Sorry, you need to enable JavaScript to visit this website.

സ്വതന്ത്ര എം.എൽ.എമാരുണ്ടാക്കുന്ന പൊല്ലാപ്പുകൾ


സ്വതന്ത്രന്മാരെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ 
രാഷ്ട്രീമായി വിജയിച്ചെങ്കിലും സ്വതന്ത്ര എം.എൽ.എമാർക്കെതിരെ ഉയരുന്ന ആരോപണങ്ങളെ എങ്ങനെ നേരിടുമെന്ന പ്രതിസന്ധിയിലാണ് ഇടതു നേതൃത്വം ഇപ്പോൾ. ആരോപണങ്ങളെ അതിജീവിക്കാൻ അവർ തന്നെ ശ്രമിക്കട്ടെ എന്ന നിലപാടാണ് മുന്നണി നേതൃത്വം സ്വീകരിക്കുന്നത്. മാത്രമല്ല, സ്വതന്ത്ര പരീക്ഷണം ദീർഘകാലം നിലനിൽക്കില്ലെന്ന പാഠവും 
ഇടതുമുന്നണിക്ക് മുന്നിലുണ്ട്. താൽക്കാലിക 
വിജയം മാത്രമേ മുന്നണി ഈ പരീക്ഷണത്തിൽ 
നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ. 
ശബരിമലയിലെ കോലാഹലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മനഃപൂർവമുണ്ടാക്കുന്നതാണെന്നാണ് മുസ്‌ലിം ലീഗ് സംശയിക്കുന്നത്. വിശ്വാസത്തെ തകർക്കുന്നതിനോ ബി.ജെ.പിയെയും ആർ.എസ്.എസിനെയും വെല്ലുവിളിക്കുന്നതിനോ വേണ്ടിയല്ല പിണറായി വിജയൻ ഇങ്ങിനെയൊക്കെ ചെയ്യുന്നത് എന്നും ലീഗുകാർ വിശ്വസിക്കുന്നു. 
സർക്കാറിനെതിരെയും ഇടതുപക്ഷ എം.എൽ.എമാർക്കെതിരെയും ഉയർന്നു വരുന്ന ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള മുഖ്യമന്ത്രിയുടെ അടവാണ് ഇതെന്നാണ് അവരുടെ നിരീക്ഷണം. മന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും ശബരിമല കോലാഹങ്ങൾക്കിടയിൽ അലിഞ്ഞു പോകുന്നത് കണ്ടുള്ള വിഷമം കൊണ്ടാണ് ലീഗിന് ഇത്തരം സംശയങ്ങൾ ഉയരുന്നത്. യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ. ഫിറോസ് ഏറെ പണിപ്പെട്ട് തെളിവുകളും കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തി വളർത്തിക്കൊണ്ടു വന്ന ഒരു വിവാദം എങ്ങുമെത്താതെ പോകുകയാണ്. മാധ്യമങ്ങളെല്ലാം ഇപ്പോൾ ശബരിമലക്ക് പിന്നാലെയാണ്. കോൺഗ്രസും താൽപര്യം കാട്ടുന്നില്ല. ജലീൽ വിഷയം ഉയർത്തിക്കാട്ടാൻ ആർക്കും സമയമില്ല. അതുകൊണ്ടു തന്നെ ലീഗിന്റെ പ്രതിഷേധങ്ങളും കെട്ടടങ്ങിത്തുടങ്ങിയിരിക്കുന്നു. മലബാർ രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവുകളുണ്ടാക്കാനാകുമെന്ന പ്രതീക്ഷയാണ് ലീഗിന് ഇതോടെ നഷ്ടപ്പെടുന്നത്.
