Sorry, you need to enable JavaScript to visit this website.

കലങ്ങിമറിയുന്ന മലബാർ രാഷ്ട്രീയം

ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട തർക്കങ്ങളും വിവാദങ്ങളും കേരളത്തിലെ വിശ്വാസി സമൂഹത്തെയും രാഷ്ട്രീയ സമൂഹത്തെയും കലക്കിമറിക്കുമ്പോൾ മലബാറിൽ ഇതു സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുകയാണ്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ അറസ്റ്റും ജയിൽ വാസവും മലബാർ രാഷ്ട്രീയത്തിൽ ചില തിരുത്തിയെഴുത്തുകൾക്ക് വഴിവെക്കുമെന്ന നിരീക്ഷണം ശക്തിപ്പെടുന്നുണ്ട്. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് വലിയ നേതാവാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ഉത്തര മലബാറിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു. 
ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുന്നത് പ്രതിരോധിക്കേണ്ടത് യഥാർത്ഥത്തിൽ ഇടതുപക്ഷത്തിന്റെ അജണ്ടയാണ്. എന്നാൽ മലബാറിലെ സി.പി.എമ്മിലാവട്ടെ, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങൾ പുകയുകയാണ്. പാലക്കാട്ടെ സി.പി.എം നേതാവ് പി.കെ. ശശിക്കെതിരായ ലൈംഗികാതിക്രമ വിവാദം കൂടി ഉയർന്നതോടെ മലബാറിലെ പാർട്ടി നേതാക്കളെല്ലാം പ്രതിരോധത്തിലാണ്. ബി.ജെ.പിയുടെ വളർച്ച തടയാൻ മുന്നിട്ടിറങ്ങാറുള്ള മുസ്‌ലിം ലീഗാകട്ടെ, കെ.എം.ഷാജിയുടെ നഷ്ടപ്പെട്ട എം.എൽ.എ സ്ഥാനത്തെ കുറിച്ച് വ്യാകുലപ്പെട്ടിരിക്കുന്നു. മന്ത്രി കെ.ടി.ജലീലിനെതിരായ പ്രക്ഷോഭം എങ്ങുമെത്താത്തതിന്റെ ജാള്യവും ലീഗിനുണ്ട്. ശബരിമലയുടെ പേരിൽ ബി.ജെ.പി ഗോളടിച്ചുകൊണ്ടിരിക്കുമ്പോൾ പാർട്ടി നേരിടുന്ന പ്രശ്‌നങ്ങളിൽ കിടന്നുഴലുകയാണ് സി.പി.എമ്മും മുസ്‌ലിം ലീഗും. കോൺഗ്രസാകട്ടെ, കലക്കവെള്ളത്തിൽ മീൻ പിടിക്കാനായുള്ള കാത്തിരിപ്പിലാണ്. 
ശബരിമല പ്രശ്‌നത്തിൽ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ സി.പി.എമ്മിനുള്ളിൽ തന്നെ രണ്ടഭിപ്രായമുണ്ട്. കാസർകോട് ലോക്‌സഭാ മണ്ഡലത്തിലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലും തെരഞ്ഞുടുപ്പുകളിൽ ഇരുമുന്നണികൾക്കും കടുത്ത വെല്ലുവിളിയായി നിൽക്കാറുള്ള സുരേന്ദ്രന് ആവശ്യമില്ലാത്ത മാധ്യമ ശ്രദ്ധ നൽകി വളർത്താനാണ് സർക്കാറും പോലീസും ശ്രമിക്കുന്നതെന്നാണ് സി.പി.എമ്മിനുള്ളിൽ നിന്നു തന്നെ ഉയരുന്ന പ്രധാന ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സുരേന്ദ്രൻ തോറ്റത് വെറും 89 വോട്ടുകൾക്കാണ്. കാസർകോട് ജില്ലയിൽ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന നേതാവാണ് സുരേന്ദ്രൻ. ഇത്തരത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ സുരേന്ദ്രനെ 'ഹീറോ' ആക്കുകയാണ് സർക്കാർ ചെയ്തതെന്ന കുറ്റപ്പെടുത്തലുകൾ പാർട്ടി വേദികളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും നിറയുന്നു. സുരേന്ദ്രന് ചുളുവിൽ കിട്ടിയ ഈ പ്രശസ്തിയെ രാഷ്ട്രീയ ഗോദയിൽ പ്രതിരോധിക്കുകയെന്ന വെല്ലുവിളി ഇപ്പോൾ മലബാറിലെ സി.പി.എം നേതാക്കൾക്ക് മുന്നിലുണ്ട്.
പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവും എം.എൽ.എയുമായ പി.കെ.ശശിക്കെതിരെ ഉയർന്ന ആരോപണവും തുടർന്ന് അദ്ദേഹത്തിനെതിരെയുണ്ടായ പാർട്ടി നടപടിയും സി.പി.എമ്മിന്റെ രാഷ്ട്രീയാരോഗ്യത്തെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. ശശിക്കെതിരെ പാർട്ടിയിലെ യുവ വനിതാ നേതാവ് ഉന്നയിച്ച ലൈംഗികാരോപണം ആദ്യ ഘട്ടത്തിൽ ഗൗനിക്കാതെ വിട്ടത് പാർട്ടി നേതൃത്വത്തെ കടുത്ത വിമർശനത്തിനിരയാക്കിയിരിക്കുന്നു. സ്ത്രീകളുടെ സുരക്ഷക്കും അഭിമാനത്തിനും വേണ്ടി നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിച്ച പാർട്ടിയിലെ ശക്തനായ നേതാവിനെതിരെ തന്നെ സ്ത്രീ പീഡനത്തിന്റെ ആരോപണം ഉയർന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. മാത്രമല്ല, ശശിയുമായി പാർട്ടിയിലെ മുതളർന്ന നേതാക്കൾക്കുള്ള ബന്ധവും നടപടി വൈകുന്നതിന് കാരണമായി. എന്നാൽ സാധാരണക്കാരായ പാർട്ടി അംഗങ്ങൾ ഇതൊന്നും അംഗീകരിച്ചു കൊടുക്കുന്നവരല്ല. ചോദ്യം ചെയ്യേണ്ട കാര്യങ്ങൾ ചോദ്യം ചെയ്യുകയും നടപടിക്ക് നേതൃത്വത്തെ നിർബന്ധിതരാക്കുകയും ചെയ്യുന്ന ഉൾപാർട്ടി ജനാധിപത്യം ശക്തമായി തന്നെ നിലനിൽക്കുന്ന പാർട്ടിയാണ് സി.പി.എം. ഉരുക്കുമുഷ്ടി കൊണ്ട് പാർട്ടി അംഗങ്ങളുടെ അഭിപ്രായങ്ങളെ അടിച്ചൊതുക്കാൻ നേതൃത്വത്തിന് കഴിയില്ല എന്നതിന്റെ തെളിവാണ് ശശിയെ സസ്‌പെന്റ് ചെയ്യാൻ എടുത്ത തീരുമാനം. ശശിക്കെതിരായ നടപടി നേതൃത്വത്തിന്റെ മുഖം രക്ഷിക്കുന്നതാണെങ്കിലും ഈ വിഷയത്തിൽ മറ്റു പാർട്ടികളിൽ നിന്നുള്ള വിമർശനങ്ങളെ സി.പി.എം നേരിടാനിരിക്കുന്നതേയുള്ളൂ. സി.പി.എമ്മിലെ സദാചാര ബോധത്തെ വിചാരണ ചെയ്യാൻ തയ്യാറെടുക്കുകയാണ് മറ്റു പാർട്ടികൾ. സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെതിരായ നടപടി സസ്‌പെൻഷനിലൊതുക്കിയതും എതിരാളികൾക്ക് പ്രചാരണ വിഷയമാകും.
