന്നിട്ടും നീ എന്നെ വന്നൊന്നു കാണുക പോലും ചെയ്തില്ലല്ലോ എന്നൊരു വാചകം എവിടെനിന്നോ മുഴങ്ങുന്നതായി തോന്നി. 
ഓർമയുടെ തോണിയിലേറി, ആ പുഴക്കരയിൽനിന്നാണവൻ വിളിച്ചുചോദിക്കുന്നത്. ഇത്രമേൽ സ്‌നേഹമുണ്ടായിട്ടും നീ എന്നെയൊന്ന് കാണുക പോലും ചെയ്തില്ലല്ലോ. ഞാൻ നോക്കിനോക്കിയിരിക്കേ ആ തോണിയിൽ തന്നെ അവൻ തിരിച്ചുപോകുന്നു. പുഴയിലെ കുഞ്ഞോളങ്ങളിൽ ഓർമയുടെ തിരയിളക്കി അവൻ തുഴഞ്ഞുപോയി.

 

 

Latest News