മലപ്പുറം ജില്ലയിൽ യു.ഡി.എഫ് കുത്തക തകർക്കാൻ വർഷങ്ങൾക്ക് മുമ്പ് ഇടതുപക്ഷം നടത്തിയ രാഷ്ട്രീയ പരീക്ഷണങ്ങൾ വിജയിച്ചെങ്കിലും അതുമൂലം ഇടക്കിടെ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ഇടതുനേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. മന്ത്രിയും തവനൂർ മണ്ഡലത്തിലെ എം.എൽ.എയുമായ ഡോ. കെ.ടി. ജലീൽ, വ്യവസായിയും നിലമ്പൂർ എം.എൽ.എയുമായ പി.വി. അൻവർ എന്നിവർക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പലപ്പോഴും സി.പി.എം നേതാക്കളും മറുപടി പറയേണ്ടി വരുന്നുണ്ട്. രണ്ടു പേരും രാഷ്ട്രീയ പ്രതിയോഗികൾ ഏറെയുള്ളവരാണ്. തവനൂരിൽ കെ.ടി. ജലീൽ തോൽപിച്ചത് കോൺഗ്രസിനെയാണെങ്കിലും അദ്ദേഹത്തിന്റെ മുഖ്യ ശത്രു എപ്പോഴും ലീഗ് തന്നെ. അൻവറിനെതിരായ അരോപണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കോൺഗ്രസ് നേതാക്കളാണ്.
യു.ഡി.എഫിലെ വമ്പൻമാരെ തെരഞ്ഞെടുപ്പിൽ മുട്ടുകുത്തിക്കാൻ ഇടതുപക്ഷം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് സ്വതന്ത്രൻമാരെ വെച്ചുള്ള പരീക്ഷണം ആരംഭിച്ചത്. മങ്കട മണ്ഡലത്തിൽ മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവ് കെ.പി.എ. മജീദിനെതിരെ മഞ്ഞളാകുഴി അലി എന്ന വ്യവസായിയെ ഇറക്കി തെരഞ്ഞെടുപ്പ് വിജയം നേടിയെടുത്തത് മലപ്പുറത്തെ മണ്ണിൽ ഈ പരീക്ഷണം വിജയിക്കുമെന്നാണ് തെളിയിച്ചത്. മഞ്ഞളാംകുഴി അലി വെട്ടിയ വഴിയിലൂടെ മറ്റു പല മണ്ഡലങ്ങളിലും ഈ പരീക്ഷണം നടത്തി. 2006 ൽ മുസ്‌ലിം ലീഗ് വിട്ടു പുറത്തു വന്ന കെ.ടി. ജലീലിനെ സ്ഥാനാർഥിയാക്കി കുറ്റിപ്പുറം മണ്ഡലത്തിൽ ലീഗിന്റെ അമരക്കാരൻ പി.കെ. കുഞ്ഞാലിക്കുട്ടിയെ തോൽപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ വ്യവസായിയും പഴയ കോൺഗ്രസുകാരനുമായ വി. അബ്ദുറഹ്മാനെ കൊണ്ടുവന്ന് ലീഗിലെ അബ്ദുറഹ്മാൻ രണ്ടത്താണിയെ തോൽപിച്ചു. നിലമ്പൂരിൽ പി.വി. അൻവറിനെ മൽസരിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ തോൽപിച്ചു. തിരൂരിൽ ജയിക്കാനായില്ലെങ്കിലും എതിരാളികളെ വിറപ്പിക്കാനായി.
ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെ രാജിവെപ്പിക്കാൻ മുസ്‌ലിം ലീഗ് പ്രതിഷേധം ശക്തമാക്കിത്തുടങ്ങിയതായിരുന്നു. പി.കെ. ഫിറോസ് ഓരോ ദിവസവും കൊണ്ടുവന്ന പുതിയ തെളിവുകൾ പ്രതിപക്ഷ നേതാക്കളിലും ആവേശമുണർത്തി. 
എന്നാൽ പ്രക്ഷോഭത്തിന് കോൺഗ്രസിന്റെ പിന്തുണ കുറയുന്നതാണ് പിന്നീട് കണ്ടത്. മന്ത്രി ജലീലിന്റെ രാജിക്കു വേണ്ടിയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ചില കോൺഗ്രസ് നേതാക്കളുടെയും പ്രസ്താവനകൾക്കപ്പുറം ലീഗിനൊപ്പം കൊടിപിടിക്കാൻ കോൺഗ്രസുകാരെ കിട്ടിയില്ല. മാത്രമല്ല, മലബാറിന്റെ ചില ഭാഗങ്ങളിൽ മാത്രമായി ലീഗിന്റെ പ്രതിഷേധം ഒതുങ്ങുകയും ചെയ്തു.