മലബാറിലെ പ്രധാന രാഷ്ട്രീയ ശക്തിയായ മുസ്‌ലിം ലീഗും പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മന്ത്രി കെ.ടി.ജലീൽ നടത്തിയ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയമായി മുതലെടുക്കാനാകാത്തതിന്റെ നിരാശ ലീഗിനുണ്ട്. നേതൃത്വത്തിന്റെ കഴിവു കേടായി ഇത് പാർട്ടിക്കുള്ളിൽ തന്നെ വിമർശിക്കപ്പെടുന്നുമുണ്ട്. യൂത്ത് ലീഗ് ഉയർത്തിക്കൊണ്ടു വന്ന പ്രക്ഷോഭത്തെ വേണ്ട രീതിയിൽ ഏറ്റെടുക്കാൻ മുസ്‌ലിം ലീഗിന് കഴിഞ്ഞില്ല എന്നതാണ് അണികളുടെ വിമർശനം. മുസ്‌ലിം ലീഗിൽ തന്നെ ചില പ്രമുഖ നേതാക്കൾ ഇക്കാര്യത്തിൽ മൗനം പാലിച്ചത് കെ.ടി.ജലീലിന് ഗുണമായി എന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. മന്ത്രി കെ.ടി.ജലീൽ നടത്തിയ നിയമനത്തിന് പുറമെ സംസ്ഥാന ന്യൂനപക്ഷ കോർപറേഷനിൽ മറ്റു പല വഴിവിട്ട നിയമനങ്ങളും നടന്നതായുള്ള ആരോപണവും മുസ്‌ലിം ലീഗ് ഉയർത്തിക്കൊണ്ടു വന്നിരുന്നു. എന്നാൽ ഈ വിഷയങ്ങളെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ സഹകരണം ലഭിച്ചില്ലെന്ന പരാതി ലീഗ് നേതൃത്വത്തിനുണ്ട്. മലബാറിൽ ഉയർത്തിക്കൊണ്ടു വന്ന ഒരു വിഷയം തെക്കൻ കേരളത്തിൽ ഏറ്റെടുക്കാൻ കോൺഗ്രസുണ്ടായില്ല. ഇരു പാർട്ടികളും ഒരേ മുന്നണിയിലാണെങ്കിലും ഒരേ മനസ്സോടെയല്ല പ്രവർത്തിക്കുന്നത് എന്നാണ് ഇത് തെളിയിക്കുന്നത്. മലബാറിന് അപ്പുറത്തേക്ക് ഒറ്റക്കൊരു പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരാൻ മുസ്‌ലിം ലീഗിന് കഴിയുന്നില്ലെന്ന സത്യവും ഇതിൽ തെളിയുന്നു.
ലീഗിലെ തീപ്പൊരി പ്രസംഗകൻ കെ.എം.ഷാജിക്കെതിരെയുണ്ടായ കോടതി വിധിയാണ് പാർട്ടി നേതൃത്വത്തെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ച ഷാജി ഇപ്പോൾ നിയമസഭാംഗമല്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വർഗീയമായ രീതിയിലൂടെ വോട്ട് നേടാൻ ഷാജി ശ്രമിച്ചെന്നാരോപിച്ച് എതിരാളിയായി മൽസരിച്ച എം.വി.നികേഷ് കുമാർ നൽകിയ പരാതിയിലാണ് കോടതിയിൽ നിന്ന് ഷാജിക്ക് തിരിച്ചടിയുണ്ടായത്. 
