പത്തനംതിട്ട- നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശബരിമല ഉള്‍പ്പെട്ട റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടു. സന്നിധാനത്ത് അറസ്റ്റിലായ മറ്റു 68 പേര്‍ക്കും ഇതേ ഉപാധികളോടെ പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തരും 40,000 രൂപ കെട്ടിവയ്ക്കണം.
അതേസമയം കണ്ണൂരില്‍ പോലീസിനെ തടഞ്ഞ കേസില്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനാകുമോ എന്നതു സംബന്ധിച്ച് വ്യക്തത ഇല്ല. ഈ കേസില്‍ ഇതുവരെ ഹാജരാകാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂര്‍ പോലീസ് ഈ വാറണ്ട് കൊട്ടാരക്കര സബ് ജയിലില്‍ എത്തിച്ചു. കണ്ണൂരില്‍ ബി.ജെ.പി നടത്തിയ മാര്‍ച്ചിനിടെയാണ് ഡിവൈഎസ്പിയെയും സിഐയെയും സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്.