ജലീലിനെതിരായ ആരോപണങ്ങളിൽ ഇടതുപക്ഷം ആദ്യഘട്ടത്തിൽ ആശയക്കുഴപ്പത്തിലായിരുന്നു. പാർട്ടി മെമ്പറല്ലാത്തതിനാൽ ജലീലിനെ പാർട്ടി വേദികളിൽ വിളിച്ച് വിശദീകരണം തേടാൻ കഴിയില്ല. പി.കെ.ശശി എം.എൽ.എക്കെതിരായ ആരോപണങ്ങൾ കെട്ടടങ്ങിയിട്ടില്ലാത്തതിനാൽ ജലീൽ പ്രശ്‌നം പുതിയൊരു തലവേദനയായാണ് ഇടതുപക്ഷം കണ്ടത്. മന്ത്രി ഇ.പി. ജയരാജൻ പിന്തുണയുമായി എത്തിയതാണ് ജലീലിന് ആശ്വാസമായത്. അപ്പോഴും മലപ്പുറം ജില്ലയിലെ ഇടതുമുന്നണി നേതൃത്വവും സി.പി.എം നേതൃത്വവും മൗനം പാലിക്കുകയായിരുന്നു. ജലീലിനെതിരെ മലപ്പുറം ജില്ലയിലെ ഇടതു നേതാക്കൾക്കിടയിൽ അതൃപ്തി നിലനിൽക്കുന്നതായുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ, നേതൃത്വത്തിന്റെ മൗനം ഒട്ടേറെ സംശയങ്ങൾക്കിട നൽകുന്നതായിരുന്നു. മാധ്യമങ്ങൾ ഇക്കാര്യം ചർച്ചയാക്കിയതോടെയാണ് സി.പി.എം ജില്ലാ കമ്മിറ്റി ജലീലിന് പിന്തുണയുമായി പ്രസ്താവനയിറക്കിയത്.
ഇടതുമുന്നണിക്കും സർക്കാറിനും മുഖം രക്ഷിക്കാനായത് മന്ത്രി ജലീലിന്റെ ബന്ധുവായ കെ.ടി. അദീബ് ന്യൂനപക്ഷ ധനകാര്യ കോർപറേഷന്റെ ജനറൽ മാനേജർ സ്ഥാനത്തു നിന്ന് രാജിവെച്ചതോടെയാണ്. എന്നാൽ അദീബിന്റെ രാജികൊണ്ടൊന്നും പിൻമാറില്ലെന്നും മന്ത്രി ജലീലിലാണ് രാജിവെക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സമര രംഗത്തു തുടരുകയാണ്. കേരളത്തിന്റെ ശ്രദ്ധ ശബരിമലയിലേക്ക് തിരിഞ്ഞതോടെ സമരത്തിന് വീര്യം കുറഞ്ഞിരിക്കുന്നു. മന്ത്രി ജലീലിനും സർക്കാറിനും താൽക്കാലികമായെങ്കിലും ആശ്വസിക്കാം.