മാസങ്ങളായി കോടതിയിൽ നിലനിൽക്കുന്ന കേസിൽ ഷാജിയും പാർട്ടിയും വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നതാണ് തിരിച്ചടിക്ക് കാരണമെന്നാണ് പാർട്ടി പ്രവർത്തകരുടെ കുറ്റപ്പെടുത്തൽ. നല്ല രീതിയിൽ കോടതിയിൽ വാദിച്ചാൽ ഷാജിക്കെതിരായ ഹരജി തള്ളിപ്പോകുമായിരുന്നുവെന്ന് ലീഗിലെ നിയമവിദഗ്ധരും പറയുന്നു. എന്തായാലും കോടതിയിൽ നികേഷ് കുമാർ വിജയിച്ചു. നികേഷിന്റെ വിജയം ഇപ്പോൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നത് സി.പി.എം ആണ്. ഷാജി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ നിയമം പെട്ടെന്ന് നടപ്പാക്കാൻ സ്പീക്കറും മുന്നോട്ടു വന്നു. കുറച്ചു നാളത്തേക്കെങ്കിലും ഷാജിയെ നിയമസഭയിൽ കയറ്റാതിരിക്കാൻ സി.പി.എം ശ്രമം തുടർന്നുകൊണ്ടേയിരിക്കും. സുപ്രീം കോടതി മാത്രമാണ് ഇപ്പോൾ ഷാജിക്കും ലീഗിനുമുള്ള പ്രതീക്ഷ.
മുസ്‌ലിം ലീഗിന്റെ കോട്ടയായ മലപ്പുറത്ത് യൂത്ത് ലീഗ് നേതാവിനെതിരെ ഉയർന്നു വന്നിട്ടുള്ള ലൈംഗിക പീഡനക്കേസും ഇപ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ നേതാവ് താൻ പഠിപ്പിക്കുന്ന വിദ്യാലയത്തിലെ 19 വിദ്യാർഥിനികൾക്കെതിരെ ലൈംഗാകാതിക്രമം കാണിച്ചെന്ന പരാതി ഇപ്പോൾ സി.പി.എം പ്രവർത്തകർക്ക് രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമായിരിക്കുകയാണ്. പരാതിയെ തുടർന്ന് അധ്യാപകൻ സസ്‌പെൻഷനിലാണ്. ഇയാൾക്കെതിരെ പോലീസ് പോക്‌സോ ചുമത്തി കേസെടുത്തിട്ടുമുണ്ട്. കെ.ടി.ജലീൽ വിഷയത്തിൽ പ്രക്ഷോഭ രംഗത്തിറങ്ങിയ യൂത്ത് ലീഗ് പ്രവർത്തകർക്ക് സ്വന്തം നേതാവിനെതിരെയുള്ള പുതിയ കേസ് തിരിച്ചടിയായിട്ടുണ്ട്.
മലബാറിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ കോൺഗ്രസ് ഗാലറിയിലിരുന്ന് കളി കാണുകയാണിപ്പോൾ. ബി.ജെ.പി നടത്തുന്ന സമരങ്ങൾ ഭാവിയിൽ തങ്ങൾക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് മേഖലയിലെ കോൺഗ്രസ് നേതൃത്വം. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന് വിശ്വസിപ്പിക്കാൻ പാർട്ടി പാടുപെടുന്നുണ്ട്. അതേ സമയം, സി.പി.എമ്മും ബി.ജെ.പിയും ശബരിമലയെ ചൊല്ലി നടത്തുന്ന ബലാബലത്തിൽ രാഷ്ട്രീയ ലാഭം തങ്ങൾക്കാകുമെന്ന് കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുകയും ചെയ്യുന്നു.
 ഇടതു സർക്കാരിന്റെ പോലീസ് രാജിനെയും ബി.ജെ.പിയുടെ വർഗീയ നിലപാടുകളെയും എതിർക്കുന്ന സമാധാന പ്രേമികൾ വോട്ടുകളുമായി തങ്ങളുടെ പെട്ടിയിലേക്ക് ഓടിവരുമെന്ന് സ്വപ്‌നം കാണുന്നവരാണവർ.  മാത്രമല്ല, ഇപ്പോൾ അവർക്ക് തമ്മിൽ പോരടിക്കാൻ പാർട്ടിക്കുള്ളിൽ വിഷയങ്ങളുമില്ല. വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ മലബാറിലെ കോൺഗ്രസിൽ ഈ സമാധാനാന്തരീക്ഷവും കാത്തിരിപ്പും തുടരും.

Latest News