നിലമ്പൂർ എം.എൽ.എ. പി.വി. അൻവറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇപ്പോൾ കോടതിയിലെത്തി നിൽക്കുകയാണ്. നിലമ്പൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ വർഷങ്ങളായുള്ള ആധിപത്യം തകർത്തെറിഞ്ഞ അൻവറിനെ ഇടതുമുന്നണിക്ക് തള്ളിപ്പറയാനാകില്ല. സി.പി.എമ്മിന്റെ കരുത്തരായ നേതാക്കൾ വരെ മുൻകാലങ്ങളിൽ തോറ്റിടത്താണ് സ്വതന്ത്രനെ മൽസരിപ്പിച്ചുള്ള പരീക്ഷണത്തിലൂടെ അവിടെ ഇടതുമുന്നണി വിജയിച്ചത്. അൻവറിന്റെ സ്വാധീനം അവിടെ മുഖ്യ ഘടകവുമായിരുന്നു. എന്നാൽ അൻവറിനെതിരെ പല വഴികളിലൂടെ ആരോപണങ്ങൾ വന്നതോടെ ഇടതു നേതൃത്വം ആശയക്കുഴപ്പത്തിലാണ്. അൻവറിന്റെ കാര്യത്തിൽ ഇടതുമുന്നണിയിൽ തന്നെ ഭിന്നത നിലനിൽക്കുന്നുമുണ്ട്. നേരത്തെ ഏറനാട് മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി മൽസരിച്ചയാളാണ് അൻവർ. അന്ന് സി.പി.എം അൻവറിനെ പിന്തുണക്കുകയും ചെയ്തു. ഇത് സി.പി.ഐക്ക് കനത്ത തിരിച്ചടിയാണ് ജില്ലയിലുണ്ടാക്കിയത്. അന്ന് അൻവർ ജയിച്ചില്ലെങ്കിലും ഇടതുമുന്നണിയിൽ അൻവറിനെ ചൊല്ലിയുള്ള ഭിന്നത വളർത്താൻ കാരണമായി. വ്യവസായിയായ അൻവറിന്റെ വാട്ടർ തീം പാർക്കിലെ നിയമ ലംഘനം സംബന്ധിച്ച് സർക്കാർ തലത്തിൽ അന്വേഷണം നടന്നു വരികയാണ്. കോടതിയിലും ഇതുസംബന്ധിച്ച കേസുകളുണ്ട്. അൻവറിനെതിരെ സ്വകാര്യ വ്യക്തി നൽകിയ സാമ്പത്തിക വഞ്ചനാ കേസും കോടതിയിലും പോലീസിലുമായി മുന്നോട്ടു പോകുകയാണ്. രണ്ടു കേസുകളും സ്വത്തുമായി ബന്ധപ്പെട്ടതായതിനാൽ അൻവറിനെ പരസ്യമായി പിന്തുണക്കാൻ ഇടതുപക്ഷത്തിന് തടസ്സങ്ങളുണ്ട്. സാമ്പത്തിക ആരോപണങ്ങൾ മുന്നണിക്കെതിരെയും ഉയരുമോ എന്നതാണ് പ്രധാന പേടി.
സ്വതന്ത്രന്മാരെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ രാഷ്ട്രീയമായി വിജയിച്ചെങ്കിലും സ്വതന്ത്ര എം.എൽ.എമാർക്കെതിരെ ഉയരുന്ന ആരോപണങ്ങളെ എങ്ങനെ നേരിടുമെന്ന പ്രതിസന്ധിയിലാണ് ഇടതുനേതൃത്വം ഇപ്പോൾ. ആരോപണങ്ങളെ അതിജീവിക്കാൻ അവർ തന്നെ ശ്രമിക്കട്ടെ എന്ന നിലപാടാണ് മുന്നണി നേതൃത്വം സ്വീകരിക്കുന്നത്. മാത്രമല്ല, സ്വതന്ത്ര പരീക്ഷണം ദീർഘകാലം നിലനിൽക്കില്ലെന്ന പാഠവും ഇടതുമുന്നണിക്ക് മുന്നിലുണ്ട്. താൽക്കാലിക വിജയം മാത്രമേ മുന്നണി ഈ പരീക്ഷണത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ. മുസ്‌ലിം ലീഗിനെ തോൽപിക്കാൻ ഇടതുമുന്നണി മങ്കടയിൽ ഉപയോഗപ്പെടുത്തിയ മഞ്ഞളാംകുഴി അലി ഇന്ന് ലീഗ് എം.എൽ.എയാണ് എന്ന സത്യം അവർക്ക് മുന്നിലുണ്ട്. ഇന്ന് കൂടെയുള്ള സ്വതന്ത്ര എം.എൽ.എമാർ നാളെ എവിടെയാകുമെന്ന് ഇടതു നേതൃത്വത്തിന് പോലും പറയാനാകില്ല. അവർ പോകുമ്പോൾ പുതിയ സ്വതന്ത്രൻമാരെ ഇടതുപക്ഷം അവതരിപ്പിച്ചുകൊണ്ടിരിക്കും. അതിനു പറ്റിയവരെ അവർ കണ്ടെത്തി വെച്ചിട്ടുമുണ്ടാകും. അതാണ് മലബാറിലെ ഇടതു രാഷ്ട്രീയത്തിന്റെ ഒരു മുഖം.

Latest News